Latest NewsKeralaIndia

‘കസ്റ്റംസില്‍ കമ്യൂണിസ്റ്റ് വത്കരണം; തന്നെ വേട്ടയാടുന്നതിന്റെ കാരണം ഇത്’, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി അനില്‍ നമ്പ്യാർ

അനിൽ നമ്പ്യാറെ വിളിപ്പിച്ചത് കൊണ്ട് ഇനി എന്നെ ഷില്ലോംഗിലേക്ക് സ്ഥലം മാറ്റുമോയെന്ന് മുഖത്ത് നോക്കി പരിഹസിക്കാനും ദേവ് മറന്നില്ല.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി ജനം ടിവിയുടെ കോര്‍ഡിനേറ്റിങ് എഡിറ്ററായിരുന്നു അനില്‍ നമ്പ്യാർ. ശബരിമല യുവതീ പ്രവേശം, പൗരത്വ ഭേദഗതി നിയമം,ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളില്‍ ചാനലിനകത്തും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ നിലപാടെടുത്തത് തന്നെയാണ് ഒരു ‘കോള്‍’ വീണു കിട്ടിയപ്പോള്‍ എന്നെ ക്രൂരമായി അടിക്കാനുള്ള ആയുധമാക്കി ഇടതുപക്ഷം വിശിഷ്യാ സിപിഎമ്മും എസ്ഡിപിഐയും മാറ്റിയതെന്നും ജനം ടിവി ഓഹരി ഉടമകള്‍ക്ക് അയച്ച വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം:

“സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഒരു തവണ മൊബൈൽ ഫോണിൽ സംസാരിച്ചതിൻ്റെ പേരിൽ കേരളത്തിലെ ഇടതുപക്ഷവും പത്ര ദൃശ്യമാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വേട്ടയാടുകയും ക്രൂശിക്കുകയും ചെയ്യുന്ന ഒരു മാധ്യമ പ്രവർത്തകനാണ് ഞാൻ.

ഞാൻ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ഞാൻ ജനം ടിവി യുടെ ഭാഗമാണ് എന്നത് തന്നെ.ശബരിമല യുവതീ പ്രവേശം, പൗരത്വ ഭേദഗതി നിയമം, ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളിൽ ചാനലിനകത്തും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ നിലപാടെടുത്തത് തന്നെയാണ് ഒരു ‘കോൾ’ വീണു കിട്ടിയപ്പോൾ എന്നെ ക്രൂരമായി അടിക്കാനുള്ള ആയുധമാക്കി ഇടതുപക്ഷം വിശിഷ്യാ സിപിഎമ്മും എസ്ഡിപിഐയും മാറ്റിയത്.

ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിലും കാൽ നൂറ്റാണ്ട് കാലത്തോളമുള്ള പ്രവർത്തന പരിചയത്തിൻ്റെയും അടിസ്ഥാനത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ എനിക്കറിയാത്തവരായി ആരുമില്ല.സ്വഭാവ മഹിമ പുലർത്തുന്നവരോട് മാത്രമെ മാധ്യമപ്രവർത്തകർ ഇടപഴകാവൂയെന്ന് ഒരിടത്തും എഴുതി വെച്ചിട്ടില്ല. അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി പല വിവാദ വ്യക്തികളെയും എനിക്ക് പരിചയപ്പെടേണ്ടി വന്നിട്ടുണ്ട്. വാർത്താശേഖരണത്തിനുപകരിക്കും

വിധം അത്തരം സൗഹൃദങ്ങളെ നിലനിർത്തുന്നുവെന്നല്ലാതെ അവരുടെ ദുഷ്ചെയ്തികളെ ഇന്നേവരെ പ്രത്യക്ഷമായോ പരോക്ഷമായോ ഞാൻ അനുകൂലിക്കുകയോ അവരെ സ്വന്തം താത്പര്യത്തിനായുപയോഗിക്കുകയോ ചെയ്തിട്ടില്ല.പറഞ്ഞുവരുന്നത് വാർത്തയാണ് പ്രധാനം. അതിനോടുള്ള ആർത്തി ഒട്ടും കുറഞ്ഞിട്ടില്ല.

ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച വീട്ടിലിരിക്കുമ്പോഴാണ് തിരുവനന്തപുരം എയർ കാർഗോ വഴിയുള്ള സ്വർണ്ണക്കടത്ത് വാർത്ത ശ്രദ്ധയിൽ പെട്ടത്.ജനം ടിവി റിപ്പോർട്ടർ രശ്മി പത്മയും കാർഗോ കോംപ്ലക്സിന് മുന്നിൽ നിന്ന് തത്സമയം റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎഇ കോൺസുലേറ്റിലേക്ക് വന്ന നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്തിയെന്നതാണ് വാർത്തയ്ക്കാധാരം. കോൺസുലേറ്റുമായി ബന്ധപ്പെട്ട വാർത്തയായതിനാൽ കോൺസുൽ ജനറലിൻ്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെത്തന്നെ

വിളിക്കാമെന്ന് കരുതി. രണ്ട് വർഷം മുമ്പാണ് സ്വപ്നയെ പരിചയപ്പെട്ടത്.എൻ്റെ യുഎഇ റസിഡൻ്റ് വിസയുടെ കാലാവധി 2018 മെയ് മാസം അവസാനിച്ചു.ദുബായിൽ ഞങ്ങൾ സുഹൃത്തുക്കൾ തുടങ്ങിയ ഒരു ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയുടെ ഭാഗമായിട്ടാണ് എനിക്കും റസിഡൻ്റ് വിസ ലഭിച്ചത്.വിസ പുതുക്കാൻ ആറ് മാസത്തിലൊരിക്കൽ ദുബായിൽ പോകണം.ഇല്ലെങ്കിൽ അത്‌ റദ്ദാകും.

അവിടെ രണ്ട് സ്റ്റേജ് ഷോകൾ കമ്പനിയുടേതായി നടത്തിയെങ്കിലും ഒരു നയാപ്പൈസയുടെ ലാഭം പോലും കിട്ടാത്തതിനാൽ മൂന്ന് വർഷത്തിന് ശേഷം ലൈസൻസ് പുതുക്കിയില്ല.ആയിടയ്ക്കാണ് അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായത്.അദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ എടുക്കാൻ ദുബായിലോട്ട്

അടിയന്തരമായും പോകണമെന്ന് എംഡി പറഞ്ഞു.റസിഡൻ്റ് വിസാ കാലാവധി പൂർത്തിയായ ശേഷം പുതുക്കാത്തവർക്ക് വിസിറ്റ് വിസ അനുവദിക്കുമോ? സാങ്കേതിക പ്രശ്‌നങ്ങൾ തടസ്സമാകുമോ? അഥവാ ട്രാവൽ ഏജൻസി വഴി വിസ കിട്ടിയാലും എയർപോർട്ടിൽ പോയിറങ്ങിയാൽ അവരെങ്ങാനും പിടിച്ച് അകത്തിടുമോ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയാണ് യുഎഇ കോൺസുലേറ്റിലെത്തിയത്. അന്നത്തെ പി ആർ ഒ സരിത് വഴിയാണ് സ്വപ്നയെ ആദ്യമായി കാണുന്നത്.2018 ജൂൺ 21.അവരോട് നേരത്തെയുന്നയിച്ച ആശങ്ക പങ്കുവെക്കുന്നു.സ്വപ്ന കോൺസുൽ ജനറലിൻ്റെ മുറിയിൽ കൊണ്ടുപോയി

അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിക്കുന്നു.എൻ്റെ പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും പരിശോധിച്ച് അര മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കുന്നു.വിസിറ്റ് വിസ ഇഷ്യൂ ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല.

കാരണം എൻ്റെ പേരിൽ യുഎഇയിൽ ഒരു കേസില്ല.ഫിനാൻഷ്യൽ ലയബിലിറ്റിയുമില്ല.ഇത് വല്ലതുമുണ്ടെങ്കിൽ ആ കടമ്പകൾ മറികടക്കാതെ യുഎഇയിൽ കാല് കുത്താനാവില്ല.സ്വപ്ന നിർദ്ദേശിച്ചത് പോലെ തൊട്ടടുത്ത സ്റ്റുഡിയോയിൽ പോയി പാസ്പോർട്ട് സൈസ് ഫോട്ടോയെടുക്കുന്നു.

വിസ ഫോം ഫിൽ ചെയ്യുന്നു. വിസ ഫീയായി 8000 രൂപ അടക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ വിസ ലഭിക്കുന്നു.ജൂൺ 23 ന് ഞാൻ ദുബായിലേക്ക് പറക്കുകയും ചെയ്തു. (എൻ്റെ പേരിൽ യുഎഇയിൽ വഞ്ചനാ കേസുണ്ടായിരുന്നെന്നും യാത്രാവിലക്കുണ്ടായിരുന്നെന്നുമാണ് സ്വപ്നയുടെ മൊഴി.അത് മാറ്റിക്കൊടുത്തത് അവരാണത്രെ ! അതുവഴിയാണ് സൗഹൃദം തുടങ്ങിയതുമത്രെ ! രേഖകളുണ്ടല്ലോ. അവ കള്ളം പറയില്ലല്ലോ)

വിസ കൃത്യസമയത്ത് ശരിയാക്കിത്തന്നതിന് സ്വപ്നയോടുള്ള നന്ദി ഞാൻ വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തിയാൽ ഒരു ദിവസം കൂടാമെന്ന് അവർ പറയുകയും ചെയ്തു.അങ്ങനെയാണ് കോൺസുലേറ്റിൻ്റെ മീറ്റിംഗ് നടന്ന ഒരു രാത്രിയിൽ വഴുതയ്ക്കാട്ടെ താജ് വിവാന്ത ഹോട്ടലിലേക്ക് അവരെന്നെ ക്ഷണിച്ചത്.ഞാൻ ലോബിയിൽ കുറെ സമയം കാത്തിരുന്ന ശേഷമാണ്

ഹോട്ടലിന് അകത്തുള്ള മീറ്റിംഗ് ഹാളിൽ നിന്നും പുറത്തിറങ്ങിയ സ്വപ്നയെ കണ്ടത്. ലോബിയിൽ സ്വപ്നയുടെ മകനും കോൺസുലേറ്റിലെ ഒന്ന് രണ്ട് ജീവനക്കാരുമുണ്ടായിരുന്നു.അവരെ അവിടെത്തന്നെയിരുത്തിയാണ് ഞങ്ങൾ റസ്റ്റോറൻ്റിലേക്ക് പോയത്.കൗണ്ടറിലിരുന്ന് ബിയർ കഴിച്ചു.കൗണ്ടറിൽ ഒരു സ്ത്രീയുമായിരിക്കുന്നതിലെ അനൗചിത്യം ഞാൻ സ്വപ്നയോട് ചൂണ്ടിക്കാണിച്ചപ്പോൾ, TAJ is my second home.No issues എന്നായിരുന്നു

അവരുടെ പ്രതികരണം.ഹോട്ടൽ സ്റ്റാഫിൻ്റെ ഇടപെടലിൽ നിന്നും സ്വപ്ന പറഞ്ഞത് പൂർണ്ണമായും ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അവർക്ക് അത്രയ്ക്കും സ്വാതന്ത്ര്യം ഹോട്ടലിലുണ്ടായിരുന്നു. (ഈ അര മണിക്കൂർ സമയത്തിനുള്ളിൽ ബിജെപിയ്ക്ക് കോൺസുലേറ്റിൻ്റെ സഹായം ഞാൻ സ്വപ്ന വഴി തേടിയെന്നാണ് അവരുടെ മൊഴി ! കേന്ദ്രം ഭരിക്കുന്ന ഒരു പാർട്ടിക്ക് സ്വപ്‌നയിലൂടെ സഹായമഭ്യർത്ഥിക്കാൻ മാത്രം ഞാൻ മണ്ടനാണോ?

മാത്രമല്ല ജനം ടിവിക്ക് ബിജെപി യോടുള്ള ആഭിമുഖ്യത്തെപ്പറ്റി സ്വപ്നയ്ക്ക് ഇപ്പൊഴും അറിവുണ്ടോയെന്നതിലും എനിക്ക് സംശയമുണ്ട്.ഞങ്ങളുടെ സംസാരത്തിലോ വാട്സാപ്പ് സന്ദേശങ്ങളിലോ ഇന്നേവരെ ബിജെപി വന്നിട്ടില്ല. പ്രോട്ടോകോൾ അനുസരിച്ച് രാഷ്ട്രീയ ചർച്ച അനുവദനീയമല്ലെന്ന് സ്വപ്ന തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാൽ മൊഴിയിൽ ഒരിടത്ത്

‘ബിജെപി’ വരണമെന്ന് അവരിൽ സമ്മർദ്ദം ചെലുത്തി എഴുതിപ്പിച്ചവർക്ക് പ്രത്യേക താത്പര്യമുണ്ടാകുമല്ലോ.അത് മൊഴിയിൽ മനഃപൂർവ്വം തിരുകിക്കയറ്റിയെന്നല്ലാതെ വാസ്തവത്തിൻ്റെ ചെറിയൊരു കണിക പോലും സ്വപ്നയുടെ മൊഴിയിലില്ല) എൻ്റെ സുഹൃത്തായ നസിമുദ്ദീൻ്റെ ‘നവീൻ ഗ്രാനൈറ്റ്സ് ആൻ്റ് ടൈൽസ്’ എന്ന സ്ഥാപനത്തിൻ്റെ ശാസ്തമംഗലത്തെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യാൻ കോൺസുൽ ജനറലിനെ ക്ഷണിച്ചത് സ്വപ്ന വഴിയായിരുന്നു.

ആ ദിവസം ഹിസ് എക്സലൻസിക്ക് ഒരുപഹാരം സമ്മാനിക്കുകയും ചെയ്തു. ( ഈ മൊഴി സത്യസന്ധമാണ്. കൂട്ടിച്ചേർക്കലുകളില്ല) നസീമിൻ്റെ നേരത്തെയുള്ള സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്തത് മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും പി കെ കുഞ്ഞാലിക്കുട്ടിയും കടകംപള്ളി സുരേന്ദ്രനുമാണ്. കോൺസുൽ ജനറൽ ഉദ്ഘാടകനായ വേദിയിൽ സിപിഎം പ്രതിനിധി ഐ ബി സതീഷ് എംഎൽഎയും പാർട്ടി കാട്ടാക്കട ഏരിയ സെക്രട്ടറി സ്റ്റീഫനും അതിഥികളായിരുന്നു.

രണ്ട് പേരും നസീമുമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഇനിയാണ് ജൂലൈ 5 ന് ഉച്ചയ്ക്ക് 12 42 ന് ഞാൻ എൻ്റെ മൊബൈൽ ഫോണിൽ നിന്നും വിളിച്ച വിവാദ കോളിനെപ്പറ്റി പറയാനുള്ളത്. ഞായറാഴ്ചയായതിനാൽ ഞാൻ ഫ്ലാറ്റിലായിരുന്നു. നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത് എന്ന വാർത്ത ശ്രദ്ധയിൽ പെട്ടപ്പോൾ ആദ്യംവിളിച്ചത് കസ്റ്റംസിലെ ജയരാജിനെയായിരുന്നു.

വിഴിഞ്ഞത്ത് കോസ്റ്റ് ഗാർഡ് ഓഫീസിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന് കാർഗോ കോംപ്ലക്സിലെ കടത്തിനെപ്പറ്റി വലിയ ഗ്രാഹ്യമില്ലായിരുന്നു. തുടർന്നാണ് സ്വപ്നയെ വിളിച്ച് നയതന്ത്ര ബാഗേജിൻ്റെ പൊതു സ്വഭാവത്തെക്കുറിച്ചും സാധാരണ എന്തൊക്കെ സാധനങ്ങളാണ് അതുവഴി കൊണ്ടുവരാറുള്ളതെന്നും

സ്വർണ്ണം കൊണ്ടുവരാൻ നയതന്ത്ര പരിരക്ഷയനുവദിക്കുന്നുണ്ടോയെന്നും തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുന്നത്. ചിലതിനൊക്കെ സ്വപ്ന വ്യക്തമായ മറുപടി നൽകി.എന്നാൽ വന്ന ബാഗേജിൻ്റെ വിശദാംശങ്ങൾ അറിയില്ലെന്നാണ് പറഞ്ഞത്.എൻ്റെ വിളിയുടെ ഉദ്ദേശ്യം ഇതു സംബന്ധിച്ച കോൺസുൽ ജനറലിൻ്റെ ഒരു ഇൻ്റർവ്യൂ സംഘടിപ്പിക്കലായിരുന്നു.

സ്വപ്ന വിചാരിച്ചാൽ അത് അനായാസമായി നടക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.പക്ഷെ കോൺസുൽ ജനറൽ തിരുവനന്തപുരത്തില്ലെന്നും ദുബായിലാണെന്നും സ്വപ്ന പറഞ്ഞു. അങ്ങിനെയെങ്കിൽ ഈ വിഷയത്തിൽ അദ്ദേഹത്തിൻ്റേതായ ഒരു പ്രസ്സ് റിലീസ് അയച്ചുതരണമെന്നായി എൻ്റെ അപേക്ഷ. കോൺസുൽ ജനറലിനെ

ബന്ധപ്പെട്ട ശേഷം തിരിച്ചുവിളിക്കാമെന്ന് സ്വപ്ന ഉറപ്പു നൽകി.242 സെക്കൻ്റ് നീണ്ടു നിന്ന ഈ ഫോൺ സംഭാഷണത്തിൽ കുറച്ച് നേരം സ്വപ്ന excuse പറഞ്ഞ് എന്നെ ഹോൾഡ് ചെയ്യിച്ചിരുന്നു.അവർ മറ്റാരോടോ ആ നിമിഷങ്ങളിൽ സംസാരിച്ചതായി ഞാൻ മനസ്സിലാക്കുന്നു. കൃത്യം ഒരു മണിക്കൂർ കഴിഞ്ഞ് അവരെന്നെ തിരിച്ചുവിളിച്ചു.

അങ്ങനെയൊരു ഡിപ്ലോമാറ്റിക് ബാഗേജ് യുഎഇയിൽ നിന്നും അയച്ചിട്ടില്ലെന്നായിരുന്നു കോൺസുൽ ജനറലിൻ്റെ പ്രതികരണമെന്നറിയിച്ചു. ഇത് വാർത്തയായി കൊടുക്കട്ടെയെന്ന് ഞാൻ ചോദിച്ചു. കോൺസുൽ ജനറലിനെ ക്വാട്ട് ചെയ്യാതെ കൊടുത്തോളാൻ പറഞ്ഞു.

യുഎഇ ആയത് കൊണ്ട് വാർത്തയുടെ ആധികാരികതയ്ക്കായി ഞാൻ വീണ്ടും പ്രസ് റിലീസിൻ്റെ കാര്യം തിരക്കിയപ്പോൾ അതൊന്ന് ഡ്രാഫ്റ്റ് ചെയ്ത് കൊടുക്കാമോയെന്ന് ചോദിച്ചു.ഓക്കേയെന്ന് പറഞ്ഞ് ഒരു മിനിറ്റോളം നീണ്ട ഫോൺ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.

ഫോൺ കട്ടായപ്പോഴാണ് ഇവരെന്തിന് പ്രസ് റിലീസ് ഡ്രാഫ്റ്റ് ചെയ്ത് തരാമോയെന്ന് എന്നോട് ചോദിച്ചതിനെക്കുറിച്ച് ഞാൻ ആലോചിച്ചത്. കോൺസുലേറ്റിന് വേണ്ടി പത്രപ്രസ്താവന തയ്യാറാക്കലല്ലല്ലോ എൻ്റെ ജോലി. എൻ്റെ ഭാര്യയുടെയും മകൻ്റെയും സാന്നിദ്ധ്യത്തിൽ സ്പീക്കറിലിട്ടായിരുന്നു ഇതെല്ലാം സംസാരിച്ചത്.

(ഈ മൊഴിയിലും ട്വിസ്റ്റ് നടന്നു. കാർഗോ വഴി വന്നത് നയതന്ത്ര ബാഗേജല്ല പേഴ്സണൽ ബാഗേജാണെന്ന രീതിയിൽ കോൺസുൽ ജനറലിൻ്റെ പ്രസ്താവനയ്ക്കായി ഞാൻ നിർദ്ദേശിച്ചെന്നാണ് സ്വപ്നയുടെ മൊഴിയിലുള്ളത് !)എനിക്ക് മനസ്സിലാകാത്ത ഒന്ന് രണ്ട് കാര്യങ്ങൾ ഞാനിവിടെ കുറിക്കട്ടെ.

നയതന്ത്ര ബാഗേജിനെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ച ഞാൻ കാർഗോ വഴി വന്നത് പേഴ്സണൽ ബാഗേജാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്ന് സാമാന്യ ബോധമുള്ളവർ വിശ്വസിക്കുമോ? അങ്ങിനെയൊരു നിർദ്ദേശമോ ഇക്കാര്യത്തിൽ ഉപദേശമോ സ്വപ്ന എന്നോട് തേടിയിട്ടില്ല. തേടാത്ത സ്ഥിതിയ്ക്ക് ചാടിക്കേറി അഭിപ്രായം പറയാൻ ഞാൻ നയതന്ത്ര വിദഗ്ദ്ധനൊന്നുമല്ലല്ലോ !

മാത്രമല്ല, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് പോലുള്ള കൺസൾട്ടൻസികൾ കൈയിലുള്ളപ്പോൾ എന്നെപ്പോലുള്ള ഒരു എളിയ മാധ്യമപ്രവർത്തകൻ്റെ നിർദ്ദേശം അവർ ആരായേണ്ടതില്ലല്ലോ. ഞാൻ വിളിക്കുമ്പോൾ സ്വപ്ന സംശയത്തിൻ്റെ നിഴലിൽ പോലുമുണ്ടായിരുന്നില്ല. എനിക്ക് അവരുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിൽ ആ സമയത്ത് ഞാനവരെ വിളിക്കുമായിരുന്നോ? എൻ്റെ പേഴ്സണൽ നമ്പറിൽ നിന്നും വിളിച്ചത്

എനിക്കിക്കാര്യത്തിൽ ഒളിച്ചുവെക്കാനൊന്നുമില്ലെന്നതിൻ്റെ തെളിവ് കൂടിയാണ്. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണി വാർത്തയിൽ കോൺസുൽ ജനറലിൻ്റെ പ്രതികരണം ബ്രേക്കിംഗായി കാണിക്കുകയും ചെയ്തു.സ്വപ്നയെ വിളിച്ച കാര്യം ചീഫ് എഡിറ്റർ ജി കെ സുരേഷ് ബാബുവിനും ചീഫ് സബ് എഡിറ്റർ നിലിൻ കൃപാകരനും റിപ്പോർട്ടർ രശ്മി പത്മയ്ക്കും അറിയാം. അപ്പപ്പോൾ അവരെ ഞാൻ അപ്ഡേറ്റ് ചെയ്തിരുന്നു.

ഇനി വാദത്തിന് വേണ്ടി ഒരു കാര്യം ചോദിക്കട്ടെ.കാർഗോയിൽ എത്തിയത് നയതന്ത്ര ബാഗേജല്ല പേഴ്സണൽ ബാഗേജാണെന്ന രീതിയിൽ പ്രസ് റിലീസിറക്കാൻ ഞാൻ നിർദ്ദേശിച്ചെന്നാണല്ലോ സ്വപ്നയുടെ മൊഴി. അങ്ങനെ നിർദ്ദേശിക്കുകയാണെങ്കിൽ ആർക്കെന്ത് പ്രയോജമാണ് ലഭിക്കുക? നയതന്ത്ര ബാഗേജാണെങ്കിൽ പരിരക്ഷ കിട്ടും.

പേഴ്സണൽ ബാഗേജാണെങ്കിൽ പെടും. ഒരാൾ മറ്റൊരാളെ ഉപദേശിക്കുന്നതും നിർദ്ദേശങ്ങൾ  മുന്നോട്ട് വെക്കുന്നതും അയാളുടെ നന്മയ്ക്കായാണല്ലോ. കുഴിയിൽ ചാടിക്കാൻ ആരെങ്കിലും ഉപദേശിക്കുമോ?ഇനി നയതന്ത്ര ബാഗേജല്ല, പേഴ്സണൽ ബാഗേജാണെന്ന് ഞാനെങ്ങാനും പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ

രണ്ട് മണി വാർത്തയിൽ അതും സ്വാഭാവികമായി പ്രത്യക്ഷപ്പെടുമായിരുന്നല്ലോ? ജൂലൈ അഞ്ചിലെ രണ്ട് മണി വാർത്തയുടെ ഉള്ളടക്കം പരിശോധിച്ചാൽ സ്വപ്നയെ വിളിച്ചതെന്തിനായിരുന്നെന്ന് സാമാന്യ ബോധമുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാകും. സ്വപ്നയുടെ മൊഴിയിൽ ചില കൂട്ടിച്ചേർക്കലുകൾ ബോധപൂർവം നടന്നിട്ടുണ്ട്. അതവർ സ്വമേധയാ എഴുതിയതാണെന്ന് ഞാൻ കരുതുന്നില്ല.

എന്നെ കുടുക്കാൻ മാത്രം നമുക്കിടയിൽ വൈരാഗ്യമോ ശത്രുതയോ ഇല്ലാത്തതിനാൽ ബാഹ്യസമ്മർദ്ദത്തിന് വഴങ്ങിയാണ് ഈ കൂട്ടിച്ചേർക്കലെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു. അന്വേഷിച്ചപ്പോഴാണ് കസ്റ്റംസ് (പ്രിവൻ്റീവ്) സൂപ്രണ്ടായ സി പത്മരാജൻ എന്ന പത്മരാജൻ നമ്പ്യാരുടെ മേൽനോട്ടത്തിലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് മനസ്സിലായത്.

ആരാണ് പത്മരാജൻ? പഴയ എസ് എഫ് ഐക്കാരൻ. തലശ്ശേരി ബ്രണ്ണൻ കോളേജ് യൂണിയൻ മുൻ ചെയർമാൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ അടുത്ത ബന്ധു. കസ്റ്റംസിലെ സഖാവ്. ഇദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകളും വാട്സാപ്പ് സന്ദേശങ്ങളും പരിശോധിച്ചാൽ സിപിഎമ്മിനോടും പിണറായി വിജയനോടുമുള്ള വിധേയത്വം പ്രകടമാവും.

നരേന്ദ്രമോദിയെ പരിഹസിക്കുന്നു. യോഗയെ അധിക്ഷേപിക്കുന്നു. ചോറ് കേന്ദ്രത്തിലും കൂറ് എൽഡിഎഫ് സർക്കാരിലും. സ്വപ്നയുടേതായുള്ള 33 പേജ് മൊഴിപ്പകർപ്പിൽ എൻ്റെ പേര് പരാമർശിക്കുന്ന പേജുകൾ മാത്രം എങ്ങനെ പുറത്തായി? ആര് ചോർത്തി? എന്തായിരുന്നു അതിന് പിന്നിലെ അജണ്ട? മറ്റ് പേജുകൾ എന്തുകൊണ്ട് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തില്ല?

ഞാൻ വഴി ജനം ടിവിയെയും ബിജെപിയെയും അധിക്ഷേപിക്കലും അപകീർത്തിപ്പെടുത്തലുമായിരുന്നു ഉദ്ദേശ്യം. സ്വർണ്ണക്കടത്തിൽ ബിജെപിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കലായിരുന്നു ഈ വൃത്തികെട്ട നീക്കം കൊണ്ടുദ്ദേശിച്ചത്. പക്ഷെ അമിതാവേശം അവർക്ക് തന്നെ വിനയായി. അന്വേഷണ സംഘത്തിൽ നിന്നും എൻ്റെ മൊഴി രേഖപ്പെടുത്തിയ അസിസ്റ്റൻ്റ് കമ്മീഷണർ എൻ എസ് ദേവ് തെറിച്ചു.

ഇദ്ദേഹമാണ് എന്നെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്ന വാർത്ത സമയവും തീയ്യതിയും സഹിതം മാധ്യമങ്ങളെ അറിയിച്ചത്. എൻ്റെ മൊഴി രേഖപ്പെടുത്തുമ്പോൾ തന്നെ മാധ്യമങ്ങൾക്ക് തത്സമയ വിവരം നൽകി. എൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷവും പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ പ്രചരിപ്പിച്ചു. അനിൽ നമ്പ്യാറെ വിളിപ്പിച്ചത് കൊണ്ട് ഇനി എന്നെ ഷില്ലോംഗിലേക്ക് സ്ഥലം മാറ്റുമോയെന്ന് മുഖത്ത് നോക്കി പരിഹസിക്കാനും ദേവ് മറന്നില്ല.

നേരത്തെ ട്രാൻസ്ഫർ ചെയ്യപ്പെട്ട ജോ കമ്മീഷണർ അനീഷ് രാജൻ്റെ വലംകൈയാണ് ദേവും പത്മരാജനും. സ്വർണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം വഴിതിരിച്ചുവിട്ട് അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ തയ്യാറാക്കിയ തിരക്കഥയാണ് പൊളിഞ്ഞത്. അതിന് ഞാനൊരു നിമിത്തമായി.ഇല്ലെങ്കിൽ അന്വേഷണം എങ്ങുമെത്തില്ലായിരുന്നു.

കസ്റ്റംസിലെ കമ്മികൾ അന്വേഷണം മുന്നോട്ട് കൊണ്ടുപോയിരുന്നെങ്കിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കും ശിവശങ്കറിനും ക്ലീൻ ചിറ്റ് നൽകുമായിരുന്നു. എന്നെപ്പോലുള്ള നിരപരാധികളെ കുരുക്കുകയും ചെയ്യും. എന്ത് തെറ്റാണ് ഞാൻ ചെയ്തത്? സ്വപ്നയെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരേ ഒരു തവണ വിളിച്ചതാണോ? ഞാൻ മാത്രമാണോ സ്വപ്നയെ വിളിച്ച ഏക മാധ്യമ പ്രവർത്തകൻ?

സ്വപ്ന ഒളിവിൽ കഴിഞ്ഞപ്പോൾ തയ്യാറാക്കിയ ശബ്ദരേഖ എങ്ങനെ 24 ന്യൂസിൽ മാത്രമെത്തി ? ആര് എത്തിച്ചു? പിണറായിയെയും സർക്കാരിനെയും സ്തുതിക്കുന്ന സ്ക്രിപ്റ്റ് സ്വപ്നയ്ക്ക് ആരെഴുതി നൽകി? സ്വപ്നയെ ബെങ്കളുരുവിലേക്ക് ഒളിച്ചു കടത്തിയതാര്? യാത്രാമധ്യേ കേരളത്തിൽ ഒളിസങ്കേതങ്ങളൊരുക്കിയതാര്?

സ്വപ്നയെ വിളിച്ച വിഐപികൾ ആരൊക്കെ? സ്വപ്നയുടെ തോളിൽ തട്ടിയവനുംപാതിരാത്രി തൊട്ട് പുലരുവോളം ഫോണിൽ വിളിച്ചവർക്കും മാനസിക സമ്മർദ്ദം തീർക്കാൻ ഫ്ലാറ്റിൽ പോയവർക്കും ഒരു കുഴപ്പവുമില്ല. വാർത്തയ്ക്കായി ഒരേ ഒരു തവണ വിളിച്ച ഞാനാണിപ്പോൾ സ്വർണ്ണക്കടത്ത് സംഘത്തലവൻ ! രാജ്യദ്രോഹി! കുലംകുത്തി! വിമർശിച്ചും അധിക്ഷേപിച്ചും പരിഹസിച്ചും എന്നെ കൊല്ലാക്കൊല ചെയ്യുകയാണ്.

ഒരു ധർമ്മസമരത്തിൽ നിങ്ങളുടെ പ്രസ്ഥാനത്തിൻ്റെ മുന്നണിപ്പോരാളിയായതിനാണ് എന്നെയിന്ന് പിണറായിയും ടീമുംവേട്ടയാടുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ കസ്റ്റംസിനെ പോലുംഉള്ളം കൈയിൽ കൊണ്ട് നടക്കാൻ പിണറായിക്ക് അനായാസം സാധിക്കുന്നു! ഈ രാഷ്ട്രീയ ഇടപെടലുകളും അന്വേഷണം വഴിതിരിച്ചുവിടാനുളള സംഘടിത നീക്കങ്ങളും കുതന്ത്രങ്ങളും പരാജയപ്പെടുത്തിയേ മതിയാവൂ.

ഇന്ന് ഞാനാണിര. നാളെ നിങ്ങളിൽ ആരെങ്കിലുമാവാം. അതിനാൽ എനിക്ക് നീതിയുറപ്പാക്കാൻ അധികാരത്തിലിരിക്കുന്നവർ തന്നെ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നെ ഈ വേട്ടപ്പട്ടികളുടെ നടുവിലേക്ക് തള്ളിവിടരുത്. ആത്മാഭിമാനം മാത്രമാണ് സമ്പാദ്യം. മരിക്കും വരെ അതെങ്കിലും നിലനിർത്താൻ അക്ഷരാർത്ഥത്തിൽ ഞാൻ നിങ്ങളോരോരുത്തരുടെയും കരുണയ്ക്കായി യാചിക്കുകയാണ്.

എനിക്ക് വേണ്ടി ഒപ്പ് ശേഖരണത്തിന് സാംസ്കാരിക നായകരുണ്ടാവില്ല. മാധ്യമസ്വാതന്ത്ര്യത്തിനും ആവിഷ്കാര പൂർണ്ണതയ്ക്കുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ആരുമുണ്ടാവില്ലെന്ന തിരിച്ചറിവ് കൂടിയാണ് ഈ കുറിപ്പിനാധാരം. സദയം പരിഗണിക്കുക.”

shortlink

Related Articles

Post Your Comments

Related Articles


Back to top button