തിരുവനന്തപുരം : സ്വപ്നാ സുരേഷിനെ സംസ്ഥാന പൊലീസും അറസ്റ്റ് ചെയ്യും. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിന് കീഴിലെ സ്പേയ്സ് പാര്‍ക്കില്‍ ജോലി നേടിയ കേസിലാണ് അറസ്റ്റ്. കാക്കനാട് ജയിലിലെത്തി കന്റോണ്‍മെന്റ് പൊലീസാണ് സ്വപ്നാ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുക.
ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിൽ ഓപറേഷൻ മാനേജറായി ജോലി നേടാനാണ് സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അബദ്കർ സാങ്കേതിക സർവകലാശാലയിൽ നിന്നും ബി.കോമിൽ ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റായിരുന്നു നൽകിയിരുന്നത്.
എന്നാൽ, സർവകലാശാല ബി.കോം കോഴ്സ് നടത്തുന്നിലെന്നും സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാർത്ഥിനി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല രജിസ്ട്രാർ രേഖാമൂലം അറിയിച്ചു. ഇതോടെയാണ് സ്വപ്നയെ വ്യാജ സർട്ടിഫിക്കറ്റിൽ പ്രതി ചേർത്തതും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. സ്വപ്നയെ കസ്റ്റഡിയിലെടുക്കാൻ ഉടൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
Post Your Comments