KeralaLatest News

“നീ പോടി പെണ്ണെ, നിന്റെ പണി നോക്ക്. മനസിനു കട്ടി വച്ചു ജീവിക്കൂ. അവന്റെ ബാപ്പയുടെ ആളുകൾ നിന്നെ അംഗീകരിക്കില്ല. അവനെ അവന്റെ പാട്ടിനു വിട്ടേക്ക്” റംസിയുടെ ആത്മഹത്യക്കു മുൻപ് ഹാരിസിന്റെ ഉമ്മയുമായുള്ള സംഭാഷണം പുറത്ത്

മരണത്തിനു തൊട്ടുമുൻപുള്ള റംസിയുടെ ഫോൺസംഭാഷണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കൊട്ടിയം ∙ യുവാവ് വിവാഹത്തിൽനിന്നു പിന്മാറിയ വിഷമത്തിൽ ജീവനൊടുക്കിയ റംസി, മരിക്കുന്നതിനു മുമ്പ് പ്രതി ഹാരിസിനോടും ഉമ്മയോടും ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നു. കുറെയധികം നേരം ഫോണിൽ സംസാരിച്ചശേഷം റൂമിൽ കയറി വാതിലടച്ച റംസിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. മരണത്തിനു തൊട്ടുമുൻപുള്ള റംസിയുടെ ഫോൺസംഭാഷണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കൊട്ടിയം സ്വദേശി റംസി (24) ജീവനൊടുക്കിയ കേസിൽ പള്ളിമുക്ക് സ്വദേശി ഹാരിസ് (24) അറസ്റ്റിലാണ്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും പിന്നീട്, മറ്റൊരു ബന്ധത്തിന്റെ പേരിൽ യുവാവ് പിൻമാറിയതാണു റംസിയുടെ മരണകാരണം. ഇക്കൂ, ഞാൻ ഒന്നും പിടിച്ചു വാങ്ങുന്നില്ല. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്? ഇക്കു ചെയ്ത തെറ്റിന് എന്തിനാണു ഞാൻ അനുഭവിക്കുന്നത്? എന്നെ വേണ്ടെന്നും മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കണമെന്നും പറയുമ്പോൾ ഞാൻ എങ്ങനെയാണ് സമാധാനമായി ഇരിക്കുക? എനിക്കു മുൻപിൽ രണ്ടു വഴികളേ ഉള്ളൂ. ഒന്ന്, മറ്റേ ബന്ധം നിർത്തി ഇക്കു എന്നെ കല്യാണം കഴിക്കുക. രണ്ടാമത്തെ വഴി… എനിക്ക് ജീവിതം വേണ്ട, ജീവനും വേണ്ട.’– എന്നാണു റംസി ഹാരിസിനോടു പറയുന്നത്.

കരഞ്ഞുകൊണ്ട് യുവതി ഇതു പറയുമ്പോൾ, യാതൊരു താൽപര്യവുമില്ലാതെ ശരി എന്നു മാത്രമായിരുന്നു ഹാരിസിന്റെ മറുപടി. നാളെ 12 മണി വരെ ആലോചിക്കാൻ സമയം തരണമെന്നും അതു വരെ ജീവിക്കണമെന്നും ഹാരിസ് പറയുന്നതും കേൾക്കാം.തുടർന്നുള്ള ഫോൺ സംഭാഷണം റംസി ഹാരിസന്റെ ഉമ്മയുമായി നടത്തുന്നതാണ്. ഹാരിസ് തന്നെ വേണ്ടെന്നു പറഞ്ഞതായി റംസി ഉമ്മയോടു പറയുമ്പോൾ, അതു നല്ല കാര്യമാണെന്നും നീ നല്ല ചെറുക്കനെ നോക്കി പോകാൻ നോക്ക് എന്നുമായിരുന്നു മറുപടി.

നല്ല കുടുംബത്തിൽ പോയി ജീവിക്കാൻ നോക്ക്. നീ പോടി പെണ്ണെ, നിന്റെ പണി നോക്ക്. മനസിനു കട്ടി വച്ചു ജീവിക്കൂ. അവന്റെ ബാപ്പയുടെ ആളുകൾ നിന്നെ അംഗീകരിക്കില്ല. അവനെ അവന്റെ പാട്ടിനു വിട്ടേക്ക്.നിന്റെ മാതാപിതാക്കൾ നിനക്കു കണ്ടു വയ്ക്കുന്ന ബന്ധമാണ് ഏറ്റവും നല്ലത്. ഇപ്പോൾ പൊന്നുമോളോട് ഇങ്ങനെ പറയാനേ ഞങ്ങളുടെ സാഹചര്യത്തിൽ സാധിക്കൂവെന്നും ഹാരിസിന്റെ ഉമ്മ പറയുന്നു.നീ സുന്ദരിയാണ്, നല്ലൊരു ഭാവിയുണ്ട്. അന്തസ്സുള്ള ജോലിയുണ്ട്. ഇത്രയും നല്ലൊരു ബന്ധം ഞങ്ങളുടെ കുടുംബത്തിൽ ഇതുവരെ വന്നിട്ടില്ലെന്നും ഹാരിസിന്റെ ഉമ്മ പറയുന്നു.

‘വേറെ ഒരുത്തന്റെ കൂടെ ജീവിക്കാനല്ല ഞാൻ ആഗ്രഹിച്ചത്. ഉമ്മയുടെ മരുമോളായി ജീവിക്കാനാണ്. എന്നെ ഇങ്ങോട്ടുവന്ന് സ്നേഹിച്ച്, ഇത്രയും കാലം കൊണ്ടുനടന്ന്, ഒരു കുഞ്ഞിനെ തന്ന കാര്യം ഉമ്മയ്ക്ക് അറിയാലോ?എന്നിട്ട് എന്നോടെങ്ങനെ ഇങ്ങനെ സംസാരിക്കാൻ സാധിക്കുന്നു? പുതിയ ബന്ധത്തിനാണു താൽപര്യമെങ്കിൽ എന്തിനാണു വളയിടൽ നടത്തിയത്? നേരത്തെ പറയാമായിരുന്നില്ലേ?’– യുവതി നെഞ്ചുപൊട്ടി ചോദിക്കുന്നു.

അതൊന്നും സാരമില്ലെന്നും നീ വേറെ വിവാഹം കഴിക്കണമെന്നും ഈ കാര്യങ്ങൾ നിങ്ങൾക്കു രണ്ടാൾക്കും മാത്രമേ അറിയുവെന്നുമാണു പ്രതിയുടെ മാതാവ് അപ്പോൾ മറുപടി പറയുന്നത്.ഒന്നര വർഷം മുൻപ് ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ വിവാഹം ചെയ്യണമെന്നു റംസി ഹാരിസിനോട് ആവശ്യപ്പെട്ടിരുന്നു. സ്വന്തമായി ഒരു വർക്‌ഷോപ്പ് ആരംഭിച്ചശേഷം മാത്രം അതിനെപ്പറ്റി ചിന്തിക്കാമെന്നും ഇപ്പോൾ ഗര്‍ഭച്ഛിദ്രം നടത്തണമെന്നും ഹാരിസ് വാശിപിടിക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച മരിക്കുന്നതിനു തൊട്ടുമുൻപ് വരെ ഹാരിസ് തന്നെ വിവാഹം കഴിക്കുമെന്ന് തന്നെയായിരുന്നു റംസിയുടെ പ്രതീക്ഷ. ‘ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോൾ എന്നെ വേണ്ടെന്നു പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാണ്? എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാൽ എന്റെ മയ്യത്ത് പോലും കാണാൻ വരരുത്’– റംസി ഹാരിസിനോട് പറയുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്. അതേസമയം വളയിടീല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ബന്ധം ഒഴിഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഹാരിസിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ വളരെ ക്രൂരമായാണ് പെരുമാറിയത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ മഹല്‍ കമ്മിറ്റിയുടെ വ്യാജ രേഖകളും ഇയാള്‍ ഉണ്ടാക്കിയിരുന്നു. ആത്മഹത്യ പ്രേരണ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ പങ്ക് പോലീസ് അന്വേഷിച്ചു വരികയാണ്‌.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button