KeralaLatest NewsNews

ബംഗളൂരു മയക്ക്മരുന്ന് കേസ്; കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് കേരളത്തില്‍ ബന്ധമുള്ളതിനാല്‍ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

മയക്കുമരുന്ന് കേസിലെ കണ്ണികള്‍ കേരളത്തില്‍ ഉണ്ടെന്നറിഞ്ഞിട്ടും കേരള പോലീസ് അന്വേഷണം നടത്തുന്നില്ല. സര്‍ക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇത് നല്‍കുന്ന സൂചനയെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിനീഷ് കോടിയേരിക്കും അനൂപ് മുഹമ്മദിനും വര്‍ഷങ്ങളുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് തെളിഞ്ഞു. എന്നിട്ടും കേരള പോലീസും നാര്‍കോട്ടിക് സെല്ലും എന്തിനാണ് അടയിരിക്കുന്നത്. മയക്കുമരുന്നിന്റെ ശൃംഖല കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. കേരളത്തിലെ പല സിനിമാ താരങ്ങള്‍ക്കും ഈ മാഫിയയുമായി ബന്ധമുണ്ട്. കര്‍ണ്ണാടക ക്രൈംബ്രാഞ്ച് കേസ് എടുത്തെങ്കില്‍ എന്തുകൊണ്ട് കേരള പോലീസിന് കേസെടുത്ത് കൂടാ. മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

മുഖ്യമന്ത്രി പറയുന്നത് അതൊന്നും ഇവിടെ അന്വേഷിക്കേണ്ടെന്നാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇതില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് പലവട്ടം നിശാ പാര്‍ട്ടികള്‍ നടന്നു. ഇതിലൊന്നും അന്വേഷണം നടന്നിട്ടില്ല. മയക്കുമരുന്ന് കേസില്‍ സ്വന്തം പാര്‍ട്ടിക്കാരെയും സില്‍ബന്തികളെയും രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തില്‍ കുറ്റവാളികളെ രക്ഷിക്കാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു ആഭ്യന്തര വകുപ്പ്.

കതിരൂരിലെ ബോംബ് നിര്‍മ്മാണം സിപിഎം ഉന്നത നേതാക്കളുടെ അറിവോടെയാണ് നടന്നത്. വലിയൊരു ആക്രമണം നടത്താനുള്ള കോപ്പുകൂട്ടലായിരുന്നു ബോംബ് നിര്‍മ്മാണം. പ്രദേശത്തിനടുത്ത് ഒരു അസ്വാഭാവികമരണം നടന്നിട്ടുണ്ട്. അത് ആത്മഹത്യയല്ല എന്നാണ് വിവരം. പെട്ടെന്ന് അയാളുടെ സംസ്‌കാരം നടത്തിയതില്‍ ദുരൂഹതയുണ്ട്. കേരളത്തില്‍ ആകമാനം വിതരണം ചെയ്യാനായിരുന്നു കതിരൂരിലെ സിപിഎം ബോംബ് നിര്‍മ്മിച്ചത്.

സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കത്തിയ സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലൂടെ ഒരു സത്യവും പുറത്തു വരുമെന്ന് കരുതുന്നില്ല. സിപിഎം അനുഭാവികളായ കുടുതല്‍ പേരെ അന്വേഷണ സംഘത്തില്‍ കൊണ്ടുവന്നത് നേരത്തെ പ്രതീക്ഷിച്ച കാര്യമാണ്.

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി തയ്യാറാണെന്ന് സുരേന്ദ്രൻ പറഞ്ഞു. രണ്ട് മണ്ഡലത്തിലും വിജയ പ്രതീക്ഷയുണ്ട്. ഒപ്പു വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. സത്യം പുറത്തു വരാന്‍ ഫോറന്‍സിക് പരിശോധന നടത്തട്ടൈയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button