ന്യൂഡല്‍ഹി: എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുന്നു , ബില്ല് രാജ്യസഭ പാസാക്കി . കൊറോണയുടെ പശ്ചാത്തലത്തില്‍ എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറക്കാന്‍ നിര്‍ദ്ദേശിക്കുന്ന ബില്ല് രാജ്യസഭ പാസാക്കി. എംപിമാരുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ രാജ്യസഭ ഏകകണ്ഠേനയാണ് പാസാക്കിയത്. കൊറോണ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ വിനിയോഗിക്കുന്നതിനായാണ് ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭാവത്തില്‍ ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ സ്വാഗതം ചെയ്തു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്പളം വെട്ടിക്കുറയ്ക്കുക. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഏപ്രില്‍ ആദ്യവാരം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരും 30 ശതമാനം ശമ്പളം കുറയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലൂടെ 7,900 കോടി രൂപ സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് ലഭിക്കും.
Post Your Comments