Latest NewsKeralaNews

ഗായികയും സംഗീത സംവിധായികയുമായ യുവതിക്ക് ഫ്‌ലാറ്റെടുത്തു നല്‍കിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍ ; പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാലില്‍ വീഴില്ലെന്ന് ഉദ്യോഗസ്ഥന്‍

കോഴിക്കോട്: ഗായികയും സംഗീത സംവിധായികയുമായ യുവതിക്ക് ഫ്‌ലാറ്റെടുത്തു നല്‍കിയെന്നാരോപിച്ച് പൊലീസുകാരന് സസ്‌പെന്‍ഷന്‍. ശബരിമല വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ മിഠായിത്തെരുവില്‍ അക്രമം നടത്തിയത് തടയാന്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടുവെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് 2019 ജനുവരിയില്‍ സസ്‌പെന്‍ഷനിലായ ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് വീണ്ടും നടപടി ഉണ്ടായിരിക്കുന്നത്.

കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ടതാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡറെന്ന് ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചു. അധികാരത്തിന്റെ തിളപ്പില്‍ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങള്‍ക്കും അഭിവാദ്യങ്ങളെന്നും അദ്ദേഹം തന്റെ സസ്‌പെന്‍ഷന്‍ നടപടിയെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു.

31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്‌ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി ‘അവളുടെ പേരില്‍ ഫ്‌ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദര്‍ശനം നടത്തുന്നു’ എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്പികളുടെ കുശുമ്പന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പോലീസുകാരന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധിയാണെന്നും ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാല്‍ക്കല്‍ വീഴില്ലെന്നും ഉമേഷ് വ്യക്തമാക്കിയിട്ടുണ്ട്.

നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത പൊലീസുകാരന്‍ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് യുവതിയെ താമസിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായും ഇത് അച്ചടക്കസേനയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയില്‍ സേനയ്ക്ക് കളങ്കമുണ്ടാക്കിയതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

ഇതിനിടെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നു ചൂണ്ടികാണിച്ച് കമ്മിഷണര്‍ക്കെതിരെ യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി നല്‍കി. താന്‍ വീട്ടുകാരുമായുള്ള പ്രശ്‌നം കാരണം നാലുമാസമായി ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. തന്നെ മറ്റൊരാള്‍ വീടു വാടകയ്‌ക്കെടുത്ത് താമസിപ്പിച്ചതാണെന്നും സുഹൃത്ത് തന്റെ താമസസ്ഥലത്ത് സ്ഥിരസന്ദര്‍ശകനാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ഒദ്യോഗിക രേഖയില്‍ എഴുതിയത് സ്ത്രീത്വത്തെ അപമാനിക്കലാണെന്നും പൊലീസുകാരനോടുള്ള കുടിപ്പക തീര്‍ക്കാന്‍ പൊതുരേഖയില്‍ തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം ഉള്‍പ്പെടുത്തിയതിന് കമ്മിഷണര്‍ക്കെതിരെ കേസെടുക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button