ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ വിവിധ വേദികളില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലുമാണ് പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെയും, അവരുടെ തീവ്രവാദം പിന്തുണയ്ക്കുന്ന നിലപാടുകള്‍ക്കെതിരെയും ഇന്ത്യ ആഞ്ഞടിച്ചത്. ‘കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ ഉള്ളതാണ് പാകിസ്താന്റെ ഈ പ്രവര്‍ത്തനം. ഇതില്‍ അതിശയിക്കാനൊന്നുമില്ല.
എങ്കില്‍ പോലും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍, പാകിസ്താന്‍ സ്വയം കണ്ടെത്തുന്ന ചില കാര്യങ്ങളും ഉന്നയിച്ച് കൗണ്‍സിലിന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്. മറ്റുള്ളവര്‍ക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന പാകിസ്താന്‍, സ്വന്തം രാജ്യത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരായ അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും’ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് പാകിസ്താന്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് മനുഷ്യാവകാശ കൗണ്‍സിലില്‍, സ്ഥിരം സമിതിയിലെ ഇന്ത്യയുടെ ആദ്യ സെക്രട്ടറി സെന്തില്‍ കുമാര്‍ പറഞ്ഞു. മനുഷ്യാവകാശ കൗണ്‍സിലിന്റെ 45ാം സെഷനിലായിരുന്നു പാകിസ്താന്റെ നിലപാടുകളിലെ പൊള്ളത്തരം ഇന്ത്യ തുറന്ന് കാട്ടിയത്.പാകിസ്താനെന്നാല്‍ ആഗോള തലത്തിലെ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയില്‍, ഇന്ത്യയുടെ സ്ഥിരം സമിതി സെക്രട്ടറി വിദിഷ മൈത്രി പറഞ്ഞു.
തീവ്രവാദികളെ പരിശീലിപ്പിച്ച് അവരെ രക്തസാക്ഷികളായി കാണുന്ന രാജ്യമാണ് പാകിസ്താന്‍. വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളെ അവര്‍ നിരന്തരമായി പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണ്, വിദിഷ മൈത്രി പറഞ്ഞു. ‘ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ ജമ്മുകശ്മീരിനെക്കുറിച്ച് പാകിസ്താന്‍ നടത്തിയ നീച പരാമര്‍ശം ഞങ്ങള്‍ തള്ളിക്കളയുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് പാകിസ്താന്‍ പ്രതിനിധി കെട്ടിച്ചമച്ച വിവരണങ്ങളാണ് പറയുന്നത്.
യുഎന്നിന്റെ അജണ്ടയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കാര്യമുണ്ടെങ്കില്‍ അത് ഭീകരതയെ ഉന്മൂലനം ചെയ്യുക എന്നതാണെന്നും’ വിദിഷ മൈത്രി പറഞ്ഞു.അതേസമയം പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ വേല്‍ഡ് ഫോറം, യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഇടപെടല്‍ തേടിയിട്ടുണ്ട്.
പാകിസ്താന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെന്ന് സെക്യൂരിറ്റി കൗണ്‍സിലിനോട് ഐ.ഡബ്ല്യു.എഫ് ആവശ്യപ്പെട്ടു. പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ വളരെയധികം പീഡിപ്പിക്കപ്പെടുന്നുണ്ട്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ മുതല്‍ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഏറെ ആശങ്കാജനകമാണെന്നും ഐ.ഡബ്ല്യു.എഫ് വ്യക്തമാക്കി.
Post Your Comments