Latest NewsIndia

കാര്‍ഷിക ബില്ല് : കാര്‍ഷിക മേഖലയില്‍ വര്‍ഷങ്ങളായി പിടിമുറുക്കിയ ഇടനിലക്കാര്‍ക്ക് വലിയ തിരിച്ചടി, പഞ്ചാബില്‍ മാത്രം 40,000 ത്തോളം കമ്മീഷന്‍ ഏജന്റുമാർ

ഇടനിലക്കാരുടെ വേഷത്തില്‍ കര്‍ഷകരെ സമീപിക്കുന്ന അര്‍ത്യാസ് എന്ന ഈ കമ്മീഷന്‍ ഏജന്റുമാരാണ് വിളവെടുത്തു കഴിഞ്ഞാല്‍ വിപണിയും വിലയും ഉള്‍പ്പെടെ തീരുമാനിച്ചു കൊണ്ടിരുന്നത്.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ പഞ്ചാബിലും ഹരിയാനയിലും ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ വര്‍ഷങ്ങളായി പിടിമുറുക്കിയ ഇടനിലക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത് . ഇടനിലക്കാരുടെ വേഷത്തില്‍ കര്‍ഷകരെ സമീപിക്കുന്ന അര്‍ത്യാസ് എന്ന ഈ കമ്മീഷന്‍ ഏജന്റുമാരാണ് വിളവെടുത്തു കഴിഞ്ഞാല്‍ വിപണിയും വിലയും ഉള്‍പ്പെടെ തീരുമാനിച്ചു കൊണ്ടിരുന്നത്.

ഇവർ കർഷകർക്ക് വലിയ ദോഷമായിരുന്നു ഉണ്ടാക്കിയിരുന്നത്. വിത്തിറക്കുന്നതിന് മുന്‍പേ വിളവ് ബുക്ക് ചെയ്ത് മുന്‍കൂര്‍ പണം വായ്പയായി നല്‍കുന്ന ഇവര്‍ കര്‍ഷകരുടെ എടിഎം എന്നുപോലും അറിയപ്പെട്ടു തുടങ്ങിയിരുന്നു. ഹരിയാനയിലെ രജിസ്റ്റേര്‍ഡ് അര്‍ത്യാസുമാരുടെ എണ്ണം 32,000 മാണ്. ഇടനിലക്കാരുടെ ചൂഷണത്തിന് കര്‍ഷകര്‍ വലിയ തോതില്‍ ഇരകളാകുന്നുവെന്ന് വര്‍ഷങ്ങളായി പല പഠനങ്ങളിലും പരിശോധനകളിലും വ്യക്തമായതാണ്.

വന്‍കിട കര്‍ഷകര്‍ ഈ ചൂഷണത്തെ അതിജീവിക്കുന്നുണ്ടെങ്കിലും ചെറുകിട, നാമമാത്ര കര്‍ഷകര്‍ വലിയ തോതില്‍ ഇവരുടെ വലയില്‍ പെട്ടു പോകുന്നു. ഈ സ്ഥിതിക്ക് മാറ്റം കാെണ്ടവരാന്‍ ലക്ഷ്യമിട്ടാണ് കര്‍ഷകര്‍ക്ക് നേരിട്ട് വ്യാപാരികളുമായി കരാറിലേര്‍പ്പെടാമെന്ന വ്യവസ്ഥ പുതിയ ബില്ലുകളിലൂടെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. വിപണിയുടെ മേഖലാ പരിധി ഒഴിവാക്കി ഏത് വിപണിയിലും ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് നേരിട്ട് വില്‍ക്കാമെന്ന വ്യവസ്ഥയും ഇടനിലക്കാരുടെ റോള്‍  അപ്രസക്തമാക്കി.

പഞ്ചാബില്‍ മാത്രം 40,000 ത്തോളം കമ്മീഷന്‍ ഏജന്റുമാരാണുള്ളത്. ഇതില്‍ 22,000 ത്തോളം പേര്‍ ലൈസന്‍സ് പോലും ഇല്ലാതെയാണ് കര്‍ഷകരുമായി ഇടപാടുകള്‍ നടത്തുന്നത്.അതുകൊണ്ടുതന്നെ ഇടപാടുകള്‍ക്ക് യാതൊരു നിയമസാധുതയും ലഭ്യമാകില്ല. എന്നാല്‍ പുതിയ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം കമ്പനികളുമായി കര്‍ഷകര്‍ നേരിട്ട് കരാര്‍ ഉണ്ടാക്കുന്നതോടെ ഇതിന് നിയമ പരിരക്ഷ ലഭിക്കുകയും വിളനഷ്ടമുണ്ടായാല്‍ പോലും കര്‍ഷകന് കൂടുതല്‍ ആനുകൂല്യം ഉറപ്പാകുകയും ചെയ്യുന്നു.

രാജ്യത്ത് കാര്‍ഷിക ഉത്പാദനവും വിപണനവും സംഭരണവും ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും. എന്നാല്‍ ഇതനുസരിച്ച്‌ ഇവിടുത്തെ കര്‍ഷകരുടെ ജീവിത നിലവാരം ഉയരുകയോ വരുമാനം ലഭിക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ നീക്കം തിരിച്ചടിയാണെന്ന് ബോധ്യപ്പെട്ടതോടെ വരും ദിവസങ്ങളില്‍ സംഘടനകളിലൂടെയും സംയുക്തമായും കര്‍ഷകരെ ഇറക്കി പ്രതിഷേധങ്ങള്‍ ശക്തമാക്കാനും ഇവര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു.

read also: കർഷകരെ പണ്ടത്തെ പോലെ പറ്റിക്കാൻ പറ്റൂല, അവർക്കും കാര്യം മനസ്സിലായി, കയ്യിൽ മൊബൈൽ ഉണ്ടല്ലോ; കാർഷിക ബില്ലിനെ കുറിച്ചു നടൻ കൃഷ്ണകുമാർ

പഞ്ചാബിലെ ഫെഡറേഷന്‍ ഓഫ് അര്‍ത്യാസ് അസോസിയേഷന്‍, പഞ്ചാബ് അര്‍ത്യാസ് അസോസിയേഷന്‍ ഹരിയാനയിലെ അനാജ് മാണ്ഡി അര്‍ത്യാസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ക്ക് തീരുമാനമെടുത്തു കഴിഞ്ഞു.

ഇടനിലക്കാരെ നിഷ്ക്രിയരാക്കുന്നതിലൂടെ കര്‍ഷകരുടെ ഈ അവസ്ഥയ്ക്കും മാറ്റമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന ഇടനിലക്കാര്‍ക്ക് കര്‍ഷകര്‍ക്കിടയിലും വലിയ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button