ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്നതിനിടെ അരുണാചല്‍ പ്രദേശിലും ചൈനീസ് സേന കണ്ണുവെക്കുന്നു. അഞ്ച് ഇന്ത്യക്കാരെ ചൈന തട്ടിക്കൊണ്ടു പോയി എന്ന് ആരോപണം. ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത് കോണ്‍ഗ്രസ് എം.എല്‍.എയാണ്.
അരുണാചല്‍ പ്രദേശുകാരെയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. കോണ്‍ഗ്രസ് എംഎല്‍എ ആയ നിനോംഗ് എറിംഗാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.
2020ലഡാക്കിനും ഡോക്ലാമിനും ശേഷം ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശില്‍ ആക്രമണം ആരംഭിച്ചതായാണ് നിനോംഗ് എറിങ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. ചൈനക്കാര്‍ നിയന്ത്രണരേഖ മറികടന്നുവെന്നും കോണ്‍ഗ്രസ് നിയമസഭാംഗം ആരോപണം ഉന്നയിച്ചു. ‘ചൈനക്കാര്‍ വീണ്ടും ശല്യമുണ്ടാക്കാന്‍ തുടങ്ങി. ലഡാക്കിലെയും ഡോക്ലാമിലെയും പോലെ, അവര്‍ അരുണാചല്‍ പ്രദേശില്‍ കടന്നുകയറ്റം ആരംഭിച്ചു.” എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ അഞ്ച് പേരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് എംഎല്‍എയുടെ ട്വീറ്റ്.
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാസിരി ജില്ലയില്‍ നിന്നാണ് അഞ്ച് യുവാക്കളെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നത്. എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്നും സ്ഥരീകരിക്കാത്ത വിവരങ്ങളുണ്ട്.
Post Your Comments