നിലമ്പൂർ : വിവാഹസല്‍ക്കാരശേഷം റോഡരികില്‍ തള്ളിയ മാലിന്യം വീട്ടുകാരെ കൊണ്ടുതന്നെ നീക്കംചെയ്യിച്ച് പൊലീസ്. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് പോത്തുകല്ല് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവാഹസത്കാരം നടത്തിയ വീട്ടുകാരെ കണ്ടെത്തി നടപടി സ്വീകരിച്ചത്.
കഴിഞ്ഞ 10-ാം തീയതിയാണ് പോത്തുകല്ല് അണ്ടിക്കുന്നിലെ വീട്ടിൽ വിവാഹസത്കാരം നടന്നത്. തുടർന്ന് മാലിന്യങ്ങൾ ഇവർ പ്രധാന റോഡരികിൽ തള്ളുകയായിരുന്നു. സുൽത്താൻപടി -പൂക്കോട്ടുമണ്ണ റോഡിലാണ് മാലിന്യങ്ങൾ തള്ളിയത്.
എന്നാൽ കോവിഡ് കാലത്ത് വിവാഹസത്കാരം സംഘടിപ്പിക്കാൻ മുൻകൂർ അനുമതി തേടണമെന്നതിനാൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ പോലീസിന് എളുപ്പമായി. ഒപ്പം സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. വിവാഹത്തിന് നേരത്തെ അപേക്ഷ നൽകിയവരെക്കുറിച്ച് അന്വേഷിച്ചതോടെ അണ്ടിക്കുന്നിലെ വീട്ടുകാരാണ് സംഭവത്തിന് പിന്നിലെന്നും കണ്ടെത്തി. തുടർന്ന് തങ്ങൾതന്നെ മാലിന്യം നീക്കംചെയ്യാമെന്ന് വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഇവരോടൊപ്പം ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരുംചേർന്ന് പരിസരം വൃത്തിയാക്കുകയുംചെയ്തു.
Post Your Comments