മോസ്കോ: റഷ്യൻ കോവിഡ് വാക്സിനായ സ്‌പുട്നിക് 5 പരീക്ഷിക്കുന്ന ഏഴിൽ ഒരാൾക്ക് എന്തെങ്കിലും തരത്തിലുളള പാർശ്വഫലങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ. ക്ലിനിക്കൽ പഠനങ്ങളിൽ നിന്ന് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ ആധാരമാക്കിയാണ് മോസ്കോ ടൈംസിന് നൽകിയ അഭിമുഖത്തിൽ മിഖായേൽ മുറാഷ്കോ ഈ പ്രസ്താവന നടത്തിയത്. വാക്സിൻ നൽകിയ 14% രോഗികളും പാർശ്വഫലങ്ങൾ അനുഭവിക്കുന്നതായി മന്ത്രി പറഞ്ഞു.
“വാക്സിൻ സ്വീകരിക്കുന്നവരിൽ ഏകദേശം 14 ശതമാനം പേർക്ക് ബലഹീനത, 24 മണിക്കൂർ പേശി വേദന, ഇടയ്ക്കിടെ ശരീര താപനിലയിൽ വർദ്ധനവ് എന്നിവയുണ്ട്. ഈ ഫലങ്ങൾ സാധാരണയാണ്, അടുത്ത ദിവസത്തോടെ രോഗലക്ഷണങ്ങൾ കുറയുന്നു.” – മുറാഷ്കോ പറഞ്ഞു.
മരുന്ന് പരീക്ഷണത്തിന് തയ്യാറായ 40,000 പേരിൽ 300 പേർക്കാണ് ഇതുവരെ പരീക്ഷണം നടത്തിയത്. ആദ്യ ഘട്ട പരീക്ഷണത്തിന് 21 ദിവസ ശേഷമാണ് രണ്ടാംഘട്ട ഇഞ്ചക്ഷൻ നൽകുക. പൊതുജനങ്ങൾക്ക് നവംബറിലോ ഡിസംബർ ആദ്യമോ നൽകുമെന്ന് റഷ്യൻ ആരോഗ്യമന്ത്രി പറഞ്ഞു.
Post Your Comments