ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും വരുന്നത് ആശ്വാസ വാര്‍ത്ത , ലോകത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇന്ത്യ. രാജ്യത്ത് കൊവിഡ് വൈറസ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അതിജീവനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് അതിജീവനം നടക്കുന്ന രാജ്യമായി മാറി ഇന്ത്യ. കഴിഞ്ഞ ദിവസം മാത്രം 92,071 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം നാല്‍പത്തിയെട്ട് ലക്ഷം കവിഞ്ഞു. ഇതിനിടെയാണ് ആശ്വാസവാര്‍ത്തകള്‍ പുറത്തുവരുന്നത്.
ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പട്ടിക പ്രകാരമാണ് കൊവിഡ് അതിജീവനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ആദ്യഘട്ടം മുതല്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ടിരുന്നു. ഉയര്‍ന്ന രോഗമുക്തി നേരിയ ആശ്വാസം നല്‍കുന്നുവെങ്കിലും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി സംഭവിക്കുന്ന മാറ്റം മാത്രമാണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ രോഗമുക്തരുടെ നിരക്കില്‍ ഇടിവ് സംഭവിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മുപ്പത്തിയേഴ് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത്. രോഗമുക്തി 78 ശതമാനത്തിലെത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗം വ്യാപിക്കുന്നതനുസരിച്ച് രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നതായും അധികൃതര്‍ പറയുന്നു. അതേസമയം രാജ്യത്ത് ഇതുവരെ 79,722 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
Post Your Comments