കോവിഡും തുടര്‍ന്നു വന്ന ലോക്ഡൗണും മൂലം ദീര്‍ഘകാലം അടച്ചിടേണ്ടി വന്ന ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കമുള്ള നിരവധി കെട്ടിടങ്ങളുണ്ട്. അണ്‍ലോക് പ്രക്രിയയുടെ ഭാഗമായി ഇവിടങ്ങളിലേക്ക് മടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളെ കാത്ത് ഗുരുതരമായ ഒരു ന്യുമോണിയല് രോഗം ഈ കെട്ടിടങ്ങളില്‍ പതിയിരിപ്പുണ്ടാകാം. ലീജണേഴ്സ് ഡിസീസ് എന്നറിയപ്പെടുന്ന ഈ മാരക രോഗം ലീജിയണെല്ല ന്യുമോഫില ബാക്ടീരിയയാണ് പരത്തുന്നത്.
കെട്ടിടങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കാതെ ഇരിക്കുമ്പോള്‍ അവയുടെ പ്ലംബിങ്ങ് സംവിധാനവും അടയ്ക്കപ്പെടും. എസിയിലെയും ശുചിമുറിയിലെയും മറ്റ് പ്ലബിങ്ങ് സംബന്ധമായ ഇടങ്ങളിലെയും വെള്ളം കെട്ടിക്കിടക്കും. ഇത്തരത്തില്‍ കെട്ടികിടക്കുന്ന വെള്ളത്തിന്റെ താപനില 25 ഡിഗ്രി സെല്‍ഷ്യസിനും 42 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഇത് ലീജിയണെല്ല ബാക്ടീരിയക്ക് വളരാനും പെരുകാനും പറ്റിയ സാഹചര്യമൊരുക്കുന്നു.
ഇത്തരം കെട്ടിടങ്ങളിലേക്ക് മടങ്ങുന്നവര്‍ ഈ ബാക്ടീരിയയുടെ ആക്രമണത്തിന് വിധേയരാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. അടുത്തിടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അമേരിക്കയിലെ അറ്റ്ലാന്റയിലെ ചില കെട്ടിടങ്ങള്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
എസിയും മറ്റും വീണ്ടും ഉപയോഗിക്കുമ്പോള്‍ ഈ പഴകിയ വെള്ളത്തില്‍ നിന്നുള്ള ബാക്ടീരിയ എസി വെന്റിലൂടെ പുറത്ത് വരും. കെട്ടിടത്തിന്റെ വലിപ്പം കൂടുതുന്നതോടൊപ്പം പൈപ്പിങ്ങ് സംവിധാനത്തിന്റെ വ്യാപ്തിയും ബാക്ടീരിയയുടെ അളവും കൂടും. എയര്‍ കണ്ടീഷനിങ്ങ് കൂളിങ്ങ് ടവറുകള്‍, ഷവര്‍ ഹെഡ്, ടാപ്, സ്പാ പൂളുകള്‍, ജലധാരകള്‍ തുടങ്ങിയ ഇടങ്ങളും ബാക്ടീരിയക്ക് വളരാന്‍ ഇടമൊരുക്കും.
അറ്റ്ലാന്റയ്ക്ക് പുറമേ ഒഹയോവിലെ അഞ്ച് സ്കൂളുകളിലും പെന്‍സില്‍വാനിയയിലെ നാലു സ്കൂളുകളിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്ലംബിങ്ങ് സംവിധാനത്തിന്റെ അറ്റകുറ്റപണികള്‍ക്ക് അത്ര പ്രാധാന്യം കൊടുക്കാത്ത ഇന്ത്യയില്‍ സ്കൂളുകളും കോളജുകളും തുറക്കുമ്പോള്‍ ഇത് വലിയ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ജല സംവിധാനം പൂര്‍ണമായും ഫ്ളഷിങ്ങ് നടത്തിയും ടാപുകളും ഷവര്‍ ഹെഡുകളും ജലധാരകളുമൊക്കെ വൃത്തിയാക്കിയും ക്ലോറിനേഷന് നടത്തിയും ഇതിന്റെ അപകടസാധ്യത കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചുമ, പനി, ശ്വാസംമുട്ടല്‍, പേശീ വേദന, വിറയല്‍, അതിസാരം, തലവേദന തുടങ്ങി കോവിഡ് ആണെന്ന് സംശയിക്കത്തക്ക ലക്ഷണങ്ങള്‍ തന്നെയാണ് ലീജണേഴ്സ് ഡിസീസിനും ഉള്ളത്.
Post Your Comments