കൊല്‍ക്കത്ത: സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ച യുവാവിനെ അയല്‍വാസി അപ്പാര്‍ട്‌മെന്റിനുള്ളില്‍ പൂട്ടിയിട്ടു. പശ്ചിമ ബംഗാളിലെ ചിത്രകുട് ദം അപ്പാര്‍ട്‌മെന്റ് നിവാസിയായ സജല്‍ കാന്തി എന്ന യുവാവിനെയാണ് അപാര്‍ട്‌മെന്റിലാക്കി പുറത്തു നിന്ന് പൂട്ടിയിട്ടത്. ഇന്നലെയാണ് വെള്ളിയാഴ്ച പുലര്‍ച്ചയാണ് സംഭവം നടന്നത്. ക്ലര്‍ക്കായി ജോലി ചെയ്യുന്ന സജലിന്റെ അമ്മയ്ക്ക് ഏതാനും ദിവസങ്ങള്‍ മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സജല്‍ സ്വയം ക്വാറന്റൈനില്‍ പോയത്.
എന്നാല്‍ ഇന്ന് പുലര്‍ച്ചെ പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സ്വന്തം ഫ്‌ലാറ്റിന്റെ മെയിന്‍ ഗെയിറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ കോപ്ലംക്‌സിലെ സെക്യൂരിറ്റി ഗാര്‍ഡിനെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയുമൊക്കെ വിവരം അറിയിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
പൊലീസ് സംഭവസ്ഥലത്തെത്തി സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സോഫ്‌റ്റ്വെയര്‍ എഞ്ചിനിയര്‍ കൂടിയായ അതേ അപ്പാര്‍ട്‌മെന്റിലെ ദീപ് സെന്‍ഗുപ്ത എന്നയാള്‍ ഗെയ്റ്റ് പൂട്ടുന്നത് കണ്ടത്. ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ സജല്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നായിരുന്നു ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.
ലോക്ക് ഡൗണ്‍ കാലത്ത് അയല്‍ക്കാരായ പാവങ്ങള്‍ക്ക് ഭക്ഷണം അടക്കം അത്യാവശ്യ സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്ന ആളാണ് താനെന്നും എന്നാല്‍ ഇന്ന് സ്വന്തം അയല്‍ക്കാരില്‍ നിന്നും ഇത്തരം മനുഷ്യത്വമില്ലാത്ത സമീപനം തനിക്ക് നേരിടേണ്ടി വന്നുവെന്നും സജല്‍ പറഞ്ഞു.
Post Your Comments