കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ചത്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, ഈ മഹാമാരിയില്‍ നിന്നും രക്ഷ നേടാന്‍ അക്ഷീണം പ്രവര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം. രോഗികള്‍ക്ക് പോലും പീഡനത്തില്‍നിന്നും രക്ഷയില്ലാതെയായി മാറിയിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ചര്‍ച്ചയായി അകാലത്തില്‍ നമ്മെവിട്ടുപിരിഞ്ഞ നടന്‍ കലാഭവന്‍ മണിയും സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറും ഒന്നിച്ച ആംബുലന്‍സ് എന്ന ഷോര്‍ട്ട് ഫിലിം.
കലാഭവന്‍ മണി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രമെന്ന പ്രത്യേകതയുണ്ട് ആംബുലന്‍സിന്. അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പ് ചിത്രീകരിച്ച ഈ ഹ്രസ്വചിത്രം ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്. ബാലഭാസ്‌കറാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അലക്‌സ് ആയൂര്‍ സംവിധാനം ചെയ്ത ആംബുലന്‍സ് അബലയായ സ്ത്രീകളോടുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ മ്ലേച്ചമായ പെരുമാറ്റങ്ങളെ തുറന്നുകാട്ടുന്നു.
ആംബുലന്‍സ് ഡ്രൈവറായാണ് ചിത്രത്തില്‍ കലാഭവന്‍ മണിയെത്തുന്നത്. വിവാഹം കഴിഞ്ഞ് പത്ത് ദിവസമാകുമ്പോഴേക്കും ജോലിയില്‍ തിരിച്ച് പ്രവേശിക്കേണ്ടി വരുന്നതിന്റെ നീരസം നിറഞ്ഞു നില്‍ക്കുന്ന ഡ്രൈവറായി താരമെത്തുന്നു. ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന യുവതിയും കൈകുഞ്ഞും അവരെ നാട്ടില്‍ കൊണ്ട് പോകാന്‍ നിര്‍ബന്ധിതനാവുന്ന ഡ്രൈവര്‍. ഇരുവര്‍ക്കുമിടയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ക്ലൈമാക്സിലൂടെ സമൂഹത്തിനു തിരിച്ചറിവ് നല്‍കുകയാണ് സംവിധായകന്‍.
ആംബുലന്‍സില്‍ ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബോബന്‍ ആലുംമൂടന്‍, റിയ സൈറ എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ആംബുലന്‍സിന്റെ കഥയും തിരക്കഥയും ഹരിപ്പാട് ഹരിലാല്‍ ആണ്. അജിത്തിന്റെ വിശ്വാസം എന്ന ചിത്രത്തിലടക്കം നിരവധി തമിഴ് സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനായിരുന്ന ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റര്‍: കെ.ശ്രീനിവാസ്. നിര്‍മ്മാണ നിര്‍വഹണം: ജയശീലന്‍ കുടവെട്ടൂര്‍. അസോസിയേറ്റ് ഡയറക്ടര്‍: കെ.ജി ഷൈജു, വസ്ത്രാലങ്കാരം: ദേവന്‍, മേക്കപ്പ് : ബിനോയ് കൊല്ലം, സൗണ്ട് ഡിസൈനര്‍: ഹരികുമാര്‍. സ്റ്റില്‍സ് : അജേഷ് ആവണി.
Post Your Comments