![covid](/wp-content/uploads/2020/07/kerala-covid-19-status.jpg)
ദില്ലി : കോവിഡ് -19 കണ്ടെത്തുന്നതിനുള്ള പ്രതിദിന കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലെന്ന് ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനുള്ളില്‍ 11,72,179 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇത് ഒരു റെക്കോര്‍ഡാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്ത് നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 4,55,09,380 ആയി ഉയര്‍ന്നു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് ടെസ്റ്റ് നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അടിവരയിട്ടു പറഞ്ഞു. ഉയര്‍ന്ന ടെസ്റ്റിംഗ് നമ്പറുകള്‍ പിന്നീട് പോസിറ്റീവ് നിരക്ക് കുറയ്ക്കുന്നതിന് കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഭൂതപൂര്‍വമായ കോവിഡ് പരിശോധനയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. 24 മണിക്കൂറിനുള്ളില്‍ 11.7 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തി,” മന്ത്രാലയം അറിയിച്ചു.
ജനുവരി 30 ന് പ്രതിദിനം വെറും 10 ടെസ്റ്റുകള്‍ നടത്തുന്നതില്‍ നിന്ന്, പ്രതിദിന ശരാശരി 11 ലക്ഷത്തിലധികം കടന്നതായി മന്ത്രാലയം വ്യക്തമാക്കുന്നു. ഇത് രാജ്യത്ത് ദിവസേനയുള്ള കോവിഡ് പരിശോധനയില്‍ ഗണ്യമായ വര്‍ദ്ധനവാണ് കാണിക്കുന്നത്.
‘കോവിഡ് വ്യാപകമായ പ്രദേശങ്ങളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരം ഉയര്‍ന്ന തോതിലുള്ള പരിശോധന നേരത്തെയുള്ള രോഗനിര്‍ണയത്തിന് സഹായകമാകുന്നു. കൂടാതെ ക്വാറന്റൈനില്‍ പോകാനും ചികിത്സ തേടാനും ഇത് സഹായിക്കുന്നു. മാത്രവുമല്ല മരണനിരക്ക് കുറയ്ക്കുന്നതിലേക്കും ഇത് നയിക്കുന്നു,’ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 1.75 ശതമാനമായി കുറഞ്ഞു, ദേശീയ രോഗമുക്തി നിരക്ക് 77.09 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് 8,15,538 സജീവമായ കോവിഡ് കേസുകളുണ്ട്. രാജ്യത്തുടനീളമുള്ള ടെസ്റ്റിംഗ് ലാബ് ശൃംഖലയില്‍ ഒരുപോലെ വേഗത്തിലുള്ള വ്യാപനമാണ് ടെസ്റ്റിംഗിലെ കുതിപ്പ് സാധ്യമാക്കിയത്. രാജ്യത്ത് 1,623 ലാബുകളാണ് ഉള്ളത് സര്‍ക്കാര്‍ മേഖലയില്‍ 1,022 ലാബുകളും 601 സ്വകാര്യ ലാബുകളും.
Post Your Comments