ഗാബറോണ്‍ : ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ നൂറ് കണക്കിന് ആനകള്‍ ദൂരൂഹ സാഹചര്യത്തില്‍ ചരിഞ്ഞ സംഭവത്തിന്റെ ചുരുള്‍ നിവരുന്നു. വേട്ടയാടല്‍ മൂലമല്ല ആനകള്‍ ചരിഞ്ഞതെന്ന് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. എന്നാലിപ്പോൾ ഇതിന്റെകാരണം കണ്ടെത്തിയിരിക്കുകയാണ്. ജലത്തില്‍ കാണപ്പെടുന്ന സൂക്ഷ്മ ബാക്ടീരിയകളാണ് ആനകളുടെ മരണത്തിനിടെയാക്കിയതെന്നാണ് പുറത്തുവന്നിരിക്കുന്നത്. ആഫ്രിക്കയില്‍ ആകെ ആനകളുടെ മൂന്നില്‍ ഒന്നും കാണപ്പെടുന്നത് ബോട്‌സ്വാനയിലാണ്.
കഴിഞ്ഞ മേയ് ജൂണ്‍ മാസത്തിനിടെയാണ് ബോട്‌സ്വാനയിലെ ഒകാവാന്‍ഗോ ഡെല്‍റ്റാ പ്രദേശത്ത് ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 330 ആനകളാണ് ചരിഞ്ഞത്.സയനോബാക്ടീരിയകളില്‍ നിന്നുള്ള വിഷാംശമാണ് ആനകളുടെ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്.ജലാശയങ്ങളില്‍ കാണപ്പെടുന്ന സയനോബാക്ടീരിയകള്‍ ചിലപ്പോള്‍ വലിയ ബ്ലൂ – ഗ്രീന്‍ ആല്‍ഗകളായും രൂപപ്പെടാറുണ്ട്.
സൗത്ത് ആഫ്രിക്ക, കാനഡ, സിംബാവെ, യു.എസ് എന്നിവിടങ്ങളിലെ ലാബുകളില്‍ നടത്തിയ മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആനകളുടെ മരണകാരണം ജലത്തില്‍ നിന്നുള്ള സയനോബാക്ടീരിയല്‍ ന്യൂറോടോക്സിനുകള്‍ ആണെന്ന് ബോട്സ്വാനയിലെ ഡിപ്പാര്‍ട്ട്മെന്റ് ഒഫ് വൈല്‍ഡ് ലൈഫ് ആന്‍ഡ് നാഷണല്‍ പാര്‍ക്ക്സ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖമിടിച്ച് വീണ നിലയിലാണ് ചരിഞ്ഞ ആനകളെയെല്ലാം കണ്ടെത്തിയത്.
അവശനിലയില്‍ കാണപ്പെട്ട ചില ആനകള്‍ വൃത്താകൃതിയില്‍ ചുറ്റി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആനകളുടെ നാഡീവ്യൂഹങ്ങള്‍ തകരാറിലായതാകാം ഇതിന് കാരണമെന്ന് വിരല്‍ ചൂണ്ടിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആനകളുള്ള രാജ്യമാണ് ബോട്സ്വാന. 130,000 ഓളം ആനകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ഒകാവാന്‍ഗോ മേഖലയില്‍ മാത്രം ഏകദേശം 15,000 ആനകളുണ്ട്.ബോട്സ്വാനയില്‍ ആനകള്‍ക്ക് നേരെ വന്‍ വേട്ടയാടല്‍ നടന്നിരുന്നു.
എന്നാല്‍ എണ്ണം പെരുകിയതോടെ ആനകളെ കൊന്നുതള്ളാന്‍ ബോട്സ്വാനയിലെ സര്‍ക്കാര്‍ തന്നെ നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. അതേ സമയം, ആനകളുടെ മരണത്തിന് ഇനിയും ഏറെ ഉത്തരങ്ങള്‍ കണ്ടെത്താനുണ്ട്. ജലാശയത്തിലെ സയനോബാക്ടീരിയകളാണ് മരണകാരണമെങ്കില്‍ എന്തുകൊണ്ടാണ് അത് ആനകളെ മാത്രം ബാധിച്ചു എന്നതാണ് തങ്ങള്‍ക്ക് മുന്നിലെ ഏറ്റവും വലിയ ചോദ്യമെന്ന് അധികൃതര്‍ പറയുന്നു.
Post Your Comments