അത്യപൂർവമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദർശകരുടെ മനം കവരുകയാണ് ഷാർജ അൽനൂർ ദ്വീപിലെ ശലഭവീട്. മനോഹരമായ പ്രകൃതികാഴ്ചകളോടൊപ്പം വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ചിത്രശലഭങ്ങളുടെ ജീവിതചക്രം കാണാനും പഠിക്കാനുമുള്ള അവസരം ഇവിടെയൊരുക്കിയിരിക്കുന്നു. പ്യൂപ്പകൾ ചിത്രശലഭങ്ങളായി രൂപാന്തരപ്പെടുന്ന വിസ്മയക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരാൻ പാകത്തിലുള്ളതാണ്.
കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമെത്തിക്കുന്ന, ഇരുപത് വ്യത്യസ്ത ഇനങ്ങളിലെ നൂറുകണക്കിന് ചിത്രശലഭങ്ങളാണ് ഇവിടെയുള്ളത്. ഓരോ രണ്ടാഴ്ചയിലുമെത്തിക്കുന്ന പ്യൂപ്പകൾ പ്രത്യേകം സജ്ജീകരിച്ച ചില്ലുകൂട്ടിൽ പരിപാലിക്കുന്നു. ദിവസങ്ങൾക്കു ശേഷം ചിറകുവിടർത്തുന്ന ചിത്രശലഭങ്ങൾ ശലഭവീട്ടിലേക്ക് പറന്നിറങ്ങുന്നു. പ്രകൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു തയാറാക്കിയ പ്രത്യേക കെട്ടിടത്തിനകത്താണ് ശലഭവീട് ഒരുക്കിയിരിക്കുന്നത്. ഈ വീടിനകത്തൂടെ നടക്കാനും കാഴ്ചകൾ കാണാനും ചിത്രശലഭങ്ങളോടൊപ്പം ഫോട്ടോയെടുക്കാനുമെല്ലാം സഞ്ചാരികൾക്ക് അവസരമുണ്ട്.
വിനോദവും വിജ്ഞാനവും പ്രകൃതികാഴ്ചകളും സമ്മേളിക്കുന്ന യുഎഇയിലെ തന്നെ മികച്ച വിനോദ വിജ്ഞാന കേന്ദ്രങ്ങളിലൊന്നാണ് അൽ നൂർ ദ്വീപ്. നഗരത്തിരക്കിൽ നിന്നു മാറി പച്ചപ്പു നിറഞ്ഞ കാഴ്ചകളാസ്വദിക്കാനും വ്യത്യസ്ത ഇനം വൃക്ഷങ്ങളെക്കുറിച്ച് പഠിക്കാനുമെല്ലാം ദ്വീപിൽ അവസരമുണ്ട്. യുഎഇയിലെ ദേശാടനപക്ഷികളുടെ പ്രധാനകേന്ദ്രങ്ങളിലൊന്നുകൂടിയാണ് അൽ നൂർ ദ്വീപ്.
ഷാർജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) കീഴിൽ പ്രവർത്തിക്കുന്ന അൽനൂർ ദ്വീപ് ഖാലിദ് ലഗൂണിലാണ് സ്ഥിതിചെയ്യുന്നത്. രാവിലെ 9 മുതൽ രാത്രി 11 വരെ ദ്വീപ് കാഴ്ചകൾ കാണാം. ശലഭവീട് രാവിലെ 9 മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവർത്തിക്കുക. 35 ദിർഹമാണ് ദ്വീപിലേക്കുള്ള പ്രവേശനനിരക്ക്.
Post Your Comments