ന്യൂയോർക്ക് : മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയെ തുടർന്ന് മുൻ യുഎൻ ഉദ്യോഗസ്ഥനെതിരെ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസെടുത്തു. ഇറാഖിൽ ടെലികമ്മ്യൂണിക്കേഷൻ സ്പെഷലിസ്റ്റായി പ്രവർത്തിച്ച കരിം എൽകൊറാനിക്കെതിരെയാണ് എഫ്ബിഐ കേസെടുത്തത്.
37കാരനായ എൽകൊറാനി 2018 ആദ്യം യുഎന്നിൽ നിന്ന് രാജിവെച്ചിരുന്നു. 2016ൽ ഇറാഖിൽ ജോലി നോക്കവെ മദ്യത്തിൽ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടർന്ന് എഫ്ബിഐ അധികൃതർ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു രാജി. യുവതിയുമായി പരിചയമുണ്ടായിരുന്നുവെങ്കിലും മയക്ക് മരുന്ന് നൽകി ബലാത്സംഗം ചെയ്തുവെന്ന അവരുടെ വാദം എൽകൊറാനി നിഷേധിച്ചിരുന്നു.
2009 മുതൽ സമാനമായ രീതിയിൽ എൽകൊറാനി കുറഞ്ഞത് അഞ്ച് സ്ത്രീകളെയെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി കുറ്റപത്രത്തിൽ പറയുന്നു. എല്ലാവരെയും മദ്യത്തിൽ ലഹരി കലർത്തി നൽകി അബോധാവസ്ഥയിലാക്കിയശേഷമായിരുന്നു ബലാത്സംഗം ചെയ്തതെന്നും അധികൃതർ പറയുന്നു. അതേസമയം കുറ്റങ്ങളെല്ലാം എൽകൊറാനിയുടെ അഭിഭാഷകൻ നിഷേധിച്ചു.
ഐക്യരാഷ്ട്രസഭയുടെ വികസനവും വിദേശകാര്യബന്ധവുമായി ബന്ധപ്പെട്ട ദൗത്യത്തിലും എൽകൊറാനി പങ്കാളിയായിരുന്നു. അതിന് മുൻപ് ഇറാഖിലെ കുട്ടികൾക്കായുള്ള യുഎൻ ധനസമാഹരണ ദൗത്യത്തിലും ജോലി ചെയ്തിരുന്നു.
Post Your Comments