മുംബൈ: നരേന്ദ്ര മോദിയോട് നേര്‍ക്കുനേര്‍ നില്ക്കാന് കോണ്‍ഗ്രസ്സില്‍ ഇന്നും ഒരു നേതാവില്ലെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത്. ശിവസേന മുഖപത്രമായ സാമ്നയിലെ തന്റെ പ്രതിവാര പംക്തിയിലാണ് റാവത്ത് ഈ അഭിപ്രായപ്രകടനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാ അര്‍ത്ഥത്തിലും നേരിടാന്‍ സാധിക്കുന്ന ഒരു നേതാവിന്റെ കുറവ് ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടെന്ന് റാവത്ത് പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ശിവസേന കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധിയില്‍ പ്രതികരിക്കുന്നത്.
കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തിലും ശിവസേന നിലപാട് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി ചുമതല ഏറ്റെടുക്കുന്നതില്‍ നിന്നും തടഞ്ഞാല്‍ അത് കോണ്‍ഗ്രസ്സിന്റെ വംശനാശത്തിന് കാരണമാകുമെന്ന് സാമ്നയില്‍ പറയുന്നു. നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ വരിക എന്ന ആശയം നല്ലതാണ്. എന്നാല്‍ വിഷയത്തില്‍ സോണിയ ഗാന്ധിക്ക് കത്തയച്ച ആ 23 പേരില്‍ ഒരാള്‍ പോലും അതിന് യോഗ്യനല്ലെന്നും ശിവസേന പരിഹസിക്കുന്നു.
രാഹുലിന്റെ തിരിച്ചുവരവ് സജീവമായി തന്നെ തടയുന്നത് പാര്‍ട്ടിയുടെ തകര്‍ച്ച എളുപ്പത്തിലാകും. അതിലൂടെ വംശനാശം തന്നെ കോണ്‍ഗ്രസിന് സംഭവിക്കുമെന്ന് റാവത്ത് മുന്നറിയിപ്പ് നല്കി.കോണ്‍ഗ്രസ് ഇപ്പോഴും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യമായി ഉണ്ട്. പക്ഷേ വിവിധ മുഖംമൂടികള്‍ ധരിച്ചാണ് ഇവരുടെ നില്‍പ്പ്. ഈ മുഖംമൂടികള്‍ വലിച്ചെറിഞ്ഞാല്‍, ആ പാര്‍ട്ടി അതിശക്തമായി തിരിച്ചുവരുമെന്നും റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസ് മാറേണ്ട സമയമായെന്നും, കാരണം രാജ്യത്തിന് ഇപ്പോള്‍ ശക്തമായൊരു പ്രതിപക്ഷ പാര്‍ട്ടിയെ ആവശ്യമുണ്ടെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ സാധിക്കും. അദ്ദേഹത്തിന് എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വീകാര്യതയുണ്ടെന്നും റാവത്ത് പറഞ്ഞു. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ പൂര്‍ണമായും എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെന്ന് റാവത്ത് പറഞ്ഞു.
Post Your Comments