ഹൈദരാബാദ് : ആന്ധ്രയിലെ നിര്‍ബന്ധിത മതപ്രചാരകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജഗൻ മോഹൻ റെഡ്ഢി സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം . കേന്ദ്ര ആഭ്യന്തര മന്ത്രാലയവും , സാമൂഹ്യ നീതി വകുപ്പുമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാരിനും , സംസ്ഥാന സാമൂഹ്യനീതി വകുപ്പിനും പ്രത്യേക നിര്‍ദേശം നല്‍കിയത് . സംസ്ഥാനത്ത് ദളിത് സമുദായത്തില്‍പ്പെട്ട നിരവധി പേരെയാണ് ക്രിസ്തുമതത്തിലേയ്ക്ക് മാറ്റിയത്.
ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം ഇതു സംബന്ധിച്ച പരാതി കേന്ദ്ര സര്‍ക്കാരിനു കൈമാറിയിരുന്നു . ഇതിന്മേലാണ് പുതിയ ഉത്തരവ്. സാമ്പത്തിക നേട്ടം സൂചിപ്പിച്ചോ , ഭീഷണിപ്പെടുത്തിയോ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് ലീഗല്‍ പ്രൊട്ടക്ഷന്‍ ഫോറം ആവശ്യപ്പെട്ടിരുന്നത്. ആന്ധ്രാപ്രദേശിലെ സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ മന്ത്രാലയം എല്‍ആര്‍പിഎഫിന്റെ ഇമെയിലിന്റെ ഉള്ളടക്കവും കൈമാറിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യാപരമായ വിശദാംശങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ സമുദായ നയം, വിവിധ ജില്ലകളിലെയും മണ്ഡലങ്ങളിലെയും അനുപാതമില്ലാത്ത പള്ളികളുടെ എണ്ണം, പട്ടികജാതി / പട്ടികവര്‍ഗക്കാരുടെ വ്യക്തിത്വം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാര്‍ തേടിയിട്ടുണ്ടെന്നാണ് സൂചന .
പ്രയാസങ്ങളും ദുരിതങ്ങളും അഭിമുഖീകരിക്കുന്ന ഇമാമുകള്‍, ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ എന്നിവരടങ്ങുന്ന എല്ലാ ‘മതസേവന പ്രവര്‍ത്തകര്‍ക്കും ആന്ധ്ര സര്‍ക്കാര്‍ കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ ഓണറേറിയം നല്‍കി. ഇതില്‍ 7000 ഇമാമുകള്‍, 29,841 പാസ്റ്റര്‍മാര്‍ എന്നിവര്‍ക്ക് ഒറ്റത്തവണ ഓണറേറിയത്തില്‍ 34 കോടി രൂപ നല്‍കി, അത് ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലൂടെ ഒറ്റത്തവണ സര്‍ക്കാര്‍ ഓണറേറിയം ലഭിച്ച 29,841 ക്രിസ്ത്യന്‍ പാസ്റ്റര്‍മാരില്‍ 70% പേര്‍ക്കും എസ്‌സി / ഒബിസി ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് ലീഗല്‍ പ്രൊട്ടക്ഷന്‍ ഫോറം കേന്ദ്ര സര്‍ക്കാരിനു കൈമാറിയത്.
ഹിന്ദു ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികളില്‍ ഒരു വലിയ ശതമാനമാണ് ഒറ്റത്തവണ ദുരിതാശ്വാസ ഓണറേറിയമായ പണം നേടിയെടുത്തതെന്നും പരാതിയില്‍ പറയുന്നു. ഇതിൻമേൽ ആണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതും.
Post Your Comments