Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

മന്ത്രി കെ.ടി.ജലീലിനെ പരിഹസിച്ച് തോര്‍ത്തുമുണ്ടുകള്‍ എന്ന കവിതയുമായി നടന്‍ ജോയ് മാത്യു

കൊച്ചി : നയതന്ത്ര ചാനലല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീലിനെ കണക്കിന് പരിഹസിച്ച് നടന്‍ ജോയ് മാത്യു. തന്റെ തോര്‍ത്ത്മുണ്ടുകള്‍ എന്ന കവിതയിലൂടെയാണ് മന്ത്രിയ്‌ക്കെതിരെ പരിഹാസവുമായി ജോയ് മാത്യു രംഗത്ത് എത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയ കവിത ഏറ്റെടുത്തതോടെ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു.

read also : ‘എൽ ഡി എഫ് സർക്കാരിനെ കരിവാരിത്തേച്ചുകൊണ്ട് എങ്ങിനെയെങ്കിലും അധികാരത്തിൽ എത്തുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം’ ; പി എ മുഹമ്മദ് റിയാസ്

തോര്‍ത്തുമുണ്ട് സ്വയം തന്റെ കഥ വിവരിക്കുന്ന രീതിയിലാണ് സംവിധായകന്‍ കൂടിയായ ജോയ് മാത്യു തന്റെ കവിത പങ്കുവച്ചിരിക്കുന്നത്. നെയ്ത്തുകാരന്റെ കണ്ടെത്തലില്‍ തുടങ്ങി പലരുടെ കൈകളാല്‍ മാറിമറയുന്ന ജീവിതത്തെ അഭിമാനത്തോടെ അവതരിപ്പിക്കുന്ന തോര്‍ത്തുമുണ്ട്, ഒടുവില്‍ തന്റെ അന്തസ്സ്‌കളഞ്ഞു കുളിക്കുന്ന ചിലരെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ ജോയ് മാത്യു ഉദ്ദേശിച്ചത് മന്ത്രി കെ. ടി ജലീലിനെ തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് ജലീല്‍ ഹാജരായത് തലയില്‍ മുണ്ടിട്ടാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപമാണ് ഇതിന് അടിസ്ഥാനമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
ജോയ് മാത്യുവിന്റെ കവിത വായിക്കാം-

‘തോര്‍ത്തുമുണ്ടുകള്‍

ജോയ് മാത്യു

നെയ്ത്തുകാരന്‍
എന്നെ കണ്ടെത്തിയതില്‍പ്പിന്നെ
ഞാനായിരുന്നു മലയാളിയുടെ
നഗ്‌നതയ്ക്ക് കാവല്‍.
ഓരിഴയായും ഈരെഴയായും
ഒരു കോണില്‍
പച്ചയോ ചോപ്പോ നീലയോ കൊടിവെച്ചും കരവെച്ചും ഇതൊന്നുമില്ലാതെയും ഞാനുണ്ടാകും.
ജാതി മതങ്ങള്‍ എനിക്കില്ല .
ഞാന്‍ ഒരൊറ്റയാള്‍മതിയല്ലോ
എജ്ജാതി നാണവും മറയ്ക്കാന്‍!
രാജാവും പ്രജയും
ആണും പെണ്ണും
എനിക്കൊരുപോലെ.
ഞാന്‍ കാണാത്ത എന്ത് രഹസ്യമാണ് ഇവര്‍ക്കുള്ളത് !
ഓരോരുത്തരുടെയും ശരീര രഹസ്യങ്ങളറിയുന്നവന്‍
ഞാന്‍ മാത്രമാണ്!
ഞാനില്ലെങ്കില്‍ മലയാളിയുടെ കുളിനടക്കില്ല.
രണ്ടെണ്ണം അടിച്ചാല്‍ തലയില്‍ കിരീടമാകാനും
ഏമാനെകണ്ടാല്‍ കക്ഷത്തില്‍
പഞ്ചപുച്ഛമടക്കാനും ഞാന്‍ വേണം
ആണുങ്ങളുടെ ചുമലിലേറാനും
പെണ്ണുങ്ങളുടെ മാറുമറക്കാനും
എനിക്കേ സാധിക്കൂ.
യാത്രപുറപ്പെടുമ്‌ബോള്‍
ആദ്യം പെട്ടിയില്‍ കടന്നുകൂടുന്നതും
ഞാന്‍ തന്നേ.
എല്ലാ രഹസ്യങ്ങളിലൂടെയും കടന്നു പോകുന്നവന്‍ ഞാന്‍!
വിയര്‍പ്പും കണ്ണീരും തുപ്പലും എന്തിനു ചോരപോലും തുടയ്ക്കാന്‍ എനിക്കേ കഴിയൂ,
അടുപ്പിലെ കരിയും
വയലിലെ വിയര്‍പ്പും
വെളിച്ചപ്പാടിന്റെ അരഞ്ഞാണവും
ഞാന്‍ തന്നേ!
എന്നെക്കൂടാതെ ഒരു മലയാളിക്കും
ഒരു ദിവസം പോലും പൂര്‍ത്തിയാവില്ല
ജനനത്തിനും മരണത്തിനും ഞാനില്ലാതെ പറ്റില്ല.
ചിലപ്പോഴെല്ലാം അവസാനത്തെ പിടച്ചിലില്‍ ഒരു പാലമായി തൂങ്ങാനും ….
എന്നാല്‍ എന്റെ അന്തസ്സ് കളഞ്ഞുകുളിക്കുന്ന
ചിലരുണ്ട്;
ഒളിസേവയ്ക്ക്
മോഷണത്തിന്
നാട്ടുകാരെ പറ്റിക്കാന്‍
എന്നെ തലവഴി പുതപ്പിച്ച്
നടക്കുന്നവര്‍
അപ്പോള്‍ ,
അപ്പോള്‍ മാത്രമാണ്
മറ്റുള്ളവരുടെ നാണം മറയ്ക്കാന്‍ സഹായിച്ച ഞാന്‍
നാണം കെട്ടുപോകുന്നത്

:നര്‍മ്മബോധമില്ലാത്തവരും കോപ്പിയടിക്കാരുമായവരുടെ തെറി കാപ്‌സ്യൂള്‍ നിലവാരം അനുസരിച്ചായിരിക്കും അവരെ സാംസ്‌കാരിക വകുപ്പില്‍ നിയമിക്കുക’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button