
ഹരിപ്പാട്: ഓണാവധിക്കിടെ ഹരിപ്പാട് കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് നാലരക്കിലോ സ്വര്‍ണവും നാലരലക്ഷം രൂപയും കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോങ് റൂമിന്റെ വാതില്‍ തകര്‍ത്ത് ലോക്കര്‍ മുറിച്ചുമാറ്റിയാണ് സ്വര്‍ണവും പണവും കവര്‍ന്നത്. ബാങ്കിനുള്ളില്‍ നിന്നും മൂന്ന് പാചകവാതക, ഓക്‌സിജന്‍ സിലിണ്ടറുകള്‍ കണ്ടെടുത്തിട്ടുണ്ട്.
ഓക്‌സിജനും എല്‍.പി.ജിയും പ്രത്യേക അനുപാതത്തില്‍ കലര്‍ത്തിയാണ് സ്‌ട്രോങ് റൂമിന്റെ വാതില്‍ മുറിക്കാന്‍ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. 85 വര്‍ഷത്തെ പഴക്കമുള്ള ബാങ്കാണ് കരുവാറ്റ സര്‍വീസ് സഹകരണ ബാങ്ക്. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഏറെ പഴക്കം ചെന്നതാണ്. മോഷണശേഷം മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷം ജനാലയിലൂടെയാണ് മോഷ്‌ടാക്കള്‍പുറത്തു കടന്നത്.
വാതില്‍ അടഞ്ഞുകിടന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ബാങ്കിലെ സി.സി. ടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കുകളും രണ്ടു കമ്പ്യൂട്ടറുകളും മോഷണം പോയിട്ടുണ്ട്. ടി.ബി. ജങ്‌ഷന് സമീപമുള്ള ബാങ്ക് ഓണത്തോടനുബന്ധിച്ചുള്ള അവധിക്കായി 28ന് ഉച്ചയോടെയാണ് അടച്ചത്. ഇന്നലെ രാവിലെ തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. മുന്‍വശത്തെ വാതില്‍, ഒരു ജനാല എന്നിവ പൊളിച്ച നിലയിലാണ്.
നഷ്‌ടമായ സ്വര്‍ണത്തിന് രണ്ടര കോടിയോളം രൂപ വില വരും. സ്വര്‍ണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളതിനാല്‍ ഇടപാടുകാര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, കായംകുളം ഡി.വൈ.എസ്.പി: അലക്‌സ്‌ബേബി, എസ്.എച്ച്.ഒ: ആര്‍.ഫയാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്‌ധര്‍, ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് വിദഗ്‌ധര്‍ എന്നിവരും എത്തിയിരുന്നു.
Post Your Comments