ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്കാരത്തിലോ നിയമത്തിലോ ഇല്ലാത്തതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരടങ്ങിയ രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
“നമ്മുടെ നിയമവും സമൂഹംവും മൂല്യങ്ങളും ഇത്തരം വിവാഹത്തെ അംഗീകരിക്കുന്നില്ല. ഇത് സ്വവര്‍ഗ്ഗ ദമ്പതികള്‍ക്കിടയിലുള്ള ഒരു സംസ്‌കാരമാണ്,” ഡല്‍ഹി ഹൈക്കോടതിയില്‍ മേത്ത പറഞ്ഞു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമല്ലാതാക്കുന്നതേയുള്ളൂ എന്നും മേത്ത കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഐ.പി.സി 370 സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് റദ്ദാക്കിയിരുന്നു. എങ്കിലും സ്വവര്‍ഗ വിവാഹം നിയമപരമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളുമാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രജിസ്ട്രേഷന്‍ നിരസിക്കുന്നത് സമത്വത്തിനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും ലംഘിക്കുന്നതാണെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി.
Post Your Comments