ന്യൂഡല്‍ഹി :അതിര്‍ത്തിയിലെ സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കും രണ്ടു തരത്തിലുള്ള ഭക്ഷണം ലഭ്യമാക്കുന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ഗാന്ധി. പാര്‍ലമെന്ററി സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം ഉന്നയിച്ചതായി ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതിര്‍ത്തി സംഘര്‍ഷവും സൈനികരുടെ ഭക്ഷണം, സൈനിക യൂണിഫോമുകളുടെ വിതരണം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രതിരോധവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ചോദിച്ചത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ജവാന്മാര്ക്കും സൈനികര്‍ക്കും രണ്ട് തരത്തിലുള്ള ഭക്ഷണം ലഭ്യമാക്കുന്ന വിഷയം തേജ് ബഹാദൂര്‍ യാദവ് അടക്കമുള്ള പല സൈനികരും മുമ്പ് ഉന്നയിച്ചിരുന്നു. അവര്‍ക്കെല്ലാം പിന്നീട് കടുത്ത അച്ചടക്ക നടപടികള്‍ നേരിടേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ വീണ്ടും വിഷയം ഉന്നയിച്ചത്. ചൈനയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിന് വില നല്‍കേണ്ടി വരുന്നത് സൈനികരാണെന്ന സൂചനയും രാഹുല്‍ നല്കി. എന്നാല്‍, ജവാന്മാരുടെയും ഓഫീസര്‍മാരുടെയും ഭക്ഷണ ശീലങ്ങളില്‍ വ്യത്യാസമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഓഫീസര്‍മാര്‍ പൊതുവെ നഗരങ്ങളില്‍നിന്നും ജവാന്മാര് ഗ്രാമ പ്രദേശങ്ങളില്‍നിന്നും ഉള്ളവരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
2020 മാര്‍ച്ചിലുള്ള തല്‍സ്ഥി തുടരുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് ചൈനയുമായി ഇന്ത്യ നടത്തിയെന്ന് രാഹുല്‍ യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു. നമ്മുടെ ഭൂമിയില്‍ നിന്ന് ചൈനയെ പുറത്താക്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്നും മറ്റു ചര്‍ച്ചകള്‍ കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
Post Your Comments