ഇടുക്കി : ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ വെച്ച് കരടിയുടെ ആക്രമണത്തില്‍ നിന്നും 14 കാരന്‍ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മറയൂര്‍ പഞ്ചായത്തില്‍ പുതുക്കുടി ഗോത്രവര്‍ഗ കോളനി സ്വദേശി അരുണ്‍കുമാറിന്റെ മകന്‍ കാളിമുത്തു (14) ആണ് രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. കാളിമുത്തുവിന്റെ കാലില്‍ കടിയേറ്റിട്ടുണ്ട്.
അരുണ്‍കുമാറും മക്കളായ വിജയകുമാറും കാളിമുത്തുവും വീടിന് സമീപം നിര്‍മിക്കുന്ന മണ്‍വീടിന് ഉപയോഗിക്കാന്‍ വള്ളി (പാല്‍ക്കൊടി) ശേഖരിക്കാന്‍ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് വീടിന് സമീപമുള്ള മലയില്‍ പോയത്. ഈ സമയത്ത് ഇവര്‍ക്ക് മുന്നില്‍ എത്തിയ മൂന്ന് കരടികളില്‍ ഒന്ന് ഇവര്‍ക്ക് നേരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ കരടി കാളിമുത്തുവിനെ മറിച്ചിടുകയും കാലില്‍ കടിക്കുകയും ചെയ്തു.
ഈ സമയം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട അരുണ്‍കുമാറും വിജയകുമാറും കൈയിലുണ്ടായിരുന്ന വടികള്‍ ഉപയോഗിച്ച് കരടിയെ നേരിട്ടു. അല്പ സമയം കഴിഞ്ഞ് കരടികള്‍ കാട്ടിലേക്ക് പോയി. ഇതോടെ അച്ഛനും സഹോദരനും കൂടി പരിക്കേറ്റ കാളിമുത്തുവിനെ മൂന്നു കിലോമീറ്റര്‍ ദൂരം തോളില്‍ ചുമന്ന് പുതുകുടിയിലെത്തിച്ചു. ഇവിടെനിന്ന് ജീപ്പില്‍ മറയൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments