പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈ.എസ്. പി ആര്. ബിനുവിന്റെ നേതൃത്വത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് തെളിവെടുത്തത്. തുടര്‍ന്ന്, സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞു.
യുവതിയെ ആശുപത്രിയിലാക്കാന്‍ പോകുംവഴി ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചായിരുന്നു പീഡനം. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായി ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. അന്വേഷണം തുടരുന്നതായും കേസില്‍ പഴുതടച്ച അന്വേഷണം നടത്തി നിശ്ചിതസമയത്തിനകം പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാപൊലീസ് മേധാവി പറഞ്ഞു.
ഈ മാസം 20 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞുവന്ന പ്രതിയുടെ കോവിഡ് ടെസ്റ്റുകള്‍ എല്ലാം നെഗറ്റീവ് ആയതായും, പ്രതിയെ കൂടുതലായി ചോദ്യം ചെയ്യുമെന്നും, ജില്ലാപോലീസ് മേധാവി പറഞ്ഞു.തെളിവെടുപ്പ് തുടങ്ങിയ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തും.
അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. അതിനിടെ, ലൈംഗിക അതിക്രമത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തു വന്നിരുന്നു.
Post Your Comments