വാഷിംഗ്ടണ്‍: ഇന്ത്യാ ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യാ – ചൈനാ അതിര്‍ത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ഇടപെട്ടു സഹായിക്കാന്‍ അമേരിക്കയ്ക്ക് താല്‍പ്പര്യമുണ്ടെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കുകയാണോ എന്ന ചോദ്യത്തിന് അങ്ങിനെയാണ് കാര്യങ്ങളുടെ പോക്കെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇന്ത്യയെയും ചൈനയേയും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.ചൈനയോടും ഇന്ത്യയോടുമുള്ള മുഴുവന്‍ ബഹുമാനവും നില നിര്‍ത്തിയാണ് സഹായത്തിനായി എത്തുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നേരത്തേയും ട്രംപ് ഇന്ത്യയുടെ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇരു രാജ്യങ്ങളും അത് തള്ളിയിരുന്നു.
ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുമെന്നും മൂന്നാമന്റെ ഇടപെടല്‍ ആവശ്യമില്ലെന്നുമാണ് ചൈന അന്ന് പ്രതികരിച്ചത്. നേരത്തേ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ഇടപെടാമെന്ന അമേരിക്കന്‍ നിര്‍ദേശവും ഇന്ത്യ തള്ളിയിരുന്നു.ജൂണില്‍ 20 സൈനികരുടെ മരണത്തിന് ഇടയാക്കിയ സംഘർഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ സ്ഥിതി ഏറെ വഷളായിട്ടുണ്ട്. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ അധിക സൈനികരെയും ആയുധക്കരുത്തും കൂട്ടിയിട്ടുണ്ട്.
ചൈന കയ്യേറിയ തന്ത്രപ്രധാനമായ ചില മേഖലകള്‍ ഇന്ത്യ തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ചൈന വിളിച്ചത് അനുസരിച്ച് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും ഇന്നലെ റഷ്യയിലെ മോസ്‌ക്കോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments