KeralaLatest NewsIndia

പഴമയിലേക്ക് പോയ ഓണ പൂക്കളം, കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളികള്‍ക്ക് ഇന്ന് ഉത്രാടപാച്ചില്‍

തിരുവനന്തപുരം: കൊവിഡ് ഭീതിയ്ക്കും നിയന്ത്രണങ്ങള്‍ക്കുമിടെ മലയാളിയ്ക്കിന്ന് ഉത്രാടപ്പാച്ചില്‍. ഓര്‍മകളുടെ സമൃദ്ധിയില്‍ ഓണം ആഘോഷിക്കുകയാണ് മലയാളികള്‍. നൂറ്റാണ്ടിലെ തന്നെ മഹാമാരിയില്‍ ലോകം പകച്ചു നില്‍ക്കുമ്പോഴും, മുന്നോട്ടോടാന്‍ പ്രേരിപ്പിക്കുകയാണ് ഈ ഓണക്കാലവും. ഗൃഹാതുരസ്മരണകളുടെ തിരയിളക്കമാണ് മലയാളിക്കെന്നും ഓണം. തൊടികളില്‍ നിന്നെത്തി, തിരുമുറ്റത്ത് വട്ടത്തിലൊന്നു ചേരുന്ന പൂക്കളം പോലെ, പത്തുനാള്‍ നമ്മള്‍ ധന്യസ്മരണകളുടെ നൊമ്പരകൂടണയും.

തിരുവോണത്തിനുള്ള ചിട്ടവട്ടങ്ങളൊരുക്കാന്‍ സാധാരണ മലയാളി, ഉത്രാടത്തിന് രാവിലെ മുതല്‍ നഗരങ്ങളിലിറങ്ങുകയാണ് പതിവ്. പിന്നെ ഓണക്കോടിയും ഓണസദ്യയും, പൂക്കളും ഓണത്തപ്പനുമൊക്കെയായി ആഘോഷത്തോടെയുള്ള മടക്കം. എന്നാല്‍ ഇത്തവണ സാമൂഹ്യഅകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച്‌ വേണം വ്യാപാര കേന്ദ്രങ്ങളിലെത്താന്‍. അതുകൊണ്ട് തന്നെ നാടും നഗരവും സാധാരണയുള്ള ഉത്രാടപാച്ചിലിന്‍റെ പകിട്ടിലേക്ക് ഉയരാനിടയില്ല.

കോവിഡ് ആശങ്കയുള്ളതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് കുറവാണ്. കടകളിലേക്ക് കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിന് കച്ചവടം പൊടിപൊടിക്കാറുള്ള പൂ വിപണിയും ഇത്തവണ കാര്യമായ ചലനമുണ്ടാക്കിയില്ല. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയുടെ കാലത്ത് ഓണാഘോഷം മിക്കയിടങ്ങളിലും പഴമയിലേക്ക് തിരിച്ച്‌ പോകുകയാണ്. കുട്ടികളൊരുമിച്ച്‌ തൊടികളില്‍ നിന്ന് നാട്ടുപൂക്കള്‍ പറിച്ചും പൂക്കളമിട്ടും വീട്ട് മുറ്റങ്ങളില്‍ ഒത്ത് കൂടിയുമൊക്കെയാണ് ഓണാഘോഷം.

രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാവും ഇന്ന് വ്യപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെമ്പാടും നിയന്ത്രണങ്ങള്‍ കര്‍ശനമായിപാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസുകാരും ഇറങ്ങിയിട്ടുണ്ട്.പ്രതിസന്ധികളെ അതിജീവിച്ച്‌ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ നാളുകള്‍ക്കായുള്ള പ്രതീക്ഷയാണ് ഈ ഓണക്കാലം പകരുന്നത്.

ഇത്തവണ അന്യനാട്ടില്‍ നിന്ന് വണ്ടികയറി പൂക്കളെത്തിയില്ല. ഇതോടെ തൊടിയില്‍ അലങ്കാരമായി വിരിഞ്ഞ പൂക്കള്‍ തേടി കുട്ടികള്‍ ഇറങ്ങി. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പൂക്കളുമായാണ് കുട്ടികള്‍ മടങ്ങിയത്. ഇത്തവണ മണ്ണിന്റെ മണമുള്ള ഓണമാണ്. എല്ലാം മറന്ന് പരസ്പരം അടുക്കാന്‍ പഠിപ്പിച്ച ഓണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button