KeralaLatest NewsNews

മുഖ്യമന്ത്രി പറഞ്ഞപോലെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ ചില മന്ത്രിമാരുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ട് ; വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പറഞ്ഞ പോലെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ.പി.ജയരാജന്റേയും കെ.ടി.ജലീലിന്റേയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

എന്തിനാണ് ക്വാറന്റീനില്‍ കഴിയുന്ന ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കര്‍ പരിശോധിച്ചത്. എന്ത് അത്യാവശ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇ.പി.ജയരാജന്‍ പറയണം. മകന്‌ സ്വപ്‌ന സുരേഷുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ഭാര്യ ലോക്കറില്‍ നിന്ന് എന്താണ് കൊണ്ടുവന്നതെന്നും ജയരാജന്‍ പറയണം. ഇതൊക്കെ പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥത പെടുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ആളുകള്‍ക്ക് കുടപിടിച്ചിട്ട് അത് പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്ക്‌ നേരെ ആക്രോശിച്ചിട്ട് കാര്യമില്ല. ഈ സര്‍ക്കാരിനെ ജനങ്ങള്‍ വെറുക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

യുഎഇ കൗണ്‍സിലേറ്റിലെ ഉദ്യോഗസ്ഥര്‍ 10 വര്‍ഷം തിന്നാല്‍ തീരാത്ത ഈന്തപ്പഴമാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ അവിടേക്കെന്ന് പറഞ്ഞ് ഇറക്കുമതി ചെയ്തത്. ഈന്തപ്പഴം തന്നെയാണോ അവിടേക്ക് വന്നതെന്നതില്‍ സംശയമുണ്ട്. ഈന്തപ്പഴത്തിന്റെ മറവില്‍ എന്താണ് കൊണ്ടുവന്നതെന്ന് വ്യക്തമാകണം. ഡിപ്ലോമാറ്റിക് ചാനലില്‍ ഈന്തപ്പഴ കച്ചവടമാണോ നടക്കുന്നത്. ഈന്തപ്പഴത്തിന്റെ പേരില്‍ വലിയ തോതിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് നടന്നിരിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button