ലക്നൗ : മാട്രിമോണിയൽ സൈറ്റ് വഴി വയോധികരെ കബളിപ്പിച്ച് സ്വർണ്ണവും പണവുമായി മുങ്ങുന്ന സ്ത്രീക്കെതിരെ കേസ്. ഇവരുടെ തട്ടിപ്പിനിരയായ 66കാരനായ ജുഗൽ കിഷോർ എന്നയാളുടെ പരാതിയുമായെത്തിയതോടെയാണ് സ്ത്രീക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാളിൽ നിന്ന് 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണവും പണവുമായാണ് തട്ടിപ്പു ഭാര്യ കടന്നു കളഞ്ഞത്.
കഴിഞ്ഞ വർഷമാണ് ജുഗൽ കിഷോറിന്റെ ഭാര്യ മരിച്ചത്. ഇതോടെ മകനും മറ്റൊരു വീട്ടിലേക്ക് മാറി. തുടർന്ന് തനിച്ചായതോടെയാണ് വീണ്ടുമൊരു വിവാഹം ചെയ്യാൻ വയോധികൻ തീരുമാനിക്കുന്നത്. അപ്പോഴാണ് ഖന്ന വിവാഹ കേന്ദ്ര എന്ന പേരിൽ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു മാട്രിമോണിയൽ സൈറ്റിന്‍റെ പരസ്യം ഇയാളുടെ ശ്രദ്ധയിൽ വരുന്നത്. മുതിർന്ന പൗരന്മാർക്കും വിവാഹ മോചിതർക്കും അനുയോജ്യമായ ബന്ധങ്ങൾ കണ്ടെത്തി നൽകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
പരസ്യം കണ്ട ജുഗൽ, ഏജൻസിയുമായി ബന്ധപ്പെട്ടു. തുടർന്ന് ഏജൻസി ഉടമ മഞ്ജു ഖന്ന, ഏറ്റവും അനുയോജ്യയായ വധു എന്ന പേരിൽ മോണിക്ക മല്ലിക്ക് എന്ന സ്ത്രീയെ ഇയാൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. വിവാഹ മോചിതയാണെന്നായിരുന്നു മോണിക്ക ഇയാളോട് പറഞ്ഞത്. കുറച്ച് ആഴ്ചകളുടെ സൗഹൃദത്തിന് ശേഷം 2019 ആഗസ്റ്റിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷം മോണിക്ക അപ്രത്യക്ഷയായി. സ്വർണ്ണവും പണവുമൊക്കെയായി 15 ലക്ഷം രൂപയുടെ മുതലുമെടുത്തായിരുന്നു ഒളിച്ചോട്ടം. പിന്നാലെ ജുഗൽ ഇവരെ പരിചയപ്പെടുത്തിയ മാട്രിമോണിയൽ ഏജൻസിയുമായി ബന്ധപ്പെട്ടു. എന്നാൽ ഉടമ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാളിൽ നിന്ന് പണം ആവശ്യപ്പെടുകയാണുണ്ടായത്. ഇതിനിടെ മോണിക്കയുടെ തട്ടിപ്പിനിരയായ മറ്റൊരാളെയും ജുഗൽ പരിചയപ്പെട്ടിരുന്നു.
തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മോണിക്ക സ്ഥിരം തട്ടിപ്പുകാരിയാണെന്ന് വ്യക്തമായി. കഴിഞ്ഞ പത്ത് വർഷത്തിനിടെ എട്ടു വയോധികരെയാണ് ഇവര്‍ ഇത്തരത്തിൽ വിവാഹം ചെയ്ത് കബളിപ്പിച്ചതെന്നും എല്ലാ വിവാഹങ്ങളും ഖന്ന വിവാഹ കേന്ദ്ര വഴി തന്നെയാണ് നടന്നതെന്നും വ്യക്തമായി. സംഭവത്തിൽ മോണിക്ക, ഇവരുടെ കുടുംബം,മാട്രിമോണിയൽ ഏജൻസി തുടങ്ങിയവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആൾമാറാട്ടം നടത്തി തട്ടിപ്പ്, വഞ്ചന, മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടൽ, ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments