ചെന്നൈ: ചെന്നൈ പുളിയന്തോപ്പിൽ ഗുണ്ടാ നേതാവിനെ കുട്ടികൾക്കു മുന്നിലിട്ട് വെട്ടിക്കൊന്നു. ഗുണ്ടാ നേതാവും കൊലക്കേസ് പ്രതിയുമായ രമേശ് ബാബുവിനെയാണ് ഇന്നലെ രാത്രി 9:30ന് പുളിയന്തോപ്പ് ഗുരുസ്വാമി നഗർ സ്ട്രീറ്റിന് സമീപത്തു വച്ച് വെട്ടിക്കൊന്നത്.
പ്രദേശത്തെ ഗുണ്ടാ നേതാവായ രമേശ് ബാബു സഹോദരിയെ സന്ദർശിച്ചതിനു ശേഷം വീട്ടിലേക്കു മടങ്ങുന്നതിനായി ഗുരുസ്വാമി നഗർ സ്ട്രീറ്റിൽനിന്നു മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് മൂന്ന് ബൈക്കുകളിൽ എത്തിയ സംഘം പുറകിൽനിന്ന് ആക്രമിച്ചത്. സമീപത്തു കളിക്കുകയായിരുന്ന കുട്ടികൾ കൊലപാതകം കണ്ടു പേടിച്ചു നിലവിളിച്ചു. ആളുകൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ബൈക്കുകളിൽ രക്ഷപ്പെട്ടു.
നാലുവർഷം മുൻപ് പുഴൽ സ്വദേശി സജീവരാജ് എന്ന ഗുണ്ടാ നേതാവിനെ കൊന്ന കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട രമേശ്. പ്രദേശത്തു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും പൊലീസിന്റെ കർശന നിലപാട് മൂലം കുറഞ്ഞിരുന്നു. എന്നാല്‍ പൊലീസിന്റെ ശ്രദ്ധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്കും ലോക്ഡൗൺ നിയന്ത്രങ്ങളിലേക്കും മാറിയ സാഹചര്യത്തിൽ വീണ്ടും അക്രമികൾ അഴിഞ്ഞാടാൻ തുടങ്ങിയതെന്നാണു വിമർശനം.
കേസുമായി ബന്ധപ്പെട്ട് 8 പേർ ഇന്ന് കീഴടങ്ങി. വിജയകുമാർ(31), ശരത്കുമാർ(30), സൂര്യ(26), രാകേഷ് കുമാർ(25), സത്യാ(24), ശങ്കർ(40), അഭിനേഷ്(24), വിഘ്‌നേശ് കുമാർ (26) എന്നിവരാണ് റെഡ് ഹിൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
Post Your Comments