ഏറെ നാളായി കാത്തിരുന്നിട്ടും പിഎസ്‌സി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് അനു എന്ന ഉദ്യോഗാര്ത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയും പിഎസ്‌സിയുടെ പിടിപ്പുകേടുമാണ് വ്യക്തമാക്കുന്നതെന്ന ആരോപണവുമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. പോസ്റ്റിന്റെ പൂർണ്ണ രൂപം: അനുവിന്റെ മരണം പിഎസ്‌സിയുടെ പിടിപ്പുകേട് മൂലം.
ഏറെ നാളായി കാത്തിരുന്നിട്ടും പിഎസ്‌സി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് അനു എന്ന ഉദ്യോഗാര്ത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയും പിഎസ്‌സിയുടെ പിടിപ്പുകേടുമാണ് വ്യക്തമാക്കുന്നത്.
എതിർ ശബ്ദം ഉയർത്തുന്നവരുടെ നാവരിയുമെന്ന് ഭീഷണിപ്പെടുത്തുന്ന പിഎസ്‌സി, റാങ്ക് ലിസ്റ്റിൽപെട്ടവരുടെ മനുഷ്യാവകാശമാണ് പിച്ചിച്ചീന്തുന്നത്.
കൺസൾട്ടൻസി കരാറുകൾ വഴിയും പിൻവാതിലിലൂടെയും ആയിരക്കണക്കിന് പേർക്ക് തൊഴിൽ നൽകി. സ്വന്തം പാർട്ടിക്കാരായവർക്ക് സർക്കാർ ജോലി തീറെഴുതികൊടുക്കുകയാണ്. തൊഴിൽ രഹിതരായ യുവാക്കളുടെ ഭാവിയെ നശിപ്പിക്കുന്ന ഈ നടപടി ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.
വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി ഉദ്യോഗാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാൻ നടപടി സ്വീകരിക്കേണ്ടതിന് പകരം അവരെ ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും സ്വന്തം തെറ്റുകൾ മറച്ചുവെക്കാമെന്ന് പിഎസ്‌സി കരുതേണ്ട.
ആത്മഹത്യയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ബോധ്യപ്പെട്ട അനു എന്ന യുവാവ് അനുഭവിച്ച മനോദുഃഖവും നൈരാശ്യവും ലക്ഷക്കണക്കായ
റാങ്ക് ഹോൾഡേഴ്സിനെ വലിയൊരു മാനസിക വിക്ഷോഭത്തിലേക്കും പിരിമുറുക്കത്തിലേക്കുമാണ് നയിക്കുന്നത്.
ഹൈദരാബാദിലെ വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദുർവിനിയോഗം ചെയ്ത സിപിഎം, അനുവിന്റെ ആത്മഹത്യയെ എങ്ങനെ വിശദീകരിക്കുമെന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്.
കൃത്രിമം കാട്ടി പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ ശിവരഞ്ജിതും, 28 ആം റാങ്ക് കിട്ടിയ എ.എൻ നസീമും മാന്യന്മാരായി പാർട്ടിയുടെ പരിരക്ഷയിൽ വിലസുമ്പോൾ അത്യധ്വാനം ചെയ്ത് പഠിച്ച് ഉന്നത റാങ്കിലെത്തിയ പാവപ്പെട്ട ഉദ്യോഗാർത്ഥികൾ ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന നിഗമനത്തിലെത്തുകയാണ്.
നാട്ടിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെയും സാമൂഹ്യവ്യവസ്ഥിതിയുടെയും നേർക്കാഴ്ചയാണിത്.
Post Your Comments