ജാര്‍ഖണ്ഡ് : സിഗരറ്റ് കൊണ്ട് പൊള്ളിച്ച് തല തകര്‍ത്ത് കൈ വെട്ടിമാറ്റിയ നിലയില്‍ നിലയില്‍ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ അഞ്ച് വയസുകാരിയുടെ രണ്ടാനച്ഛന്‍ ഉള്‍പ്പെടെ നാലുപേരെ ജാര്‍ഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്തില്‍ അടയാളങ്ങളുണ്ടെന്നും തല കല്ലുകൊണ്ട് അടിച്ചു തകര്‍ത്തതായും ശരീരത്തില്‍ നിരവധി സിഗരറ്റ് പൊള്ളലേറ്റതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ജംഷദ്പൂരിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് ഡോ. എം. തമിഴ് വാനന്‍ പറഞ്ഞു. ജംഷദ്പൂരിലെ സോനാരി പ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് സുബര്‍ണരേഖ നദീതീരത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. പെണ്‍കുട്ടിയെ തിങ്കളാഴ്ച വൈകുന്നേരമാണ് വീട്ടില്‍ നിന്ന് കാണാതായത്.
പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ സുപ്രിയോ ഘോഷിനെയും മൂന്ന് സുഹൃത്തുക്കളെയും കൂടാതെ മറ്റ് 10-12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 25 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് മുമ്പ് ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് തമിഴ് വാനന്‍ പറഞ്ഞു. ജംഷദ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സൂരജ് കുമാറിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയത്.
അതേസമയം, കപാലി ബസ്തിയില്‍ നിന്നുള്ള പ്രകോപിതരായ ജനക്കൂട്ടം പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഉഷാ യാദവിന്റെ നേതൃത്വത്തില്‍ സോണാരി പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയും ചെയ്തു.
Post Your Comments