ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നു സപ്തതി; സേവനത്തിലുടെ ആഘോഷത്തിനൊരുങ്ങി ബി.ജെ.പി. ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള സേവന വാരാചരണം 14 നു ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യും. രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലെയും 70 കേന്ദ്രങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശുചിയാക്കും. കോയമ്പത്തുര് ക്ഷേത്രത്തില്‍ 70 കിലോഗ്രാം ഭാരമുള്ള ലഡ്ഡു സമര്‍പ്പിച്ചാകും ദക്ഷിണേന്ത്യയിലെ പ്രധാന ആഘോഷവും പ്രാര്‍ഥനയും. ജനസേവനമാണു മോദിയുടെ ജീവിതലക്ഷ്യമെന്നു ജെ.പി. നഡ്ഡ പറഞ്ഞു. അതിനാലാണു സേവന വാരാചരണം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയുടെ വിജയമന്ത്രങ്ങള്‍,
*കഠിനാധ്വാനം ക്ലേശമല്ല, അതു സംതൃപ്തി തരും.
*ജീവിതകാലം മുഴുവന്‍ നാം വിദ്യാര്‍ഥികളായി തുടരണം. ജീവിക്കുന്ന ഓരോ നിമിഷങ്ങളില്‍നിന്നും പുതിയ അറിവുകള്‍ നേടണം.
*ദരിദ്രനായ ഒരു പിതാവിന്റെ മകന് പ്രധാനമന്ത്രിയായി നിങ്ങള്‍ക്കു മുന്നില്‍ നില്ക്കുന്നു. ഇതാണു ജനാധിപത്യത്തിന്റെ ശക്തി.
*ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. നിങ്ങള്‍ 12 മണിക്കൂര്‍ ജോലി ചെയ്താല്‍ ഞാന്‍ 13 മണിക്കൂര്‍ ജോലിയെടുക്കും. നിങ്ങള്‍ 14 മണിക്കൂര്‍ ജോലി ചെയ്താല്‍ ഞാന്‍ 15 ഉം.
*ഞാന്‍ പ്രധാനമന്ത്രിയല്ല, പ്രധാന സേവകനാണ്.
ഉത്തര ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗര്‍ എന്ന ഒരു ഗ്രാമത്തില്‍ പലചരക്കു വ്യാപാരികളുടെ കുടുംബത്തിലാണ് 1950 സെപ്റ്റംബര്‍ 17-ല്‍ നരേന്ദ്ര മോദി ജനിച്ചത്. ദാമോദര്‍ദാസ് മൂല്‍ചന്ദ് മോഡിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളില്‍ മൂന്നാമന്. എട്ട് വയസുള്ളപ്പോഴാണ് ആര്.എസ്.എസില്‍ ചേര്‍ന്നത്. സൈനികനാകണെമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
എന്നാല്‍, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം മുടങ്ങി. കൗമാരകാലഘട്ടത്തില്‍ സഹോദരനോടൊപ്പം അദ്ദേഹം ഒരു ചായക്കടയും നടത്തിയിരുന്നു.പിന്നീട് ഡല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഡിഗ്രിയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി.
1971 ല്‍ ആര്.എസ്.എസ്. പ്രചാരകനെന്ന നിലയിലാണ് അദ്ദേഹം നേതൃപാടവം അറിയിച്ചത്. 1985 ല്‍ ബി.ജെ.പി. നേതൃത്വത്തിലേക്ക് ആര്.എസ്.എസ്. നിയോഗിച്ചു. പാര്‍ട്ടിയെ ഗുജറാത്തില്‍ അധികാരത്തിലെത്തിച്ചത് മോഡിയുടെ സംഘാടകനെന്ന നിലയിലുള്ള മികവാണ്. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി.
2013 സെപ്റ്റംബറിലാണ് അദ്ദേഹത്തെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത്. 2014 മേയ് 26 ന് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യക്കു സ്വതന്ത്ര്യം ലഭിച്ചശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രികൂടിയായി അദ്ദേഹം.രണ്ട് തവണ തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ഏക കോണ്‍ഗ്രസ് ഇതര നേതാവ് കൂടിയാണു നരേന്ദ്ര മോദി.
Post Your Comments