ന്യൂഡൽഹി : കോറോണ വൈറസിന്റെ ജനിതക ഘടനയിൽ വന്ന 2 മാറ്റങ്ങളാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കാൻ കാരണമെന്ന് ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനം വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം തടയണമെങ്കിൽ, വൈറസ് വന്ന വഴികൾ മനസ്സിലാക്കാനും സമ്പർക്കം കണ്ടെത്താനും നടപടികൾ വേണമെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച വൈറസ് സാംപിളുകളിൽ 99.4 ശതമാനത്തിൽ കണ്ടെത്തിയ ജനിതക മാറ്റത്തെ ഡി614ജി എന്നാണ് വിളിക്കുന്നത്. എൽ5എഫ് എന്നു പേരിട്ടിരിക്കുന്ന മറ്റൊരു മാറ്റവും ദൃശ്യമായി. ജനിതക ഘടനയിൽ അമിനോ അമ്ല കണ്ണികളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേരിടൽ.
കോറോണ വൈറസുകളിലെ യൂറോപ്യൻ ഗണമെന്നു വിശേഷിപ്പിക്കപ്പെടുന്ന എ2എ ആണ് കേരളത്തിലുള്ളതെന്നാണ് കോഴിക്കോട്ടു നിന്നുള്ള സാംപിളുകളിൽ വ്യക്തമായത്. എ2എ ഗണം വൈറസിനെ നിർവചിക്കുന്ന ജനിതകമാറ്റം സംഭവിക്കുന്നത് എസ് (സ്പൈക്) പ്രോട്ടീനിലാണ് (മാംസ്യം).
സ്പൈക് പ്രോട്ടീൻ, മനുഷ്യശരീരത്തിലെ പ്രോട്ടീനുകളെയാണ് വൈറസിനു കയറിപ്പിടിക്കാനുള്ള തലമായി ഉപയോഗിക്കുന്നത്. ഈ പിടത്തത്തിന്റെ ശേഷി വർധിപ്പിക്കുന്നതാണ് കേരളത്തിൽ കണ്ടെത്തിയ 2 ജനിതക മാറ്റങ്ങളും. അതുകൊണ്ടാണ്, ഈ മാറ്റങ്ങൾ വൈറസ് വ്യാപനം വർധിക്കാൻ കാരണമാകുമെന്നു വിലയിരുത്തുന്നത്. എന്നാൽ, വ്യാപനത്തിന്റെ തോതും മരണനിരക്കുമായി ബന്ധിപ്പിക്കാനാവില്ല.
Post Your Comments