കൊൽക്കത്ത: നിർധനരായ ബ്രാഹ്മണ പുരോഹിതന്മാർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപൻഡായി നൽകു ന്ന പദ്ധതിയുമായി പശ്ചിമ ബംഗാൾ സർക്കാർ. വിജയ ദശമിയോടനുബന്ധിച്ചാണ് പദ്ധതി ആരംഭിക്കുക. എണ്ണായിരത്തോളം സാധു ബ്രാഹ്മണരുടെ അപേക്ഷയിന്മേലാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് സർക്കാറിന് ഹിന്ദു വിരുദ്ധ മനോഭാവമാണെന്ന ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് ഈ നടപടി.
ഇതിന് പുറമെ ദളിത് അക്കാദമി സ്ഥാപിക്കുന്നതും ഹിന്ദി അക്കാദമിയുടെയും രാജ്ബാൻഷി അക്കാദമിയുടെയും വിപുലീകരണവും മമത പ്രഖ്യാപിച്ചു. കൂടാതെ, സർക്കാറിന്റെ “സർബ ധർമ്മ സമൻവേ” സമീപനത്തിന്റെ ഭാഗമായി 14-ാം നൂറ്റാണ്ടിലെതായ ബിഷ്ണുപൂരിലെ പൈതൃക ക്ഷേത്രങ്ങൾ പുന:സ്ഥാപിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ജില്ലകളിലെ മന്ദിരങ്ങൾ, മസ്ജിദുകൾ, ഗുരുദ്വാരകൾ എന്നിവ പുന:സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും സർക്കാർ അനാവരണം ചെയ്തു.
പശ്ചിമ ബംഗാളിലെ പുതിയ പാർട്ടി കമ്മറ്റിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വെർച്വൽ മീറ്റിങ്ങിനിടെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ മമത ബാനർജി സർക്കാരിന് ഹിന്ദു വിരുദ്ധ മനോഭാവമാണെന്നും അത് സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങൾ വർധിപ്പിക്കുന്നുവെന്നും ആരോപിച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മമത സർക്കാർ ന്യൂനപക്ഷ പ്രീതിപ്പെടുത്തൽ നയങ്ങളാണ് പിന്തുടരുന്നതെന്നും ബി.ജെ.പി അധ്യക്ഷൻ ആരോപിച്ചിരുന്നു.
Post Your Comments