ന്യൂഡൽഹി: അൽഖായിദ ബന്ധത്തിന്റെ പേരിൽ (സെപ്തംബർ 19) ശനിയാഴ്ച പുലർച്ചെ കൊച്ചിയിൽപിടിയിലായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവർ പരസ്പരം ഒരു രീതിയിലും ബന്ധപ്പെട്ടിരുന്നില്ല. ഒരേ ഘടകത്തിൽ പ്രവർത്തിക്കുന്നവർ തമ്മിൽ പരസ്പരം ബന്ധപ്പെടാതെ അവരുടെ ലീഡർ വഴി മാത്രം ആശയവിനിമയം നടത്തുന്നതു ഭീകരസംഘടനകളുടെ രീതിയാണെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞു. ഇത്തരത്തിലുള്ള നീക്കങ്ങൾ സംഘത്തിലെ ഒരാൾ പിടിക്കപ്പെട്ടാൽ പോലും രഹസ്യങ്ങൾ ചോരാതിരിക്കാനാണ്.
സംഘത്തിലെ ഒരോ അംഗത്തിനും മറയായി മറ്റൊരാളെക്കൂടി നിയോഗിക്കും. എറണാകുളത്ത് പിടിക്കപ്പെട്ട 3 പേരിൽ മുർഷിദ് ലീഡറാണെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ. യാക്കൂബും മുസറഫും പരസ്പരം മറകളായി പ്രവർത്തിക്കുന്നവരാണോയെന്നു അന്വേഷിക്കുന്നു. അതല്ലെങ്കിൽ മറകളായി പ്രവർത്തിക്കുന്ന 2 പേർ കൂടി കേരളത്തിലുണ്ടാകുമെന്നാണു സൂചന.
Read Also: അൽ ഖായിദ ഭീകരർക്ക് കേരളത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതായി എൻ.ഐ.എ.
എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽനിന്ന് അൽഖായിദ ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തവരിൽ 8 പേരെ എൻഐഎ ഡൽഹിയിലെത്തിച്ചു. എറണാകുളം മജിസ്ട്രേട്ട് കോടതി അനുവദിച്ച ട്രാൻസിറ്റ് റിമാൻഡിൽ മുർഷിദ് ഹസൻ, മുസറഫ് ഹുസൈൻ എന്നിവരെ ഇന്നലെ രാത്രി എത്തിച്ചെങ്കിലും മൂന്നാമൻ യാക്കൂബ് ബിശ്വാസിനുള്ള വിമാന ടിക്കറ്റ് ലഭിച്ചില്ല. ഇയാളെ ഇന്നു രാവിലെയെത്തിക്കും.
ഡൽഹിയിൽ ഇന്നലെ രാത്രി വൈകിയെത്തിച്ച ഇവരെ എൻഐഎ സംഘം ചോദ്യം ചെയ്തു. ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ അൽഖായിദ നേതൃത്വവുമായി ഓൺലൈൻ വഴി ഇവർ ബന്ധപ്പെട്ടതിന്റെ തെളിവുകൾ സഹിതമായിരുന്നു ചോദ്യം ചെയ്യൽ. സംഘത്തിന്റെ നീക്കങ്ങൾ മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നുവെന്നും ഭീകരബന്ധം സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി.
അൽഖായിദയുടെ പാക്കിസ്ഥാൻ ഘടകത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇവർ ഡൽഹിയടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടുവെന്ന് എൻഐഎ പട്യാല ഹൗസ് കോടതിയിൽ വ്യക്തമാക്കും. ഇന്ന് ( സെപ്തംബർ 21) ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കുന്ന ഇവരെ എൻഐഎ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും.
Post Your Comments