തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്ന് അപേക്ഷകൾ കാണാതായ സംഭവത്തിൽ പി.എസ്.സിക്ക് വീഴ്ചസംഭവിച്ചിട്ടില്ലെന്ന് സാങ്കേതിക സമിതി റിപ്പോർട്ട്. കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്ക് (എൽ.പി.എസ്.എ, യു.പി.എസ്.എ) അപേക്ഷിച്ച നൂറുകണക്കിന് ഉദ്യോഗാർഥികളുടെ ഓൺലൈൻ അപേക്ഷകൾ കാണാതായ സംഭവത്തിലാണ് പി.എസ്.സിയുടെ വിശദീകരണം.
പരാതിക്കാരായ ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈൽ പരിശോധിച്ചപ്പോൾ അവരുടെ അപേക്ഷ ലഭിച്ചതായി കാണുന്നില്ല. എന്നാൽ, ഒരുലക്ഷത്തോളം അപേക്ഷകൾ ഇതിനോടകം പി.എസ്.സിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീറിന് കൈമാറും. ഈ റിപ്പോർട്ട് തിങ്കളാഴ്ച ചേരുന്ന കമീഷൻ ചർച്ച ചെയ്യും.
എക്സാം കൺഫർമേഷനുവേണ്ടി പലർക്കും സന്ദേശം വന്നപ്പോൾ ലഭിക്കാതെവന്ന ചില ഉദ്യോഗാർഥികളാണ് അപേക്ഷയില്ലാത്ത വിവരം കണ്ടെത്തുന്നത്. ഓൺലൈനായി അധ്യാപക തസ്തികയിലേക്ക് സമർപ്പിച്ച അപേക്ഷ മാത്രം പ്രൊഫൈലിലില്ല. ഇതോടെ അപേക്ഷിച്ച ദിവസം, യോഗ്യതകൾ, യൂസർ ഐ.ഡി എന്നിവ സഹിതം പി.എസ്.സിക്ക് ഉദ്യോഗാർഥികൾ പരാതി നൽകി. വിവിധ ജില്ലകളിൽനിന്നുള്ള ഇരുന്നൂറോളം പേരാണ് പരാതി നൽകിയത്.
Post Your Comments