കൊച്ചി: ഐഎസിനൊപ്പം ചേര്‍ന്ന് ഇറാഖില്‍ യുദ്ധം ചെയ്‌തെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബഗ്ദാദിലെ മുന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനെ എന്‍ഐഎ കോടതി വിസ്തരിച്ചു. തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീന്‍ പ്രതിയായ കേസിലാണ് അദ്ദേഹത്തെ സാക്ഷിയായി എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി വിസ്തരിച്ചത്. 2016ലെ കനകമല ഐ.എസ് കേസുമായി ബന്ധപ്പെടുത്തിയാണ് സുബ്ഹാനിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഒടുവില്‍ സുബ്ഹാനിക്കെതിരെ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് വിചാരണ തുടങ്ങുകയായിരുന്നു.
സുബ്ഹാനി ഇറാഖിലെ മൂസിലില്‍ ഐ.എസിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്തിരുന്നതായാണ് ആരോപണം. കേസിന്റെ സാക്ഷിവിസ്താരവും അന്തിമവാദവും പൂര്‍ത്തിയായ ശേഷമാണ് 2015 ല്‍ ഇന്ത്യന്‍ എംബസിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വിസ്തരിക്കണമെന്ന ആവശ്യവുമായി എന്‍.ഐ.എ, കോടതിയെ സമീപിച്ചത്. കൂടുതല്‍ പ്രദേശങ്ങളും ഐ.എസിന്റെ പിടിയിലായിരുന്നെന്ന് ഇന്ത്യന്‍ എംബസിയില്‍ ജോലിചെയ്യവെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. കേസില്‍ അമ്പതോളം സാക്ഷികളെയാണ് വിസ്തരിച്ചത്. ഈ മാസംതന്നെ വിധി പറയുമെന്നാണ് സൂചന.
Post Your Comments