മുംബൈ: കശ്മീര്‍ വീഷയത്തില്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ നടി കങ്കണാ റാണത്തിനെതിരേ മോശം പരാമര്‍ശവുമായി ശിവസേന വീണ്ടും. ഇത്തവണ ആക്രമണം പാര്‍ട്ടിയുടെ മുഖപത്രമായ സാംനയിലാണ്. കങ്കണയെ മാനസീകരോഗി എന്നാണ് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മാനസീകരോഗികള്‍ക്ക് ജീവിക്കാനുള്ള ഇടമല്ല മഹാരാഷ്ട്രയെന്നാണ് ആക്ഷേപം.
സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ പാക് അധീന കശ്മീര്‍ പോലെയായി മുംബൈയും എന്ന് നടി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. കങ്കണയുടെ പ്രസ്താവന മുംബൈ യെയും മറാത്തി ജനതയേയും മുംബൈയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെയും ആക്ഷേപിക്കുന്നതാണ് എന്നും പത്രം പറയുന്നു. മുംബൈയേയും പോലീസിനെയും ഒരു ഭ്രാന്തി അപമാനിക്കുന്നു. അവര്‍ക്ക് മഹാരാഷ്ട്രയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും പത്രം പറഞ്ഞിട്ടുണ്ട്.
പുറത്ത് നിന്നും മുംബൈയില്‍ എത്തി എല്ലാം നേടിയ ഒരാള്‍ക്ക് ഒരിക്കലും പറയാന്‍ കഴിയുന്ന കാര്യമല്ല നടി നടത്തിയിരിക്കുന്നതെന്നും സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ അപലപിക്കണമെന്നും ലേഖനത്തില്‍ പറയുന്നു. നേരത്തേ ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് നടിക്കെതിരേ രംഗത്ത് വന്നിരുന്നു. രൂക്ഷമായ വിമര്‍ശനമാണ് റൗത്ത് നടിക്കെതിരേ നടത്തിയത്. ഇതിന് പിന്നാലെ ശിവസേനയെ വെട്ടിലാക്കി ബിജെപിയും രംഗത്ത് വന്നിരുന്നു.
ബോളിവുഡിലെ മയക്കുമരുന്ന് ബന്ധമുള്ളവരെ തുറന്നു കാട്ടാന്‍ നടി തയ്യാറായാല്‍ സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്നായിരുന്നു ബിജെപി ചോദിച്ചത്. സഞ്ജയ് റൗത്ത് തന്നെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു എന്നും മുംബൈയിലേക്ക് വരരുതെന്ന് പറയുന്നെന്നും കങ്കണ തിരിച്ചടിച്ചു.
ആസാദി ഗ്രാഫിറ്റികള്‍ നിറഞ്ഞ മുംബൈ തെരുവില്‍ പരസ്യമായ ഭീഷണി ഉണ്ടാകുന്നു. ഇങ്ങിനെയാണ് മുംബൈ പാക് അധീന കശ്മീരിനെ പോലെ ആകുന്നതെന്നായിരുന്നു കങ്കണയുടെ മറുപടി. നിലവില്‍ ഹിമാചല്‍ പ്രദേശിലെ വീട്ടിലാണ് കങ്കണയുള്ളത്. താന്‍ സെപ്തംബര്‍ 9 ന് മുംബൈയിലേക്ക് വരുമെന്നും തടയാന്‍ ധൈര്യമുള്ളയാള്‍ തടയട്ടെ എന്നും കങ്കണ കുറിച്ചിരുന്നു.
Post Your Comments