Latest NewsIndiaNews

അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതലയോഗം ;പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു

ന്യൂഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രാലയം അടിയന്തരയോഗം വിളിച്ചു. കേന്ദ്ര പ്രതിരോധമന്ത്രാലയ സെക്രട്ടറിയാണ് ഉന്നതതലയോഗം വിളിച്ചത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, മൂന്നു സേനാമേധാവിമാര്‍, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.

അതിര്‍ത്തിയിലെ സംഘര്‍ഷം സംബന്ധിച്ച്‌ കരസേന മേധാവി ജനറല്‍ എം എം നാരാവ്‌നെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സ്ഥിതിഗതികള്‍ അറിയിച്ചതായാണ് സൂചന.

കിഴക്കന്‍ ലഡാക്കിലെ പാംങ്‌ഗോങ് ത്സോ തടാകത്തിന് സമീപം നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു എന്നാണ് ചൈനീസ് സൈന്യം ആരോപിച്ചത്. ഇന്ത്യയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും വെസ്റ്റേണ്‍ കമാന്‍ഡ് ആരോപിച്ചു. എന്നാല്‍ ഇന്ത്യ ആരോപണം നിഷേധിച്ചിട്ടുണ്ട്.

അതിനിടെ, കിഴക്കന്‍ ലഡാക്കില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെയുള്ള തന്ത്രപ്രധാന ഹോതാന്‍ എയര്‍ബേസില്‍ ചൈന ജെ 20 ലോംഗ് റേഞ്ച് യുദ്ധവിമാനങ്ങളും മറ്റും വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയും മുന്‍നിര യുദ്ധവിമാനങ്ങളായ സുഖോയ് 30 എംകെഐ, ജാഗ്വാര്‍, മിറേജ് 2000 തുടങ്ങിയവ കിഴക്കന്‍ ലഡാക്കിലെ പ്രധാന അതിര്‍ത്തി വ്യോമ താവളങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

നയതന്ത്ര ചര്‍ച്ചകള്‍ തുടരുമ്ബോള്‍ തന്നെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പ്രകോപനപരമായ നടപടികള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ സൈന്യം കുറ്റപ്പെടുത്തി.ശാന്തിയും സമാധാനവും പാലിക്കാന്‍ ഇന്ത്യന്‍ സേന പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button