ന്യൂഡല്‍ഹി: രാജ്യത്ത് മെട്രോ സര്‍വീസുകള്‍ പുനരാരംഭിയ്ക്കുന്നു. സെപ്റ്റംബര്‍ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്നവരെല്ലാം തെര്‍മല്‍ സ്‌ക്രീനിംഗിനു വിധേയരാകണമെന്നും രോഗ ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹിക അകലം ഉറപ്പാക്കണം. തിരക്ക് ഒഴിവാക്കുന്ന വിധത്തിലാണ് സര്‍വീസുകള്‍ പുനഃക്രമീകരിക്കേണ്ടത്. പ്ലാറ്റ്‌ഫോമുകളിലും ലിഫ്റ്റുകളിലും എസ്‌കലേറ്ററുകളിലും സാമൂഹിക അകലം നിര്‍ബന്ധമാണ്. സീറ്റുകള്‍ ഇടവിട്ട് ഒഴിച്ചിടും. മാസ്‌ക്ക് ഇല്ലാത്തവര്‍ക്കായി പണം നല്‍കി മാസ്‌ക് വാങ്ങാന്‍ മെട്രോ സ്റ്റേഷനുകളില്‍ സൗകര്യമൊരുക്കുമെന്നും കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. യാത്രക്കാരെ പ്രവേശന കവാടത്തില്‍ തന്നെ തെര്‍മല്‍ സ്‌കാനിംഗിനു വിധേയരാക്കും. തെര്‍മല്‍ സ്‌കാനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ആശുപത്രിയിലേക്കു പോകാന്‍ നിര്‍ദേശം നല്‍കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
രാജ്യത്തെ പതിനഞ്ച് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടറുമാരുമായി കൂടിയാലോചിച്ചാണ് മാര്‍ഗരേഖ തയാറാക്കിയത്.
Post Your Comments