വയനാട്: സംസ്ഥാന സർക്കാർ ഏറ്റെടുക്കൽ നടപടി ആരംഭിച്ച വയനാട്ടിലെ ഡിഎം വിംസ് മെഡിക്കൽ കോളേജിൽ മന്ത്രി ഇ പി ജയരാജന്‍റെ സഹോദരീപുത്രിക്ക് ഉയർന്ന തസ്തികയിൽ നിയമനമെന്ന് പരാതി. ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതിന് പിന്നാലെ മെഡിക്കൽ കോളേജിലെ എച്ച്ആർ വിഭാഗത്തിൽ നിയമനം നടത്തിയെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് യൂത്ത് ലീഗ് പരാതി നൽകി.
മെഡിക്കൽ കോളജിലെ ജീവനക്കാരെ ഉൾപ്പെടെ സർക്കാർ ഏറ്റെടുക്കുമെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ സഹോദരീപുത്രിക്ക് തിരക്കിട്ട നിയമനമെന്ന് കാണിച്ചാണ് യൂത്ത് ലീഗ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
വയനാട്ടിലെ ഡിഎം വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ജൂലൈ നാലിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നതിനെ അനുകൂലിച്ചായിരുന്നു സമിതി റിപ്പോർട്ട്.
എന്നാൽ, പരാതിയെ കുറിച്ച് അറിയില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവർക്ക് നിയമനം നൽകിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Post Your Comments