കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവർഷം തടവ് ശിക്ഷ. ഒന്നാം പ്രതി തടിയന്റവിട നസീർ, അഞ്ചാം പ്രതി സാബിർ എന്നിവർക്ക് 7 വർഷം കഠിന തടവും ഏഴാം പ്രതി താജുദീന് 6 വർഷവും തടവുമാണ് വിധിച്ചത്. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് തിങ്കളാഴ്ച മൂന്നുപ്രതികള്‍ക്കുമുള്ള ശിക്ഷ വിധിച്ചത്. തടിയന്റവിട നസീര്‍ 1.75 ലക്ഷം രൂപ പിഴ ഒടുക്കണം. മറ്റുരണ്ട് പ്രതികള്‍ക്ക് ഒന്നരലക്ഷം രൂപ വീതമാണ് പിഴ. മൂന്നുപേരും എന്‍.ഐ.എ കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു.
കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് കളമശേരിയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് കത്തിച്ചത്. 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രതിയായിരുന്ന പറവൂർ സ്വദേശി കെ.എ അനൂപിനെ കോടതി ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. 14 പ്രതികളുണ്ടായിരുന്ന കേസിലെ ഒരാള്‍ മരിച്ചു. മഅദനിയുടെ ഭാര്യ അടക്കം കേസിൽ പന്ത്രണ്ട് പ്രതികളാണ് വിചാരണ നേരിട്ടത്. ബാക്കിയുളളവരുടെ വിചാരണ പൂർത്തിയായിട്ടില്ല.
Post Your Comments