Latest NewsIndiaNews

പ്രതിഷേധങ്ങൾക്ക് വിട; കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി

കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് രാജ്യത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ പ്രധാന വഴിത്തിരിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ന്യൂഡൽഹി: പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനുമൊടുവിൽ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി. സഭ ചേരുന്ന സമയം നീട്ടിയതില്‍ പ്രകോപിതരായ പ്രതിപക്ഷം ഉപാധ്യക്ഷനുനേരെ പാഞ്ഞടുത്തു. കയ്യാങ്കളിയുണ്ടായി. മൈക്ക് തട്ടിപ്പറിച്ചു. മിനിമം താങ്ങുവില നിലനിര്‍ത്തുമെന്നും കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. ബില്ലുകള്‍ കര്‍ഷകരുടെ മരണ വാറന്‍ഡാണെന്നും അതില്‍ ഒപ്പുവയ്ക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് രാജ്യത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ പ്രധാന വഴിത്തിരിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാർഷിക മേഖലയിൽ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് കര്‍ഷകര്‍ സ്വതന്ത്രരാകും. വരുമാനം ഇരട്ടിക്കും. അത്യആധുനിക കാര്‍ഷിക സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് ലഭ്യമാകുമെന്നും നരേന്ദ്ര മോദി വിശദീകരിച്ചു.

Read Also: കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങള്‍: സഭ സ്തംഭിച്ചു

കര്‍ഷക ശാക്തീകരണ, സംരക്ഷണ ബില്ലും വിപണയിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള കാര്‍ഷിക ഉല്‍പന്ന വ്യാപര വാണിജ്യ ബില്ലുമാണ് രാജ്യസഭ ശബ്ദ വോട്ടോടെ പാസാക്കിയത്. എന്നാൽ ചര്‍ച്ചയ്ക്ക് കൃഷിമന്ത്രി മറുപടി നല്‍കുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. സഭ ചേരുന്ന സമയം ബില്‍ പാസാക്കുന്നവരെ നീട്ടാന്‍ ഉപാധ്യക്ഷന്‍ ഹരിവംശ് തീരുമാനിച്ചു. സഭ തുടരണമെന്ന നിലപാടിനൊപ്പമാണ് ഭൂരിപക്ഷവുമെന്ന് ഉപാധ്യക്ഷന്‍റെ മറുപടി. ഭൂരിപക്ഷം മാത്രംപോര സമവായവും ധാരണയുംവേണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്.

ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. അധ്യക്ഷന്‍റെ ഡയസിലേയ്ക്ക് ഇരച്ചു കയറി. ടിഎംസി എംപി ഡെറിക് ഒബ്രിയാന്‍ റൂള്‍ ബുക്കുമായി ഉപാധ്യക്ഷന്‍റെ അടുത്തേയ്ക്ക് വരികയും മൈക്ക് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. പത്തുമിനിറ്റ് സഭ നിര്‍ത്തിവച്ചു. തുടര്‍ന്ന് പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളി. രണ്ടു ബില്ലും പാസാക്കി. ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഡിഎംകെയും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ബിജെഡിയും ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button