സിപിഎം നേതാവ് എംഎ ബേബി കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടി ആശുപത്രി വിട്ടതിന് പിന്നാലെ ഹൃദയ സ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുമായി ഭാര്യ ബെറ്റി ലൂയിസ്. നേരത്തെ ബെറ്റിയും കോവിഡ് ബാധിച്ച് രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. ആശുപത്രിയില്‍ പരിചരിച്ച നഴ്സുമാര്‍ക്കും സര്‍ക്കാറിന്റെ കരുതലിനും അവര്‍ നന്ദി പറഞ്ഞാണ് അവര്‍ കുറിപ്പ് തുടങ്ങുന്നത്.
തന്റെ രോഗവിവരങ്ങള്‍ അറിയുന്നതിനു വേണ്ടി ബേബിയുടെ ജീവിച്ചിരിപ്പില്ലാത്ത രണ്ടാമത്തെ ജ്യേഷ്ഠന്‍ എം എ ബാബുവിന്റെ ഭാര്യ മേരി ചേച്ചി ബേബിയെ ഫോണില്‍ വിളിച്ച അവസരത്തില്‍, തന്റെ കോവിഡ് രോഗം പെട്ടന്ന് മാറാന്‍ പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞതായും അപ്പോള്‍ പ്രാര്‍ത്ഥനയെ വിമര്‍ശിക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ മുതിരുന്ന ബേബിയുടെ സ്വഭാവം പുറത്തു വന്നുവെന്നും ‘ദൈവത്തോട് പറയൂ ഈ കോവിഡ് രോഗം തന്നെ ഒറ്റയടിക്ക് ഭൂമിയില്‍ നിന്നു പിന്‍വലിക്കാന്‍. അതിനു ബുദ്ധിമുട്ടിട്ടുണ്ടെങ്കില്‍ ബേബിക്കു കൂടി കോവിഡ് കൊടുത്താല്‍ മതിയെന്ന് ബേബി ചേച്ചിയോട് പറഞ്ഞവെന്നും അങ്ങനെയെങ്കില്‍ ബെറ്റിയുടെ അടുത്ത മുറിയില്‍ അഡ്മിറ്റാകാമല്ലോ എന്നും ബേബി പറഞ്ഞതായി അവര്‍ കുറിപ്പില്‍ പറയുന്നു.
തുടര്‍ന്നുള്ള കുറിപ്പില്‍ അടുത്തടുത്ത മുറിയില്‍ ആയിരുന്നിട്ടും ഇരുവര്‍ക്കും തമ്മില്‍ കാണാന്‍ സാധിക്കാത്തതിന്റെ സങ്കടവും ബെറ്റി കുറിപ്പില്‍ പങ്കുവച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൊട്ടടുത്ത മുറികളിലാണ് ചികിത്സിയില്‍ കഴിഞ്ഞിരുന്നെങ്കിലും ഒന്നും കാണാന്‍ പോലും കഴിയാത്ത വേദനയും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു. അടുത്തടുത്ത മുറികളിലായിരുന്നങ്കിലും തങ്ങള്‍ക്ക് തമ്മില്‍ കാണുന്നതിന് അനുമതി ഇല്ലായിരുന്നു. ബേബിയെ രണ്ടു പ്രാവശ്യമായി ഐ സി യു വില്‍ ചികില്‍സിക്കേണ്ടതായി വന്നു. ബേബിയുടെ പ്രധാന ലക്ഷണങ്ങള്‍ക്ക് തന്നില്‍ നിന്നും വളരെ മാറ്റമുണ്ടായിരുന്നുവെന്നും ബെറ്റി പറയുന്നു. മൊത്തത്തില്‍ വളരെ വളരെ അവശനായിരുന്നു ബേബി. മാത്രമല്ല ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവലില്‍ വ്യതിയാനം സംഭവിച്ചുകൊണ്ടിരുന്നു. രുചിക്കുറവുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിയതിനു ശേഷം സംസാരിക്കാനും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഒരു അക്ഷരം പറയാന്‍ ശ്രമിക്കുമ്പോഴേക്കും ചുമ വരുമായിരുന്നു. ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ കുറഞ്ഞതിനാല്‍ ഓഗസ്റ്റ് 12നു ബേബി ഓക്‌സിജന്‍ സപ്പോര്‍ട്ടോടു കൂടി ഐ സി യുവിലേക്കു മാറ്റപ്പെട്ടു. അവിടെ സി ടി സ്‌കാനിനു ശേഷം ബേബിക്കും എന്നെ പോലെ ബ്രോങ്കല്‍ ന്യൂമോണിയ ആണെന്ന് സ്ഥിരീകരിയ്ക്കപ്പെട്ടുവെന്നും ബെറ്റി കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ചിറകില്ലാത്ത മാലാഖമാര്‍ക്കും
സര്‍ക്കാരിന്റെ കരുതലിനും നന്ദി…??
ജൂലൈ 31നു ഞാന്‍ അസുഖമായി വീട്ടില്‍ നിന്നും മാറിയ ശേഷം തങ്കച്ചന്‍ ചേട്ടന്റെ കാര്യമുള്‍പ്പെടെയുള്ള മറ്റു വീട്ടുകാര്യങ്ങള്‍ മുഴുവനും നോക്കി നടത്തിയിരുന്നത് ബേബി ഒറ്റക്കാണ്. കൊച്ചിയിലുള്ള മകന്‍ അപ്പു തിരുവനന്തപുരത്തേക്കു വരാനിരുന്നത് അറിയാനിടയായ ബേബി അത് വിലക്കി. മൂന്നര വയസ്സുള്ള പേരക്കുട്ടി ഉള്ളത് കൊണ്ട് വിശേഷിച്ചും കോവിഡ് പശ്ചാത്തലത്തില്‍ ഇവിടേക്ക് വരരുത് എന്ന് തന്നെ കര്‍ശനമായി അറിയിച്ചു. ചേട്ടന്റെ ചില കാര്യങ്ങളില്‍ സഹായിക്കാനായി ഡോ ശ്രീകുമാര്‍ ഏല്പിച്ചു കൊടുത്ത രാജേഷ് വന്നു പോകുമായിരുന്നു. വീട് വൃത്തിയാക്കല്‍ മുതല്‍ തങ്കച്ചന്‍ ചേട്ടനെ ഊട്ടുന്നത് വരെയുള്ള ജോലികള്‍ ചെയ്യേണ്ടിയിരുന്നത് കൊണ്ട് ഉറക്ക കുറവും ക്ഷീണവും കലശാലയി ഉണ്ടായിരുന്നു.
അച്ഛനും മക്കളും ദിവസേന വാട്‌സ്ആപ്പ് വീഡിയോ വഴി കാണുക പതിവാണ് . അച്ഛന്‍ ക്ഷീണിതനായി കാണപ്പെടുന്നു എന്ന് മാത്രമല്ല അച്ഛന്റെ നിറത്തിലും മാറ്റമുണ്ട് എന്നവര്‍ക്കു തോന്നി.
മോള്‍ക്കും അപ്പുവിനും അച്ഛന് കോവിഡ് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നിയതിനാല്‍ ഒന്ന് കൂടെ അച്ഛന്‍ കോവിഡ് ടെസ്റ്റിനു വിധേയനാവണമെന്ന് നിര്‍ബന്ധിച്ചു പറഞ്ഞു. അതിനെ തുടര്‍ന്ന് ഡോക്ടര്‍ ശ്രീകുമാറും രാജനും കൂടി ഒരിക്കല്‍ കൂടി ബേബിയെ ടെസ്റ്റ് ചെയ്യാനായി ഓഗസ്റ്റ് 7ആം തിയ്യതി ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി…ബേബി പോസിറ്റീവ് ആണെന്ന് ഫലം വന്നു. ബേബി ആശുപത്രിയിലാവുന്നതോടു കൂടി തങ്കച്ചന്‍ ചേട്ടന്‍ വീട്ടില്‍ ഒറ്റക്കാകുമെന്ന പ്രശ്‌നം ഉയര്‍ന്നു വന്നു. അതുകൊണ്ടു ചേട്ടനെ കൊല്ലം NS ആശുപത്രിയിലേക്കു എത്തിക്കയാണ് ഉചിതമെന്നു പാര്‍ട്ടി സഖാക്കളുമായി കൂടി സംസാരിച്ചു ധാരണയാക്കി. അന്ന് തന്നെ സഖാവ് രാജന്‍ ആംബുലന്‍സില്‍ ചേട്ടനെ കൊല്ലത്തേക്ക് കൊണ്ടുപോയി.
ഈ വിവരങ്ങളൊന്നും മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന എന്നെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. സി ടി സ്‌കാന്‍ എടുക്കുന്നതിനായി എന്നെ കൊണ്ടുപോകുന്നതിനു മുന്‍പായി ശൈലജ ടീച്ചര്‍ ഫോണില്‍ വിളിച്ചു..എനിക്കു വിഷമം തോന്നാതിരിക്കാന്‍ വളരെ കരുതലോടെ പറഞ്ഞു..ബേബിക്കു ഒന്ന് കൂടി ടെസ്റ്റ് ചെയ്യേണ്ടി വന്നു. ഫലം പോസിറ്റീവ് ആണ്. ബെറ്റിയുടെ അടുത്തേക്ക് തന്നെയാണ് വരുന്നത് എന്ന്.
ഒരാഴ്ച മുന്നേ ജൂലൈ 31നു കോവിഡ് സ്ഥിരീകരിക്കപ്പെട്ട് ഞാന്‍ IMG യിലേക്ക് പുറപ്പെടുന്ന സമയം ബേബി ഡോക്ടര്‍ ശ്രീകുമാറിനോട്, ഉത്കണ്ഠയോട് കൂടി സംസാരിക്കുന്നത്, എനിക്ക് കേള്‍ക്കാമായിരുന്നു…ഡോക്ടര്‍ വിശദീരീകരിക്കുന്നുണ്ടായിരുന്നു അവിടെ ഗേറ്റിനകത്തേക്ക് പോലും ആരെയും കയറ്റി വിടില്ല എന്ന്…എന്റെ രോഗവിവരങ്ങള്‍ അറിയുന്നതിനു വേണ്ടി ബേബിയുടെ ജീവിച്ചിരിപ്പില്ലാത്ത രണ്ടാമത്തെ ജ്യേഷ്ഠന്‍ എം എ ബാബുവിന്റെ ഭാര്യ മേരി ചേച്ചി ബേബിയെ ഫോണില്‍ വിളിച്ച അവസരത്തില്‍, എന്റെ കോവിഡ് രോഗം പെട്ടന്ന് മാറാന്‍ പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞു. പ്രാര്‍ത്ഥനയെ വിമര്‍ശിക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ മുതിരുന്ന ബേബിയുടെ സ്വഭാവം പുറത്തു വന്നു. ബേബി ചേച്ചിയോട് പറഞ്ഞു ‘ദൈവത്തോട് പറയൂ ഈ കോവിഡ് രോഗം തന്നെ ഒറ്റയടിക്ക് ഭൂമിയില്‍ നിന്നു പിന്‍വലിക്കാന്‍. അതിനു ബുദ്ധിമുട്ടിട്ടുണ്ടെങ്കില്‍ ബേബിക്കു കൂടി കോവിഡ് കൊടുത്താല്‍ മതി. ബെറ്റിയുടെ അടുത്ത മുറിയില്‍ അഡ്മിറ്റാകാമല്ലോ’……എന്തായാലും ബേബി മെഡിക്കല്‍ കോളേജ് ആശുപസ്ത്രിയിലെ എന്റെ തൊട്ടടുത്ത മുറിയില്‍ തന്നെ അഡ്മിറ്റ് ചെയ്യപ്പെട്ടു.
ഓഗസ്റ്റ് 7നു ബേബി ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്നിറങ്ങുമ്പോള്‍ കെട്ടിടത്തിന്റെ മുറ്റത്തു വെച്ച് ഞങ്ങള്‍ക്ക് ഏതാനും നിമിഷം ആകസ്മികമായി തമ്മില്‍ കാണാന്‍ അവസരമുണ്ടായി. സ്‌കാനിങ് സെന്ററിലേക്കു എന്നെ സ്ട്രച്ചറില്‍ ഉന്തി കൊണ്ടുപോവുമ്പോഴായിരുന്നു അത്….
അടുത്തടുത്ത മുറികളിലായിരുന്നങ്കിലും ഞങ്ങള്‍ക്ക് തമ്മില്‍ കാണുന്നതിന് അനുമതി ഇല്ലായിരുന്നു.
ബേബിയെ രണ്ടു പ്രാവശ്യമായി ഐ സി യു വില്‍ ചികില്‍സിക്കേണ്ടതായി വന്നു …ബേബിയുടെ പ്രധാന ലക്ഷണങ്ങള്‍ക്ക് എന്നില്‍ നിന്നും വളരെ മാറ്റമുണ്ടായിരുന്നു. മൊത്തത്തില്‍ വളരെ വളരെ അവശനായിരുന്നു ബേബി. മാത്രമല്ല ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവലില്‍ വ്യതിയാനം സംഭവിച്ചുകൊണ്ടിരുന്നു. …രുചിക്കുറവുണ്ടായിരുന്നു….ആശുപത്രിയില്‍ എത്തിയതിനു ശേഷം സംസാരിക്കാനും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..ഒരു അക്ഷരം പറയാന്‍ ശ്രമിക്കുമ്പോഴേക്കും ചുമ വരുമായിരുന്നു…ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ കുറഞ്ഞതിനാല്‍ ഓഗസ്റ്റ് 12നു ബേബി ഓക്‌സിജന്‍ സപ്പോര്‍ട്ടോടു കൂടി ഐ സി യുവിലേക്കു മാറ്റപ്പെട്ടു. അവിടെ സി ടി സ്‌കാനിനു ശേഷം ബേബിക്കും എന്നെ പോലെ ബ്രോങ്കല്‍ ന്യൂമോണിയ ആണെന്ന് സ്ഥിരീകരിയ്ക്കപ്പെട്ടു.
ഐ സി യു വില്‍ ബേബിക്കു ഒപ്പമുണ്ടായിരുന്ന മൂന്ന് കോവിഡ് രോഗികള്‍ക്കു രോഗം നിയന്ത്രതീതമായി. അവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ഒരു രോഗി ബേബിയുടെ തൊട്ടടുത്ത കിടക്കയില്‍ കിടന്നു മരണപ്പെട്ടു… കൂടാതെ അമ്മയ്ക്കു കോവിഡ് രോഗമായതിനാല്‍ ആറര മാസം പ്രായമുള്ള കുഞ്ഞിന ആ മുറിയില്‍ വെച്ച് തന്നെ സിസ്സേറിയന്‍ ചെയ്തു പുറത്തെടുക്കേണ്ടതായും വന്നു…
ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ സാധാരണ നിലയിലേക്ക് വന്നപ്പോള്‍ ഐ സി യു വില്‍ നിന്നും 15നു രാത്രി തിരികെ മുറിയിലേക്ക് ബേബിയെ കൊണ്ടുവന്നു. ഡോക്ടര്‍മാര്‍ അനുവദിച്ചത് കൊണ്ട് എനിക്കു കുറച്ചു സമയം അന്ന് രാത്രിയും പിറ്റേന്ന് രാവിലെയും ബേബിയുടെ കൂടെ ഇരിക്കുവാന്‍ സൗകര്യപ്പെട്ടു. പിന്നീട് അവിടെ ചെല്ലുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ വിലക്കി…കാരണം എനിക്ക് ഓഗസ്റ്റ് 9നു കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിട്ടുണ്ടായിരുന്നു. വീണ്ടും അസുഖം ബേബിയില്‍ നിന്നും പകര്‍ന്നാലോ എന്നതായിരുന്നു അവരുടെ ഭയം. 16നു ഉച്ചയോടു കൂടി ബേബിയ്ക്കു വീണ്ടും ഓക്‌സിജന്‍ ലെവല്‍ കുറയുകയും മുറിയില്‍ തന്നെ ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുകയും ചെയ്തു…
ആരും കാണാതെ (ക്യാമറ കണ്ണുകള്‍ കണ്ടിരിക്കും) മാസ്‌ക്കെല്ലാം ധരിച്ചു് ഞാന്‍ തൊട്ടടുത്ത മുറിയിലുള്ള ബേബിയെ വാതിലിന്റെ അടുത്ത് പോയി നോക്കുമായിരുന്നു…ഇത്രക്കും അവശതയോടെ കിടക്കുന്ന ബേബിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. മിക്കവാറും ചുരുണ്ടു കൂടി കിടക്കുകയായിരുന്നു…ഡല്‍ഹിയില്‍ വെച്ച് ബേബിക്കു മലേറിയ വന്നപ്പോള്‍ പോലും ഇത്ര അവശനായി ഞാന്‍ കണ്ടിട്ടില്ല. അന്ന് വൈകുന്നേരം പോയി നോക്കിയപ്പോള്‍ ഒരു പ്രതികരണവുമില്ലാതെ ക്ഷീണിച്ചു കുഴഞ്ഞു കിടക്കുന്ന ബേബിയെയാണ് കണ്ടത്..പേരെടുത്തു വിളിച്ചപ്പോള്‍ എന്നെ ഒന്ന് നോക്കി എന്ന് മാത്രം. അപ്പോഴേക്കും ആരോഗ്യപ്രവര്‍ത്തകര്‍ വളരെ വേഗതയോടു കൂടി ബേബിയെ സ്ട്രെച്ചറിലേക്ക് മാറ്റി വീണ്ടും ഐ സി യു വിലേക്കു കൊണ്ട് പോയി…ഞാന്‍ കണ്ട സമയത്ത്, ഓക്‌സിജന്‍ കൊടുത്തുകൊണ്ടിരിക്കെ ഓക്‌സിജന്‍ ലെവല്‍ താഴോട്ട് പോവുകയായിരുന്നു..ഞങ്ങളുടെ ഭാഗ്യത്തിന് സമയത്തിന് എല്ലാവരും കൃത്യതയോടുകൂടി പ്രവര്‍ത്തിച്ചു ….ഓക്‌സിജന്‍ ലെവല്‍ ഡിപ് ആയി എന്ന് മാത്രമല്ല ബേബിയുടെ പൊട്ടാസിയം ലെവല്‍ ക്രമതീതമായി കൂടിപോയിരുന്നു….ജീവിതത്തില്‍ വളരെയധികം സങ്കടപ്പെട്ട ഒരു സന്ദര്‍ഭമായിരുന്നു അത്…പിന്നെ എല്ലാം നോര്‍മല്‍ ആയപ്പോള്‍ തിരികെ 20നു മുറിയിലേക്ക് കൊണ്ട് വന്നു…ഞങ്ങള്‍ രണ്ടു പേരും 24നു വീട്ടിലെത്തി…ഇപ്പോള്‍ ഞങ്ങള്‍ കോവിഡ് മുക്താരാണെങ്കിലും ജലദോഷം ഉള്‍പ്പെടെ ഏതെങ്കിലും അസുഖങ്ങള്‍ പിടി കൂടുന്നത് അപകടകാരമാണ് എന്ന് ശക്തമായ താകീത് Dr അരവിന്ദ് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കിയിരുന്നു.
തങ്കച്ചന്‍ ചേട്ടനെ ആംബുലന്‍സില്‍ N S ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയ എ കെ ജി സെന്ററിലെ സഖാവ് രാജനും രണ്ടു ദിവസങ്ങള്‍ക്കു ശേഷം ടെസ്റ്റ് ചെയ്തപ്പോള്‍ രോഗം സ്ഥിരീകരിച്ചു. ഞങ്ങളെ രണ്ടു പേരെയും മക്കളെയും തങ്കച്ചന്‍ ചേട്ടനെയും സ്വന്തം കുടുംബാംഗം എന്ന പോലെ കരുതി കൂടെ നിന്ന സഖാവാണ് രാജന്‍…
തങ്കച്ചേട്ടനെ N S ആശുപത്രിയില്‍ നിന്നും പിറ്റേന്ന് തന്നെ പാരിപ്പിള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെ വെച്ച് അദ്ദേഹത്തിനും കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു. കൊല്ലത്തെ പാര്‍ട്ടിയും അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകരും കിടപ്പു രോഗിയായ അദ്ദേഹത്തെ കുടുംബാംഗത്തെ പോലെ ശ്രദ്ധിച്ചു പരിപാലിച്ചു… ഇക്കാര്യങ്ങള്‍ ഏകോപിപ്പിച്ച സഖാക്കള്‍ SRP, കോടിയേരി, കെ എന്‍ ബാലഗോപാല്‍, S സുദേവന്‍, സജീവന്‍, P രാജേന്ദ്രന്‍, K വരദരാജന്‍, ആര്‍ എസ് ബാബു, മോഹനന്‍, ജിത്തു, കൊട്ടിയം രാജേന്ദ്രന്‍, S നാസര്‍, സോമരാജന്‍ സാര്‍, ചവറ പ്രശാന്ത്, മുത്തു, രാജന്‍, Dr ശ്രീകുമാര്‍, പാരിപ്പിള്ളി ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേകിച്ച് Dr സന്തോഷ്, Dr ഹബീബ് നസീം, അരുണ്‍ എന്നിവര്‍ക്ക് സ്‌നേഹപൂര്‍വ്വം നന്ദി..
ഒരു ശ്രദ്ധേയമായ വസ്തുത…തങ്കച്ചന്‍ ചേട്ടനും, പ്രമോദിനും, രാജനും asymptomatic കോവിഡ് രോഗ ബാധ യാണുണ്ടായത്. ഒരാഴ്ചക്കുള്ളില്‍ ഇവര്‍ക്കു രോഗം ഭേദപ്പെടുകയും ചെയ്തു. കാര്യമായ ശരീരിക പ്രശ്‌നങ്ങള്‍ കൂടാതെ…
ഞങ്ങളുടെ ആശുപത്രി ദിനങ്ങളില്‍ പ്രത്യേക തരത്തിലുള്ള തൂവെള്ള അല്ലെങ്കില്‍ ഇളം നീല വസ്ത്രങ്ങളണിഞ്ഞ, ചിറകുകളില്ലാത്ത, ഭൂമിയിലെ മാലാഖമാര്‍ ഞങ്ങള്‍ക്ക് കൂട്ടായിട്ടുണ്ടായിരുന്നു… അവരില്ലായിരുന്നെങ്കില്‍ ഞങ്ങളിന്നില്ല…അവര്‍ പലരും പുരുഷനാണോ സ്ത്രീയാണോ എന്ന് പോലും നമുക്കറിയാന്‍ സാധിക്കില്ല.. കാണാന്‍ പലരും ഏറെക്കുറെ ഒരേപോലെ…രാപ്പകലറിയാതെ അന്യര്‍ക്കു വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായി പ്രവര്‍ത്തിക്കുന്ന അവരില്‍ ഡോക്ടര്‍മാരും സിസ്റ്റര്‍മാരും ബ്രദര്‍മാരും, ആശുപത്രി അണുവിമുക്തമാക്കി വൃത്തിയാക്കി വെക്കാന്‍ പരിശ്രമിക്കുന്ന ജീവനക്കാരും ഉണ്ട്… അതില്‍ പലര്‍ക്കും പറക്കമുറ്റാത്ത മക്കളുണ്ട്… മക്കളെ മാസങ്ങളായി കണ്ടിട്ടില്ലാത്തവരാണധികവും…ഈ മാലാഖമാര്‍ക്ക് ചിറകുകളില്ലാത്തതു കൊണ്ട് പറക്കാന്‍ പറ്റില്ലല്ലോ… എന്തൊരു സ്‌നേഹമാണവര്‍ക്കു… എല്ലാവരെയും ഒരേപോലെ കാണാന്‍ അവര്‍ക്കു കഴിയുന്നു…
ഞാന്‍ ആവര്‍ത്തിക്കുകയാണ്…സംസ്ഥാന സര്‍ക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല…ഓരോ രോഗിക്കുമുള്ള മരുന്നടക്കമുള്ള പരിചരണം… ചൂടും വൃത്തിയുമുള്ള പൊതി ചോറ്…കൃത്യ സമയങ്ങളിലെ ഭക്ഷണം…ആശുപത്രിയിലെ വൃത്തി…ഇതെല്ലാം ഒരു പബ്ലിസിറ്റിയും കൊടുക്കാതെയുള്ള, കേരളത്തില്‍ മാത്രം ലഭിക്കുന്ന സംരക്ഷണമാണ്… ലക്ഷണങ്ങളോട് കൂടി അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിക്കു എത്ര രൂപയുടെ മരുന്നാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുന്നത്? ഈ സര്‍ക്കാരിനും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യ മന്ത്രി സ. പിണറായി വിജയനും , എല്ലാവരുടെ ആരോഗ്യത്തിനും സ്വന്തം ആരോഗ്യത്തേക്കാള്‍ പ്രാധാന്യം നല്‍കി, വളരെ പക്വതയോടെയും കൈ ഒതുക്കത്തോട് കൂടിയും കേരളത്തിലെ ആരോഗ്യ രംഗത്തെ മൊത്തം സംരക്ഷിച്ചു പോരുന്ന ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്കും ഒരു റെഡ് സല്യൂട്ട്..
Post Your Comments