രണ്ട് ഗോപന്‍മാര്‍. ആലാപനത്തിലെന്നപോലെ സംഗീത സംവിധാനത്തിലും മികവ് തെളിയിച്ചവര്‍. സിനിമക്ക് വേണ്ടി പാടിയ ആദ്യഗാനം തന്നെ ഹിറ്റായിട്ടും മറവിയിലൊടുങ്ങാനായിരുന്നു എറണാകുളത്തുകാരനായ ആദ്യ ഗോപന്റെ വിധി. എന്നാല്‍ തിരുവനന്തപുരത്തുകാരനായ രണ്ടാമനാകട്ടെ, ആല്‍ബങ്ങളിലും നാടകങ്ങളിലും ഗാനമേളാവേദികളിലുമായി ജൈത്രയാത്ര തുടരുകയുമാണ്.
ശക്തി” എന്ന സിനിമയില്‍ എസ് ജാനകിയോടൊപ്പം മിഴിയിലെന്നും നീ ചൂടും നാണം എന്ന പാട്ട് പാടിയത് എറണാകുളം സ്വദേശിയായ ഗോപനാണ്. എന്നാല്‍ പലരും കരുതുന്നത് കല്ലട ഗോപനാണ് എന്നാണ്. ഇതിന് വ്യക്തത വരുത്തി കല്ലട ഗോപന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് കലാകൗമുദിയിലെ രവി മേനോന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
യാദൃച്ഛികമായി പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ഒരുമിച്ചൊരു പടമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അതിനടിയില്‍ ഇങ്ങനെ കുറിച്ചു രണ്ടാമനായ കല്ലറ ഗോപന്‍: ഭഭസുഹൃത്തുക്കളേ, ഇതാണ് നിങ്ങള്‍ വര്‍ഷങ്ങളായി തിരഞ്ഞുകൊണ്ടിരിക്കുന്ന ഗായകന്‍ ഗോപന്‍. ഭഭശക്തി” എന്ന സിനിമയില്‍ എസ് ജാനകിയോടൊപ്പം മിഴിയിലെന്നും നീ ചൂടും നാണം എന്ന പാട്ട് പാടിയത് എറണാകുളം സ്വദേശിയായ ഈ ഗോപനാണ്. ഈ പാട്ടിന്റെ പേരില്‍ ദയവായി ആരും എന്നെ അഭിനന്ദിക്കാന്‍ വരരുത്. ഇത് എന്റെ പ്രിയസുഹൃത്തിന് മാത്രം അവകാശപ്പെട്ട ഗാനമാണ്…” അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിക്കുന്നു.
രവി മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഇതാ ഇവിടെയുണ്ട് നിങ്ങള്‍
തിരയുന്ന ആ ഗോപന്‍
————–
രണ്ട് ഗോപന്‍മാര്‍. ആലാപനത്തിലെന്നപോലെ സംഗീത സംവിധാനത്തിലും മികവ് തെളിയിച്ചവര്‍. സിനിമക്ക് വേണ്ടി പാടിയ ആദ്യഗാനം തന്നെ ഹിറ്റായിട്ടും മറവിയിലൊടുങ്ങാനായിരുന്നു എറണാകുളത്തുകാരനായ ആദ്യ ഗോപന്റെ വിധി. തിരുവനന്തപുരത്തുകാരനായ രണ്ടാമനാകട്ടെ, ആല്‍ബങ്ങളിലും നാടകങ്ങളിലും ഗാനമേളാവേദികളിലുമായി സംഗീത സപര്യ അഭംഗുരം തുടരുന്നു ഇപ്പോഴും.
യാദൃച്ഛികമായി പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ഒരുമിച്ചൊരു പടമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അതിനടിയില്‍ ഇങ്ങനെ കുറിച്ചു രണ്ടാമനായ കല്ലറ ഗോപന്‍: “സുഹൃത്തുക്കളേ, ഇതാണ് നിങ്ങള്‍ വര്‍ഷങ്ങളായി തിരഞ്ഞുകൊണ്ടിരിക്കുന്ന ഗായകന്‍ ഗോപന്‍. “ശക്തി” എന്ന സിനിമയില്‍ എസ് ജാനകിയോടൊപ്പം മിഴിയിലെന്നും നീ ചൂടും നാണം എന്ന പാട്ട് പാടിയത് എറണാകുളം സ്വദേശിയായ ഈ ഗോപനാണ്. ഈ പാട്ടിന്റെ പേരില്‍ ദയവായി ആരും എന്നെ അഭിനന്ദിക്കാന്‍ വരരുത്. ഇത് എന്റെ പ്രിയസുഹൃത്തിന് മാത്രം അവകാശപ്പെട്ട ഗാനമാണ്…” സംഗീത ജീവിതത്തില്‍ ഒരിക്കലെങ്കിലും തിരസ്‌കാരമോ തമസ്‌കരണമോ അനുഭവിച്ചിട്ടുള്ള ഗായകര്‍ക്കേ മറ്റൊരു ഗായകന്റെ വേദന എളുപ്പം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയൂ എന്ന് തെളിയിക്കുകയായിരുന്നു കല്ലറ ഗോപന്‍. “മിഴിയിലെന്നും പാടി ഹിറ്റാക്കിയിട്ടും എന്തുകൊണ്ട് സിനിമയില്‍ തുടര്‍ന്നില്ല എന്നൊക്കെ ആളുകള്‍ ചോദിക്കുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ കേട്ടുനില്‍ക്കും ഞാന്‍. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്തിരിക്കുന്നു. അതുകൊണ്ടു കൂടിയാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. അര്‍ഹതപ്പെട്ടവര്‍ക്കല്ലേ അംഗീകാരം കിട്ടേണ്ടത്?”– കല്ലറ ഗോപന്‍.
കുറ്റം തന്റേതുകൂടിയാണല്ലോ എന്ന് സമാധാനിക്കുന്നു ആ പാട്ട് പാടിയ എറണാകുളം വൈറ്റില സ്വദേശിയായ ഗോപന്‍. സിനിമയുടെ വഴികള്‍ അങ്ങനെയാണ്. ഇന്നലെകള്‍ക്ക് അവിടെ പ്രസക്തി കുറവ്. ഇന്നിനാണ് വില. നൂറുകണക്കിന് പാട്ടുകള്‍ പാടിയവര്‍ പോലും ഞൊടിയിടയില്‍ വിസ്മൃതമാകുന്ന ലോകത്ത് വിരലിലെണ്ണാവുന്ന പാട്ടുകള്‍ക്ക് പിന്നിലെ ശബ്ദം ആരോര്‍ക്കാന്‍? സിനിമയില്‍ സജീവമാകാത്തതിന് ആരെയും കുറ്റപ്പെടുത്തുന്നില്ല ഗോപന്‍. കുടുംബ ബിസിനസ്സ് നടത്തിക്കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. സിനിമാപ്പാട്ട് പാടണമെങ്കില്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയേ പറ്റൂ. അന്നൊക്കെ മദ്രാസ് ആണല്ലോ തെന്നിന്ത്യന്‍ സിനിമയുടെ സിരാകേന്ദ്രം. യേശുദാസും ജയചന്ദ്രനും ഒക്കെ കത്തിജ്വലിച്ചു നില്‍ക്കുന്ന കാലത്ത് കുറച്ചു പാട്ടുകളെങ്കിലും പാടാന്‍ കഴിഞ്ഞതും , അവയിലൊന്ന് ജനഹൃദയങ്ങളില്‍ ഇടം നേടിയതും സൗഭാഗ്യമായേ കരുതുന്നുള്ളൂ ഗോപന്‍. ഇന്നും ആ പാട്ട് ഓര്‍ക്കുന്നവരെ, ഇഷ്ടപ്പെടുന്നവരെ കണ്ടുമുട്ടുമ്പോള്‍ സന്തോഷം തോന്നും. “ഒരു പാട് പേരുടെ ഓര്‍മ്മകള്‍ കൂടിയാണല്ലോ എനിക്ക് ആ പാട്ട്. കെ ജെ ജോയ്, രഘുവേട്ടന്‍ എന്ന രഘുകുമാര്‍, ജാനകിയമ്മ, ഭദ്രന്‍, ബിച്ചു തിരുമല…. ഇവരുടെയൊക്കെ മുഖങ്ങള്‍ മനസ്സില്‍ തെളിയും.”
ഓര്‍മ്മവന്നത് എസ് ജാനകിയുടെ വാക്കുകളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ ചെന്നൈയിലെ വീട്ടിലിരുന്ന് കെ ജെ ജോയിയെ കുറിച്ച് സംസാരിക്കവേ, ശക്തിയിലെ ഈ യുഗ്മഗാനം ഓര്‍മ്മയില്‍ നിന്ന് മൂളി അവര്‍. എന്നിട്ട് കൗതുകത്തോടെ ചോദിച്ചു: “എനിക്കിഷ്ടപ്പെട്ട പാട്ടാണ്. എനിക്കൊപ്പം ഈ ഡ്യൂയറ്റ് പാടിയ ആളെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. നല്ല ടാലന്റഡ് ആയ സിംഗറായിരുന്നു. ആദ്യഗാനം എന്ന പരിഭ്രമമൊന്നും കൂടാതെയാണ് അയാള്‍ പാടിയത് എന്നോര്‍ക്കുന്നു. പിന്നീട് സിനിമയില്‍ തുടര്‍ന്നോ ആവോ. എവിടെയെങ്കിലും വെച്ച് കാണുകയാണെങ്കില്‍ എന്റെ സ്‌നേഹാന്വേഷണം അറിയിക്കണം.” — തനിക്കൊപ്പം ഒരൊറ്റ യുഗ്മഗാനത്തില്‍ പങ്കാളിയായവരെ പോലും ഓര്‍ത്തുവെക്കുന്ന ആ നല്ല മനസ്സിന് മുന്നില്‍ പ്രണമിച്ചുപോയി ഒരു നിമിഷം. പതിനായിരക്കണക്കിന് പാട്ടുകള്‍ പാടിയ ഒരു ഗായികയെ സംബന്ധിച്ച് അതൊരു അത്ഭുതം തന്നെയല്ലേ?
പ്രിയഗായികയുടെ സ്നേഹാന്വേഷണം അറിയിച്ചപ്പോള്‍ സൗമ്യമായി ചിരിച്ചു ഗോപന്‍ എന്ന ഗോപകുമാര്‍. “സത്യമാണ്. ആ ഗാനം പാടി റെക്കോര്‍ഡ് ചെയ്ത ശേഷം ഇന്നുവരെ ജാനകിയമ്മയെ കണ്ടിട്ടില്ല. ചെന്നൈ തരംഗിണി സ്റ്റുഡിയോയില്‍ പാടാന്‍ ചെന്നപ്പോഴായിരുന്നു ഇഷ്ടഗായികയുമായുള്ള ആദ്യ കൂടിക്കാഴ്ച. ആരാധനയോടെ അവരെ നോക്കിനിന്നു കുറെ നേരം. എത്രയെത്ര സുന്ദരഗാനങ്ങളാണെന്നോ ആ നിമിഷം മനസ്സിലേക്ക് ഒഴുകിയെത്തിയത്. കാലത്തിന് തൊടാന്‍ പോലുമാകാത്ത പാട്ടുകള്‍.” സിനിമക്ക് വേണ്ടി പാടുന്ന ആദ്യ ഗാനം ജാനകിക്കൊപ്പമാണ് എന്ന അത്ഭുതസത്യം ഉള്‍ക്കൊള്ളാന്‍ മനസ്സ് പാകപ്പെടുത്തുകയായിരുന്നു ഗോപന്‍. സ്റ്റുഡിയോയില്‍ ഇരുന്നുതന്നെയാണ് ജോയ് ഇരുവരെയും പാട്ട് പഠിപ്പിച്ചത്; ഹാര്‍മോണിയം വായിച്ചു കൊണ്ട്. രണ്ടു തവണയേ പാട്ട് റിഹേഴ്സ് ചെയ്യേണ്ടി വന്നുള്ളൂ. മൂന്നാമത്തെ ടേക്കില്‍ പാട്ട് ഓക്കേ. നേരിട്ട് പാടി റെക്കോര്‍ഡ് ചെയ്യുന്ന കാലമാണ്. ട്രാക്ക് സമ്പ്രദായം ഇല്ല. പാടി പുറത്തുവന്നപ്പോള്‍ ആദ്യം അഭിനന്ദിച്ചയാളെ മറന്നിട്ടില്ല ഗോപന്‍– രാമപ്രസാദ്. എസ് ജാനകിയുടെ ഭര്‍ത്താവ്. ബുദ്ധിമുട്ടുള്ള പാട്ടാണെങ്കിലും അസ്സലായി പാടി എന്ന് അദ്ദേഹം പറഞ്ഞുകേട്ടപ്പോള്‍ സന്തോഷം തോന്നി.
പിന്നണി സംഗീതത്തിലേക്കുള്ള കടന്നുവരവ് യാദൃച്ഛികമായിരുന്നു എന്ന് പറഞ്ഞുകൂടാ. ആര്‍ക്കാണ് സ്വന്തം ശബ്ദം സിനിമയില്‍ ഒരിക്കലെങ്കിലും കേള്‍പ്പിക്കാന്‍ മോഹമില്ലാത്തത്. എങ്കിലും അന്നത് അത്ര എളുപ്പമല്ല. അമ്മ വഴിയാണ് തനിക്ക് സംഗീതപ്രേമം പകര്‍ന്നുകിട്ടിയത് എന്ന് പറയും ഗോപന്‍. അച്ഛന് ബിസിനസ്സായിരുന്നു. എം ജി റോഡില്‍ എറണാകുളം റേഡിയോ കമ്പനി എന്നൊരു കട നടത്തിയിരുന്നു അദ്ദേഹം. തൃശൂരും കോഴിക്കോട്ടുമൊക്കെ ശാഖകളുണ്ടായിരുന്ന സ്ഥാപനം. മകന്‍ തന്റെ വഴി പിന്തുടരണമെന്നാണ് സ്വാഭാവികമായും അച്ഛന്‍ ആഗ്രഹിച്ചത്. എങ്കിലും ഗോപന്റെ സംഗീതമോഹങ്ങള്‍ക്ക് എതിരുനിന്നില്ല അദ്ദേഹം. പതിനാറാം വയസ്സ് മുതല്‍ പാട്ട് പഠിച്ചുതുടങ്ങുന്നു ഗോപന്‍. എം ആര്‍ സുബ്രഹ്മണ്യന്‍ ആയിരുന്നു ആദ്യഗുരു. പിന്നെ എം ആര്‍ ശിവരാമന്‍ ഭാഗവതര്‍, ഓച്ചിറ ബാലകൃഷ്ണന്‍ എന്നിവര്‍. അതിനിടെ ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയെങ്കിലും ഗോപന്റെ മനസ്സ് സംഗീതത്തില്‍ തന്നെയായിരുന്നു. ചെന്നൈയിലെ അഡയാര്‍ മ്യൂസിക് കോളേജില്‍ സംഗീതവിദ്വാന്‍ കോഴ്സിന് ചേരുന്നത് അങ്ങനെയാണ്.
അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ കൊച്ചിന്‍ കലാഭവനു വേണ്ടി ഗാനമേളകളില്‍ പാടിത്തുടങ്ങിയിരുന്നു ഗോപന്‍. “1968 — 69 കാലത്ത് ആബേലച്ചന്‍ കലാഭവന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരായിരുന്നു മുഖ്യ ഗായകര്‍ — കൊച്ചിന്‍ ഇബ്രാഹിം, ജോളി എബ്രഹാം..പിന്നെ ഞാനും. സ്ത്രീശബ്ദത്തിലുള്ള പാട്ടുകള്‍ പാടാന്‍ സുന്ദരി എന്നൊരു ഗായികയും ഉണ്ടായിരുന്നു. ഹിന്ദി പാട്ടുകള്‍ ഇബ്രാഹിം പാടും. ഞാനും ജോളിയും മലയാളത്തിലെ ഹിറ്റ് പാട്ടുകളും. കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും, ഹൃദയസരസ്സിലെ തുടങ്ങിയ സെമി ക്ളാസിക്കല്‍ പാട്ടുകള്‍ ഞാനാണ് പാടുക. ഇന്നത്തെപോലെ അല്ല. കസേരമേല്‍ ഇരുന്നു വേണം പാടാന്‍. ഷുവര്‍ മൈക്ക് എന്നറിയപ്പെട്ടിരുന്ന വലുപ്പമുള്ള മൈക്കാണ് ഗാനമേളക്കാര്‍ ഉപയോഗിച്ചിരുന്നത്. അതു കഴിഞ്ഞു പാട്ടുകാര്‍ നിന്നുപാടുന്ന കാലം വന്നു. കോര്‍ഡ്ലെസ്സ് മൈക്കുകളും.എല്ലാ മാറ്റങ്ങള്‍ക്കും സാക്ഷിയാകാന്‍ കഴിഞ്ഞു എന്നത് എന്റെ ഭാഗ്യം.”
അഡയാര്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഗോപന്‍ ഭദ്രനെ പരിചയപെടുന്നത്. അന്ന് സഹസംവിധായകനാണ് ഭദ്രന്‍. സിനിമയില്‍ ഭാഗ്യം തേടിയെത്തുന്നവരുടെ ആവാസകേന്ദ്രമായിരുന്ന ആര്‍ കെ ലോഡ്ജില്‍ ഒരു മുറി തരപ്പെടുത്തിത്തന്നതും ഭദ്രന്‍ തന്നെ. താമസിയാതെ സിനിമാരംഗത്തെ പലരുടെയും സൗഹൃദവലയത്തില്‍ ഗോപന്‍ ഇടം നേടി. പാട്ട് ആസ്വദിക്കാന്‍ മാത്രമല്ല പാട്ടിനെക്കുറിച്ചു വാതോരാതെ സംസാരിക്കാനും ഇഷ്ടമുള്ളവര്‍. രഘുകുമാര്‍ ആയിരുന്നു അവരിലൊരാള്‍. നല്ലൊരു തബലിസ്റ്റും സിത്താറിസ്റ്റുമായിരുന്ന രഘുവേട്ടനൊപ്പം ധാരാളം സ്വകാര്യ മെഹ്ഫിലുകളില്‍ പങ്കെടുത്തിട്ടുണ്ട് അക്കാലത്ത്. ജയനെയും രവികുമാറിനെയും നായകരാക്കി 1980 ല്‍ “ശക്തി” എന്നൊരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ രഘു സുഹൃത്തായ യുവഗായകനെ ഓര്‍ത്തു. പിന്നണി ഗാനലോകത്തേക്ക് വഴിതുറന്നത് ആ സൗഹൃദമാണ്.
“ശക്തി”യില്‍ തന്നെ മറ്റൊരു പാട്ടില്‍ കൂടി പങ്കാളിയായി ഗോപന്‍. “മീശ മുളച്ചപ്പോള്‍” എന്ന തമാശപ്പാട്ട് യേശുദാസ്, ചന്ദ്രമോഹന്‍, ഗണേഷ് തുടങ്ങിയവര്‍ക്കൊപ്പമാണ് പാടിയത്. ആ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു നല്ല ഓര്‍മ്മ ദാസേട്ടന്‍ “എവിടെയോ കളഞ്ഞുപോയ കൗമാരം” എന്ന പാട്ട് പാടി റെക്കോര്‍ഡ് ചെയ്യുന്നതിന് സാക്ഷ്യം വഹിച്ചതാണ്. ലളിതസുന്ദരമായ ഒരു ഗസലിന്റെ ശൈലിയില്‍ ജോയ് ചിട്ടപ്പെടുത്തിയ ആ ഗാനം അനായാസമായി പാടി യേശുദാസ്. “ശക്തി”യില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പാട്ടുകളായിരുന്നു എവിടെയോ കളഞ്ഞുപോയ കൗമാരവും മിഴിയിലെങ്ങും നീ ചൂടും നാണവും. “എന്റെ പാട്ട് ഹിറ്റായെങ്കിലും കൂടുതല്‍ അവസരങ്ങളൊന്നും തേടിവന്നില്ല. അങ്ങോട്ട് തേടിപ്പോകുന്ന ശീലം എനിക്കും ഉണ്ടായിരുന്നില്ല. പിന്നീട് പാടിയത് ഇളയരാജ സംഗീതം നല്‍കിയ രണ്ടു തമിഴ് മൊഴിമാറ്റ ചിത്രങ്ങള്‍ക്കാണ്. ഒടുവില്‍ പാടിയത് `കൊച്ചുതെമ്മാടി ”യിലും. പി ഭാസ്‌കരന്‍ — ദേവരാജന്‍ ടീമിന്റെ “എന്നാലിനിയൊരു കഥ ചൊല്ലാം” എന്ന ഗാനത്തില്‍ മാധുരി, ബ്രഹ്മാനന്ദന്‍, ഷെറിന്‍ പീറ്റേഴ്സ്, ലത തുടങ്ങിയവരും ഉണ്ടായിരുന്നു സഹഗായകരായി.
ദേവരാജന്‍ മാസ്റ്റര്‍ക്ക് വേണ്ടി കൂടുതല്‍ പാട്ടുകള്‍ പാടാന്‍ കഴിഞ്ഞില്ല എന്നത് ഗോപന്റെ സ്വകാര്യ ദുഖങ്ങളില്‍ ഒന്ന്. ചെറുപ്പം മുതലുള്ള ആരാധനയാണ് മാഷിന്റെ ഗാനങ്ങളോടും സംഗീത സംവിധാന ശൈലയോടും. ചെന്നൈയില്‍ ആര്‍ കെ ലോഡ്ജില്‍ താമസിക്കുന്ന കാലത്ത് ഭദ്രന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി ദേവരാജ ഗാനങ്ങള്‍ ഇഴ കീറി വിശകലനം ചെയ്യുകയായിരുന്നു എന്റെ പ്രധാന ഹോബികളില്‍ ഒന്ന്. “അത്തരം പ്രഭാഷണങ്ങള്‍ പതിവായി കേട്ട് തഴമ്പിച്ചതുകൊണ്ടാവണം ഒരു നാള്‍ മാഷിനെ അദ്ദേഹത്തിന്റെ വീട്ടില്‍ കാണാന്‍ ചെല്ലുമ്പോള്‍ ഭദ്രന്‍ എന്നെയും കൂടെ കൂട്ടിയത്. മാഷിന്റെ വലിയൊരു ആരാധകന്‍ എന്ന് പറഞ്ഞു ഭദ്രന്‍ എന്നെ പരിചയപ്പെടുത്തിയിട്ടും മാഷിന് ഭാവഭേദമൊന്നുമില്ല. എന്നാല്‍ മ്യൂസിക് കോളേജില്‍ കെ വി നാരായണസ്വാമിയുടെ ശിഷ്യനാണ് ഞാന്‍ എന്നറിഞ്ഞതോടെ മാഷിന്റെ ഭാവം മാറി. മാഷിന് ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞരില്‍ ഒരാളാണ് കെ വി എന്‍. ബിലഹരി രാഗത്തില്‍ ഒരു കൃതി പാടിക്കേട്ട ശേഷമാണ് മാഷ് അന്നെന്നെ യാത്രയാക്കിയത്. ഹ്രസ്വമെങ്കിലും മനോഹരമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കം കൂടിയായി അത്. ഇടയ്ക്കിടെ മാഷ് എന്നെ വീട്ടിലേക്ക് വിളിക്കും. രാഗം പാടിക്കും. വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ തരും. സിനിമയില്‍ എന്നെ പാടിക്കണം എന്ന് മാഷ് ആഗ്രഹിച്ചിരിക്കാം. നിര്‍ഭാഗ്യവശാല്‍ സിനിമയിലെ തിരക്കുകളില്‍ നിന്ന് ഏറെ അകന്നു കഴിഞ്ഞിരുന്നു അപ്പോഴേക്കും അദ്ദേഹം. എന്നിട്ടും കൊച്ചുതെമ്മാടിയില്‍ ദേവരാജ സംഗീതത്തില്‍ ഒരു പാട്ട് പാടാന്‍ കഴിഞ്ഞു എന്നത് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഭാഗ്യമായി തോന്നുന്നു.”
അതിനിടെ സംഗീതസംവിധാനത്തിലും ഭാഗ്യപരീക്ഷണം നടത്തി ഗോപന്‍. ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത വനിതാപൊലീസിലായിരുന്നു (1984) അരങ്ങേറ്റം. മധു ആലപ്പുഴ എഴുതിയ രണ്ടു പാട്ടുകള്‍ യേശുദാസും ചിത്രയും പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഗോപനിലെ സംഗീത സംവിധായകന് സ്വന്തം പ്രതിഭ തെളിയിക്കാനുള്ള അവസരം ലഭിച്ചത് മൂന്ന് വര്‍ഷം കഴിഞ്ഞു ഉണ്ണി ആറന്മുളയുടെ സംവിധാനത്തില്‍ പുറത്തുവന്ന “സ്വര്‍ഗ്ഗം” എന്ന ചിത്രത്തിലാണ്. ഉണ്ണി തന്നെ എഴുതി ഗോപന്റെ ഈണത്തില്‍ യേശുദാസ് പാടിയ “ഏഴു നിറങ്ങളില്‍ ഏതു നിറം ഏഴു സ്വരങ്ങളില്‍ ഏതു സ്വരം” എന്ന ഗാനം ഇന്നുമുണ്ട് ഓര്‍മ്മയില്‍. സിനിമാഗാനങ്ങളില്‍ നിന്ന് മെലഡി അകന്നുപോയിക്കൊണ്ടിരുന്ന നാളുകളില്‍ ആകാശവാണിയിലൂടെ പതിവായി കേട്ട് മനസ്സില്‍ പതിഞ്ഞ ഗാനം. തരംഗിണിയിലെ ആ പാട്ടിന്റെ റെക്കോര്‍ഡിംഗ് സെഷനില്‍ രാജാമണിയുടെ സഹായവും ഉണ്ടായിരുന്നു എന്നോര്‍ക്കുന്നു ഗോപന്‍. “പടം ബോക്സാഫീസില്‍ രക്ഷപ്പെട്ടില്ലെങ്കിലും പാട്ട് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. എങ്കിലും ഒരു പടത്തില്‍ കൂടിയേ ഗാനസൃഷ്ടിക്ക് അവസരം ലഭിച്ചുള്ളൂ — ആലപ്പി അഷ്റഫിന്റെ എന്നും സംഭവാമി യുഗേ യുഗേ. ഉണ്ണി ആറന്മുള തന്നെ സംവിധാനം ചെയ്യാനിരുന്ന വണ്ടിച്ചക്രം എന്നൊരു പടത്തിന് വേണ്ടി ബിച്ചു തിരുമലയുടെ രചനയില്‍ രണ്ടു പാട്ടുകള്‍ ചിട്ടപ്പെടുത്തിയെങ്കിലും, പടം വെളിച്ചം കണ്ടില്ല. ആ പാട്ടുകള്‍ പുറത്തുവന്നിരുന്നെങ്കില്‍ ശ്രദ്ധിക്കപ്പെട്ടേനെ എന്ന് തോന്നുന്നു.” ഇടക്കൊരു ലളിതഗാന ആല്‍ബത്തിനും സംഗീതം നല്‍കി ഗോപന്‍.
സിനിമാജീവിതം ഇന്നൊരു വിദൂരസ്മരണയാണ് ഗോപന്. എങ്കിലും സംഗീതത്തോടുള്ള അഭിനിവേശം പഴയ അതേ തീവ്രതയോടെ ഉള്ളിലുണ്ട്. ബിസിനസ്സ് തിരക്കുകളുമായി കൊച്ചിയില്‍ കഴിയുമ്പോഴും ഗാനമേളാ വേദികളില്‍ അപൂര്‍വ്വമായെങ്കിലും പ്രത്യക്ഷപ്പെടുന്നതും അതുകൊണ്ടു തന്നെ. “സിനിമ ഒരു പ്രത്യേക ലോകമാണ്. എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കുന്ന ലോകം. എന്റെ ആദ്യഗാനം ചിട്ടപ്പെടുത്തിയ കെ ജെ ജോയിയെ ഓര്‍മ്മവരുന്നു. എത്ര രാജകീയമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം പോലും. കാഴ്ച്ചയില്‍ മാത്രമല്ല ജീവിത ശൈലിയിലും പ്രതാപി. സ്റ്റുഡിയോയില്‍ ജോയ് മാസ്റ്റര്‍ വന്നാല്‍ ഒരു ആഘോഷമാണ്. ഏറ്റവും പുതിയ ബെന്‍സ് കാര്‍, പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍…. അതൊരു കാലം.
അതേ ജോയ് മാസ്റ്റര്‍ ശരീരത്തിന്റെ ഒട്ടുമുക്കാലും തളര്‍ന്ന് ചെന്നൈയിലെ വീട്ടിലെ ഒരു മുറിയില്‍ ഒതുങ്ങിക്കൂടുകയാണ് എന്നറിഞ്ഞപ്പോള്‍ വല്ലാത്ത വേദന തോന്നി. എന്നും പുതുമക്ക് വേണ്ടി ദാഹിച്ച ആ പ്രതിഭാശാലിയെ അത്തരമൊരു സ്ഥിതിയില്‍ കാണാന്‍ വയ്യ. “എനിക്ക് മാത്രമല്ല കെ ജെ ജോയിയുടെ സുവര്‍ണകാലം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവര്‍ക്ക് ആര്‍ക്കും ഇന്നത്തെ അദ്ദേഹത്തിന്റെ അവസ്ഥ ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നില്ല.”
എല്ലാം ക്ഷണികമാണ് സിനിമയില്‍. കഴിവ് മാത്രം പോരാ ഭാഗ്യം കൂടി വേണം അവിടെ പിടിച്ചുനില്‍ക്കാന്‍. എങ്കിലും ഒരു സത്യമുണ്ട്. ഗായകരും സംഗീതസംവിധായകരും ഗാനരചയിതാക്കളുമെല്ലാം വിസ്മൃതരായാലും അവരുടെ മികച്ച സൃഷ്ടികള്‍ കാലത്തെ അതിജീവിക്കും. അത്തരമൊരു സൃഷ്ടിക്ക് ശബ്ദം പകരാന്‍ തന്നെ തിരഞ്ഞെടുത്തതില്‍ ഈശ്വരന് നന്ദി പറയുന്നു ഗോപന്‍. “ഞാനും നിങ്ങളുമൊക്കെ ഓര്‍മ്മയായാലും ആ പാട്ട് ആരുടെയെങ്കിലുമൊക്കെ മനസ്സില്‍ കാണുമല്ലോ …’ – നിശബ്ദമായി ചിരിക്കുന്നു ഗോപന്‍.
— രവിമേനോന്‍ (കലാകൗമുദി)
Post Your Comments