കോഴിക്കോട്: യുവതിക്ക് ഫ്ലാറ്റെടുത്ത് നല്കി നിത്യസന്ദര്‍ശനം നടത്തുന്നു എന്നാരോപിച്ച് സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി പൊലീസ് അസോസിയേഷന്. സസ്പെന്ഷന് ഓര്‍ഡറില്‍ പെണ്‍കുട്ടിയുടെ പേര് മോശമായി പരാമര്‍ശിച്ചത് പൊതു ജനമധ്യത്തില്‍ പൊലീസിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍.
അതേസമയം മൊഴി തിരുത്തിയെന്നതടക്കം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് പെണ്‍കുട്ടി ഉന്നയിക്കുന്നത്. കോഴിക്കോട് സിറ്റി കണ്ട്രോള് റൂമിലെ സിപിഒ ആയ യു ഉമേഷിനെ അന്വേഷണ വിധേയനായി സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ സ്വഭാവത്തെക്കുറിച്ചടക്കം മോശമായ ആരോപണങ്ങളും സസ്പെന്ഷന് ഉത്തരവിലുണ്ട്. യുവതിയെ രക്ഷിതാക്കളുടെ അടുത്ത് നിന്നും മാറ്റി വാടക ഫ്ലാറ്റില്‍ താമസിപ്പിച്ച് അവിടെ നിത്യ സന്ദര്‍ശനം നടത്തുന്നുവെന്നാണ് ഉമേഷിനെതിരായ ആരോപണം. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയാണെന്ന് യുവതി വ്യക്തമാക്കുന്നു.
ശബരിമല വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ മിഠായിത്തെരുവില്‍ അക്രമം നടത്തിയത് തടയാന്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടുവെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് 2019 ജനുവരിയില്‍ സസ്പെന്‍ഷനിലായ ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് വീണ്ടും നടപടി ഉണ്ടായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ സദാചാര ആരോപണങ്ങള്‍ ഉന്നയിച്ച് സസ്പെന്‍ഡ് ചെയ്തതും യുവതിയെക്കുറിച്ച് മോശമായി സസ്പെന്ഷന് ഓര്‍ഡറില്‍ പരാമര്‍ശിച്ചതും സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി.
കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ടതാണ് സസ്പെന്ഷന് ഓര്‍ഡറെന്ന് ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അധികാരത്തിന്റെ തിളപ്പില്‍ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങള്‍ക്കും അഭിവാദ്യങ്ങളെന്നും 31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി ‘അവളുടെ പേരില്‍ ഫ്ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദര്‍ശനം നടത്തുന്നു’ എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്പികളുടെ കുശുമ്പന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പോലീസുകാരന്റെ സസ്പെന്ഷന് ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധിയാണെന്നും അദ്ദേഹം തന്റെ സസ്പെന്ഷന് നടപടിയെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞിരുന്നു.
വ്യക്തി സ്വാതന്ത്രമടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തതിലാണ് പൊലീസ് അസോസിയേഷന് പ്രതിഷേധമറിയിച്ചത്. 31 വയസുള്ള യുവതിയുടെ അമ്മ നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മൊഴിയെടുക്കാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും ശരീരത്തെയും നിറത്തെയും അധിക്ഷേപിച്ചെന്നും കാണിച്ച് ഐജിക്ക് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും കിട്ടിയില്ലെന്ന് യുവതി പറയുന്നു.
Post Your Comments