റിയാദ് : സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിൽ പ്രതികളായ എട്ടു പേർക്ക് ശിക്ഷ വിധിച്ചു. അഞ്ചുപേര്‍ക്ക് 20 വര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും രണ്ടുപേര്‍ക്ക് ഏഴ് വര്‍ഷവും ജയിൽ ശിക്ഷയാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വിധിച്ചത്. പിതാവിന്റെ ഘാതകര്‍ക്ക് മാപ്പ് നല്‍കുന്നതായി മകന്‍ സലാഹ് ഖഷോഗി മുമ്പ് പറഞ്ഞിരുന്നു. ഇതോടെയാണ് പ്രതികളെ വധശിക്ഷയില്‍ നിന്നും കോടതി ഒഴിവാക്കിയത്.
2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി ഭരണകൂടത്തെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി, തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. മൃതദേഹം തുണ്ടം തുണ്ടമാക്കി നശിപ്പിച്ചു കളയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുര്‍ക്കി സ്വദേശിനിയായ കാമുകി ഹാറ്റിസ് സെന്‍ജിസുമായുള്ള വിവാഹത്തിനുള്ള രേഖകള്‍ ശരിയാക്കാനായാണ് ഖഷോഗി ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. ഹാറ്റിസിന് കോണ്‍സുലേറ്റിനുള്ളിലേക്കു പ്രവേശനം നല്‍കിയില്ല. 11 മണിക്കൂര്‍ കാത്തിരുന്നിട്ടും ഖഷോഗിയെ കാണാതായതിനെ തുടര്‍ന്നു ഹാറ്റിസ് പരാതി നല്‍കിയതോടെയാണ് കൊലപാതകം വിവരം പുറംലോകമറിഞ്ഞത്.
Post Your Comments